അജ്ഞാത മൃതദേഹത്തിന് പിന്നാലെ ആറുമാസം; ഒടുവിൽ ആളെ തിരിച്ചറിഞ്ഞു

തൃശൂർ: വാഹനമിടിച്ച് മരിച്ചയാളെ തേടി ആഴ്ചകളായിട്ടും ആരുമെത്തിയില്ല, നടപടിക്രമങ്ങൾ പൂർത്തിയാക്കി പൊലീസ് സംസ്കരിച്ചു. പക്ഷേ ആ അജ്ഞാത മൃതദേഹത്തെ അവിടെ ഉപേക്ഷിച്ച് മടങ്ങാൻ പീച്ചി സ്റ്റേഷൻ ഇൻസ്പെക്ടർ ഷുക്കൂറിന് മനസ്സ് വന്നില്ല. റോഡിൽ പൊലിഞ്ഞത് മനുഷ്യജീവനാണ്. കാത്തിരിക്കുന്നവരുണ്ടാവില്ലേ..? ഒടുവിൽ ആറ് മാസം നീണ്ട അന്വേഷണത്തിൽ ഇദ്ദേഹം മരിച്ചയാളെ തിരിച്ചറിഞ്ഞു, അവരുടെ ബന്ധുക്കളെയും കണ്ടെത്തി. കർണാടക യാദ്ഗിർ ഷാഹ്പൂർ സ്വദേശി ശരണപ്പയാണ് (41) മരിച്ചത്.

2021 ഒക്ടോബർ 10ന് വൈകീട്ട് ഏഴിന് പട്ടിക്കാട് ദേശീയപാതയിലായിരുന്നു അപകടം. അന്ന് ആരംഭിച്ച പൊലീസ് അന്വേഷണത്തിന് കഴിഞ്ഞ ദിവസം അവസാനമായി. റോഡ് മുറിച്ചു കടക്കുന്നതിനിടെ അതിവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റയാളെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ഇയാൾ ദിവസങ്ങളായി പരിസരത്ത് അലഞ്ഞുതിരിഞ്ഞു നടന്നിരുന്നതായി നാട്ടുകാർ പറഞ്ഞു. വിശക്കുമ്പോൾ ഏതെങ്കിലും ഹോട്ടലിന്‍റെയോ തട്ടുകടകളുടെയോ മുന്നിൽ ചെന്ന് കൈനീട്ടും. കൂടുതൽ വിവരം നാട്ടുകാർക്ക് അറിയുമായിരുന്നില്ല. അപകടമുണ്ടായതിൽ കേസ് രജിസ്റ്റർ ചെയ്യുകയും കാർ കണ്ടെത്തുകയും ഡ്രൈവർ അറസ്റ്റിലാവുകയും ചെയ്തു. എന്നാൽ, മരിച്ചയാളെ തിരിച്ചറിയാനോ അയാളുടെ പേരോ വിലാസമോ കണ്ടെത്താനോ കഴിഞ്ഞിരുന്നില്ല. ഇയാളുടെ ഫോട്ടോയും മറ്റ് വിവരങ്ങളും വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറി.

ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോയിലെ രേഖകൾ ഒത്തുനോക്കി. സമീപകാലത്തായി കാണാതായവരെക്കുറിച്ച വിവരങ്ങൾ ശേഖരിച്ചു. ഫോട്ടോ ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനിലും നോട്ടീസ് ബോർഡിൽ പതിച്ചു. മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. സമൂഹമാധ്യമങ്ങളിലും പ്രചരിപ്പിച്ചു. എന്നിട്ടും പ്രയോജനമുണ്ടായില്ല. മരിച്ചയാളെതേടി അവകാശികളാരും എത്താത്തതിനാൽ ഒരാഴ്ചക്കുശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽനിന്ന് പൊലീസ് ഏറ്റുവാങ്ങി സംസ്കരിച്ചു.

മരണകാര്യത്തിൽ സംശയം അവശേഷിക്കുന്നുണ്ടായിരുന്നില്ല. വേണമെങ്കിൽ പൊലീസിന് കേസ് അവിടെ അവസാനിപ്പിക്കാമായിരുന്നു. 40 വയസ്സ് തോന്നിക്കുന്ന ഇദ്ദേഹത്തെ എവിടെയോ ആരെങ്കിലും കാത്തിരിക്കുന്നുണ്ടായിരിക്കുമെന്ന് ഉറപ്പാണ്. അന്വേഷണം തുടരുകതന്നെ വേണമെന്ന് ഷുക്കൂർ തീർച്ചപ്പെടുത്തി. ഇതിന് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ജമേഷും പി.കെ. ഹരിയും സീനിയർ സി.പി.ഒ യൂസുഫിനും ഉത്തരവാദിത്തം ഏൽപിച്ചു. എല്ലായിടത്തും അന്വേഷണം നടത്തിയിട്ടും കൂടുതൽ വിവരം ലഭിച്ചില്ല.

അങ്ങനെയിരിക്കെയാണ് വാട്സ്ആപ്പിൽ ഒരു വിഡിയോ പ്രചരിക്കുന്നത്. മണ്ണുത്തിയിലെ സന്നദ്ധസംഘടന പ്രവർത്തകർ റോഡിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളെ കുളിപ്പിക്കുകയും വസ്ത്രം ധരിപ്പിച്ചു നൽകുന്നതിന്‍റെയും വിഡിയോ. മരിച്ചയാളും വിഡിയോയിൽ കാണുന്നയാളും ഒരാൾതന്നെയായിരിക്കുമോയെന്ന് സംശയം. മണ്ണുത്തിയിലെ സന്നദ്ധസംഘടന പ്രവർത്തകരുമായി ബന്ധപ്പെട്ടു. ഇവർക്ക് കൂടുതൽ അറിയുമായിരുന്നില്ല. വിശദാംശങ്ങൾ പൊലീസിന്റെ അറിയിപ്പുസഹിതം വിവിധ ഗൾഫ് മലയാളി ഗ്രൂപ്പുകളിലും കർണാടക സ്വദേശികളുടെയും കർണാടക മലയാളി അസോസിയേഷൻ ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചു. കർണാടകയിലെ വിവിധ വർത്തമാനപത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഇതുസംബന്ധിച്ച അറിയിപ്പുകൾ നൽകി.

വിഡിയോ ദൃശ്യങ്ങളിൽനിന്ന് ആളെ തിരിച്ചറിഞ്ഞ് അയാളുടെ മകനും വീട്ടുകാരും പീച്ചി പൊലീസ് സ്റ്റേഷനിലെത്തി. ഇയാളുടെ രക്തസാമ്പിൾ ശേഖരിച്ചു. മരിച്ചയാളുടെ രക്തസാമ്പിൾ നേരത്തേതന്നെ ശേഖരിച്ചുവെച്ചിരുന്നു. ഇത് ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കി. ഫലം പൊരുത്തപ്പെട്ടു. മകൻതന്നെയാണെന്ന് കൂടുതൽ ഉറപ്പ് വരുത്തി. മാസങ്ങൾക്കുമുമ്പ് വീടുവിട്ടിറങ്ങിയതായിരുന്നെന്നും തങ്ങളും അന്വേഷിക്കുകയായിരുന്നെന്നും മകൻ പറഞ്ഞു. വാഹനാപകടത്തിൽ ലഭിക്കേണ്ട ഇൻഷുറൻസ് നഷ്ടപരിഹാരം മകന് ലഭിക്കാനുള്ള രേഖകൾ കോടതിയിൽ സമർപ്പിക്കുമെന്ന് പീച്ചി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ഷുക്കൂർ അറിയിച്ചു. 

Tags:    
News Summary - Unidentified body identified after six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.