കൊല്ലം: കൊട്ടാരക്കര നീലേശ്വരത്ത് മണ്ണു കയറ്റി വന്ന ടിപ്പർ ലോറി ബസ് സ്റ്റോപ്പിലിടിച്ചു മറിഞ്ഞ് അപകടം. മൂന്ന് പേർക്ക് ദാരുണാന്ത്യം. മരിച്ചവരെ തിരിച്ചറിഞ്ഞു. കുടവട്ടൂർ ലക്ഷ്മി കോട്ടേജ് ഹരിലാൽ (54), കാർമൽ സ്കൂൾ വിദ്യാർഥി പാർഥിപ്(15). അജയ കുമാർ (45) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ്. പരിക്കേറ്റ വിദ്യാർഥികളുടെയും ടിപ്പർ ഡ്രൈവറുടെയും നില നിസാരമാണെന്നാണ് വിവരം.
സ്കൂളിൽ പോകാൻ ബസ് കാത്തുനിന്ന കുട്ടികൾക്കിടയിലേക്കാണ് ടിപ്പർ മറിഞ്ഞത്. മണ്ണിനടിയിൽ പെട്ട ആളുകളെ മുഴുവൻ രക്ഷപ്പെടുത്തിയെന്നാണ് ലഭിക്കുന്ന വിവരം. ബസ് സ്റ്റോപ്പിൽ ഏഴോളം വിദ്യാർഥികളും ഒരു മുതിർന്ന ആളും ബസ് സ്റ്റോപ്പിലുണ്ടായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ടിപ്പർ അതിവേഗത്തിലായിരുന്നു. മറിഞ്ഞത് ഭാരം കയറ്റിയ വാഹനമായതിനാൽ രക്ഷാപ്രവർത്തനം ശ്രമകരമാണ്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തുന്നത്. കൂടുതൽ പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടോ എന്ന് തെരച്ചിൽ നടത്തി വരികയാണ്. വാഹനം പൂർണമായും തകർന്ന നിലയിലാണ്. സമീപത്തുണ്ടായിരുന്ന ബൈക്കിലിടിച്ച ശേഷമാണ് ടിപ്പർ മറിഞ്ഞതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തെ കുറിച്ച് കൂടുതൽ സ്ഥിരീകരിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.