‘ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നില്‍ക്കാനാകണം...’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതില്‍ നിന്നും ലാഭമുണ്ടാക്കുന്നവര്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ കാലത്ത് ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നില്‍ക്കാനാകണമെന്നും അതു തന്നെയാണ് ഓണാഘോഷത്തിന്റെ സന്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളത്തിന്റെ മഹനീയ സങ്കല്‍പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവെച്ച്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവര്‍ക്കും ഓണം ആഘോഷിക്കാന്‍ സാധിക്കട്ടെ. പ്രകൃതി ദുരന്തമുണ്ടാക്കിയ പ്രയാസങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല.

പക്ഷെ അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനു വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തും നല്‍കുന്നതാകട്ടെ ഇത്തവണത്തെ തിരുവോണം. കേരളത്തിലെ മാത്രമല്ല, ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. അവര്‍ക്കെല്ലാം ഊഷ്മളമായ ആശംസകള്‍ നേരുന്നതായും മുഖ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

Tags:    
News Summary - CM VD Satheesan extends Onam greetings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.