കൊച്ചി: ഒരു കരട് രേഖപോലുമില്ലാത്ത ഏക വ്യക്തി നിയമം സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയാണെന്ന് പറയുന്നത് മനസ്സിലാകുന്നില്ലെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗവും ദേശീയ മഹിള ഫെഡറേഷൻ സെക്രട്ടറിയുമായ ആനി രാജ. വിഭാഗീയതയിലൂടെ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്ന നിലപാടിൽനിന്ന് കേന്ദ്രം പിന്മാറണം. ഒരു അഭിപ്രായവും സ്വീകരിക്കാതെ ഏക വ്യക്തി നിയമമെന്ന ചർച്ച ഉയർത്തിപ്പിടിക്കുന്നത് 2024ലെ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്.
അധികാരം നിലനിർത്താനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഇന്ത്യയിലെ സ്ത്രീകൾ യുദ്ധസമാനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. സ്ത്രീപക്ഷ നിയമങ്ങൾ ചവറ്റുകൊട്ടയിലാകുന്നു. ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികളെ മോചിപ്പിച്ചതും ഗുസ്തി താരങ്ങളോട് കാണിച്ച അനീതിയും ഇതിന് ഉദാഹരണങ്ങളാണ്.
മണിപ്പൂർ കത്തുമ്പോഴാണ് ഏക വ്യക്തി നിയമത്തെക്കുറിച്ച് ചർച്ചയുമായി വരുന്നത്. ഫാഷിസ്റ്റ് അജണ്ടയുമായാണ് കേന്ദ്രം മുന്നോട്ടുപോകുന്നത്. മണിപ്പൂരിൽ നടക്കുന്നത് ഭരണകൂടം ആസൂത്രണം ചെയ്ത കലാപമാണ്. കഴിഞ്ഞ ജനുവരി മുതൽതന്നെ അവിടെ സ്പർധ വളർത്താനുള്ള ശ്രമം നടന്നു. ക്രൈസ്തവ ദേവാലയങ്ങൾ തകർക്കപ്പെട്ടു. കലാപത്തിന് സാധ്യതയെന്ന ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും മുൻകരുതൽ സ്വീകരിച്ചില്ല. കലാപം ശമിപ്പിക്കാനുള്ള സമാധാനശ്രമങ്ങളൊന്നും നടക്കുന്നില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാടുകൾ ഒരു സമുദായത്തിന് മാത്രം ഗുണകരമാകുന്നതാണെന്നും അവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.