പ്രതീകാത്മക ചിത്രം

മത്സ്യക്കൊള്ള; ഫിഷ് മില്ലുകളിലേക്ക് ഇന്നലെയും നൂറുകണക്കിന് ലോഡുകൾ ഒഴുകി

ആലപ്പുഴ: ആഴക്കടൽ അരിച്ചുപെറുക്കി മത്സ്യക്കുഞ്ഞുങ്ങളെ കടത്തുന്നതിനെതിരെ പ്രതിഷേധമുയരുമ്പോഴും അധികൃതരുടെ മൂക്കിനു താഴെ തിങ്കളാഴ്ചയും ഫിഷ് മില്ലുകളിലേക്ക് കടന്നുപോയത് നൂറുകണക്കിന് ലോറി മീൻകുഞ്ഞുങ്ങൾ. ആയിരംതെങ്ങ് കടപ്പുറത്തുനിന്ന് മാത്രം പോയത് 20ലേറെ ലോഡാണ്. ഇതിൽ ഏറെയും മത്തിക്കുഞ്ഞുങ്ങൾ. താനൂർ കടപ്പുറത്തുനിന്നും 30 ലോഡ് ചെറിയ മത്തി ഫിഷ് മില്ലിലേക്ക് പോയതായി മത്സ്യവ്യാപാരികൾതന്നെ പറയുന്നു.

ചാലിയത്തുനിന്ന് തിങ്കളാഴ്ചമാത്രം മില്ലുകളിലേക്ക് കയറ്റിപ്പോയത് 10 ലോഡ് ചെമ്പാൻ (തിരിയാൻ) ആണ്. ചേറ്റുവയിൽനിന്ന് 15 ലോഡും കാസർകോട്ടുനിന്നും ചോമ്പലയിൽനിന്നും ഉച്ചവരെ 10 വീതവും ലോഡുകൾ മില്ലുകളിലേക്ക് പോയി. മുനമ്പം, മടക്കര, നീലേശ്വരം, ചോമ്പാല, വിഴിഞ്ഞം, പൊന്നാനി, വെള്ളയിൽ, വൈപ്പിൻ തുടങ്ങിയ ഹാർബറുകളിൽനിന്നും നിരവധി ലോഡുകളാണ് തിങ്കളാഴ്ച ഉച്ചവരെ കയറ്റിപ്പോയത്.

കടലിൽനിന്ന് പിടിക്കാവുന്ന 58 ഇനം മീനുകളുടെയും വലുപ്പം (മിനിമം ലീഗൽ സൈസ്-എം.എൽ.എസ്) സംബന്ധിച്ച് 2022ൽ സർക്കാർ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. മത്തിയുടെ അനുവദനീയമായ വലുപ്പം 10 സെന്‍റി മീറ്ററാണ്. അയലക്ക് 15 സെന്‍റീ മീറ്റർ വലുപ്പം വേണം. എന്നാൽ, ഇത് കൃത്യമായി നിരീക്ഷിക്കുകയോ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയോ ചെയ്യുന്നതിലെ പിഴവാണ് മത്സ്യക്കൊള്ള തുടരാൻ കാരണം. ഒപ്പം ഉദ്യോഗസ്ഥർ കണ്ണടയ്ക്കുക കൂടി ചെയ്യുമ്പോൾ കാര്യങ്ങൾ വഴിതെറ്റുന്നു.

പേരിന് മാത്രം ഒന്നോ രണ്ടോ ബോട്ടുകളെ പിടികൂടി പിഴയീടാക്കി വിട്ടയക്കുകയാണ് പതിവ്. നൂറുകണക്കിന് ബോട്ടുകൾ മത്സ്യക്കുഞ്ഞുങ്ങളെ വേട്ടയാടുമ്പോൾ പിടിക്കപ്പെടുന്നത് ഏതാനും ബോട്ടുകളാണെന്ന് മത്സ്യത്തൊഴിലാളികൾതന്നെ സാക്ഷ്യപ്പെടുത്തുന്നു. ഫിഷ് ഫാമുകളിലെ മീനുകൾക്ക് തീറ്റയാക്കാനാണ് കേരളത്തിന് പുറത്തുള്ള ഫിഷ് മില്ലുകളിലേക്ക് അനധികൃതമായി മത്സ്യക്കുഞ്ഞുങ്ങളെ ഇങ്ങനെ കടത്തുന്നത്.

Tags:    
News Summary - Illegal Fishing: Hundreds of Loads Sent to Fish Meal Mills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.