ലണ്ടൻ: കോവിഡ് ദുരിതത്തിലകപ്പെട്ട പ്രവാസികൾക്കും സ്വാദേശികൾക്കും സമാനതകളില്ലാത്ത സേവനങ്ങളുമായി ബ്രിട്ടൻ കെ.എം.സി.സി. ബ്രിട്ടനിലുടനീളം കോവിഡ് ഹെൽപ് ഡെസ്കുകൾ തുറന്ന് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവെക്കുകയാണ് കെ.എം.സി.സി.
കോവിഡ് 19 നെ തുടർന്ന് ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിരവധി പേരാണ് യു.കെയിൽ പ്രയാസമനുഭവിക്കുന്നത്. വിവരശേഖരണവും നഗരങ്ങൾ കേന്ദ്രീകരിച്ച് സേവനങ്ങളുമാണ് കെ.എം.സി.സി ചെയ്യുന്നത്.
ലോക്ഡൗണിൽ മാനസികമായി പ്രയാസമനുഭവിക്കുന്ന ധാരാളം ആളുകൾക്ക് സൗജന്യ കൗൺസലിങ്ങും നൽകിവരുന്നു. ഇത്തരത്തിൽ മാനസിക പ്രയാസം അനുഭവിക്കുന്നവരെ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി ദിവസേന സഹായങ്ങൾ ചെയ്തു നൽകും. എൻ.കെ. സഫീർ, കരീം, വി.എ. അർഷാദ്, ഡോക്ടർ ഇജാസ് എന്നിവരാണ് കൗൺസിലിങ് നടത്താൻ പിന്തുണയുമായി രംഗത്തുള്ളത്.
താമസിക്കുന്ന വീടുകളുടെ വാടക, വിസ എക്സ്റ്റൻഷൻ, ശമ്പള സംബദ്ധമായ കാര്യങ്ങൾ ഇവക്കെല്ലാം കൃത്യമായ ഗൈഡൻസ് നൽകുന്നതിലേക്കായി ലീഗൽ ഹെല്പ് ഡെസ്കും യു.കെയിലെ പ്രമുഖ സോളിസിറ്റേഴ്സിൻെറ സഹായത്തോടെ നടത്തിവരുന്നുണ്ട്. സോളിസിറ്റർ അഫ്സലിൻെറ മേൽനോട്ടത്തിലാണ് പ്രവർത്തനം.
കൂടാതെ യു.കെയിൽ എവിടെയും കോവിഡ് രോഗികൾക്ക് ഡോക്ടറുടെ പ്രിസ്‌ക്രിപ്‌ഷൻ ഇല്ലാതെ വാങ്ങാൻ സാധിക്കുന്ന അത്യാവശ്യ മരുന്നുകൾ കെ.എം.സി.സി ഹെൽപ് ഡെസ്‌കുമായി ബന്ധപ്പെട്ടാൽ വീടുകളിൽ എത്തിച്ചുനൽകും. യു.കെയിൽ ഏകദേശം 30 ഓളം കെ.എം.സി.സി വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് ഇതിൻെറ പ്രവർത്തനം.
യു.കെയിൽ കുടുങ്ങിയ വിദ്യാർഥികൾ, കുടുംബവുമായി എത്തിയവർ, ടൂറിസ്റ്റ് വിസയിൽ വന്നവർ, വിസ പ്രയാസങ്ങൾ അനുഭവിക്കുന്നവർ, ഒറ്റപ്പെട്ടുപോയവർ, ജോലി നഷ്ടപ്പെട്ടവർ തുടങ്ങിയവർക്ക് ഒരു മാസത്തേക്കുള്ള ഭക്ഷണ കിറ്റുകൾ നൽകുന്ന ഫുഡ് സപ്പോർട്ടും കെ.എം.സി.സിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്നു. ലണ്ടൻ, ലൂട്ടൻ, നോർതാംപ്റ്റൻ, ലെസ്റ്റർ, കേംബ്രിഡ്ജ്, എഡിൻബർഗ്, മാഞ്ചെസ്റ്റർ എന്നിവിടങ്ങളിൽ ഈ സേവനം ലഭിക്കും. ഭക്ഷണത്തിനു പ്രയാസമനുഭവിക്കുന്നവർക്ക് ഭക്ഷണം എത്തിക്കാനായി ഡയറക്ട് പേ ആസ് യു ബൈ പദ്ധതിയും നടത്തിവരുന്നു. കോർഡിനേറ്റേർസുമായി ബന്ധപ്പെട്ടാൽ സാധനങ്ങളുടെ വില നിശ്ചയിച്ച് പണം തരുകയോ വാങ്ങിയ സാധനങ്ങളുടെ ബില്ല് നൽകിയാൽ പണം അക്കൗണ്ടിലേക്ക് അയച്ചുതരുകയോ ചെയ്യും. അസൈനാർ കുന്നുമ്മൽ, കരീം, സുബൈർ ഈസ്റ്റ്ഹാം, സുബൈർ കോട്ടക്കൽ, സലാം കോട്ടക്കൽ, നസീഫ് ലൂട്ടൻ, ഷാലു നവാസ്, ജൗഹർ, മുതസ്സിർ അരീക്കോട്, മുഹ്സിൻ, ഡോക്ടർ ഫസൽ, ഷറഫു ലെസ്റ്റർ, സഊദ് കാംബ്രിഡ്ജ്, ഷഫീക് കൊയിലാണ്ടി, ഷാജഹാൻ, നജുമുദജീൻ, അനീഷ്, സൈഫു, ബിജു ഗോപിനാഥ് തുടങ്ങിയവരാണ് ഭക്ഷണ വിതരണങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കൂടാതെ സ്റുഡൻറ്സ് നെറ്റ്‌വർക്ക് സംവിധാനം വഴി വിദ്യാർഥികൾക്ക് നിയമ സംബന്ധമായ, യൂണിവേഴ്സിറ്റി, ഭക്ഷണ, മറ്റു ഗൈഡൻസ്, താമസ സഹായങ്ങൾ ലഭ്യമാക്കുന്നു. ബ്രിട്ടനിലെ കെ.എം.സി.സി പ്രവർത്തകർ, സംഘടന ഗുണകാംക്ഷികൾ, വ്യത്യസ്ത ബിസിനസുകാർ, മറ്റു ചാരിറ്റി പ്രവർത്തകർ, സംഘടനകൾ തുടങ്ങിയവരുടെ പിന്തുണയോടെയാണ് കെ.എം.സി.സി യു.കെയുടെ പ്രവർത്തനം. ബ്രിട്ടനിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനുള്ള സംവിധാനം ഉറപ്പാക്കുന്നതിനായും കെ.എം.സി.സി പ്രവർത്തിച്ചുവരുന്നു.
ബ്രിട്ടൻ കെ.എം.സി.സി പ്രസിഡൻറ് അസൈനാർ കുന്നുമ്മൽ, സെക്രട്ടറി എൻ.കെ. സഫീർ, ട്രഷറർ കരീം മാസ്റ്റർ, ഓർഗാൻസിസിങ് സെക്രട്ടറി വി.എ. അർഷാദ്, സുബൈർ ഈസ്റ്റ് ഹാം, സുബൈർ കോട്ടക്കൽ, സലാം കോട്ടക്കൽ, നുജൂം ഇരീലോട്ട്, അഹമ്മദ് അരീക്കോട്, അഷറഫ് വടകര, നൗഫൽ കണ്ണൂർ തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.