തിരുവനന്തപുരം: സംസ്ഥാന സർവകലാശാലകളെ നിയന്ത്രണത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള യു.ജി.സി കരട് ചട്ടങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ ആസൂത്രണ ബോർഡ് മുൻ ഉപാധ്യക്ഷൻ പ്രഫ. പ്രഭാത് പട്നായികിന്റെ അധ്യക്ഷതയിൽ മൂന്നംഗ സമിതിക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിൽ രൂപം നൽകി.
നാഷനൽ യൂനിവേഴ്സിറ്റി ഓഫ് എജുക്കേഷനൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ മുൻ വി.സി ഡോ. എൻ.വി. വർഗീസ്, കുസാറ്റിലെ പ്രഫ.എൻ.ആർ മാധവമേനോൻ, ഇന്റർഡിസിപ്ലിനറി സെന്റർ ഫോർ റിസർച്ച് എത്തിക്സ് ആൻഡ് പ്രോട്ടോകോൾ ഡയറക്ടർ ഡോ. വാണി കേസരി എന്നിവരാണ് സമിതി അംഗങ്ങൾ. ഫെബ്രുവരി അഞ്ചിനു മുമ്പ് സമിതി റിപ്പോർട്ട് നൽകും.
റിപ്പോർട്ട് ലഭിച്ചശേഷമാകും കരട് റെഗുലേഷനെതിരായ സംസ്ഥാനത്തിന്റെ അഭിപ്രായം അറിയിക്കുക. ഫെബ്രുവരി അഞ്ചു വരെയാണ് അഭിപ്രായം അറിയിക്കേണ്ടത്. കരട് റെഗുലേഷനെതിരെ യോജിച്ച നീക്കത്തിന് ബി.ജെ.പി ഇതര സർക്കാറുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ യോഗം വിളിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന സര്‍വകലാശാലകളിലെ വി.സിമാരെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടി തീരുമാനിക്കുമെന്ന വെല്ലുവിളിയാണ് പുതിയ യു.ജി.സി നിര്‍ദേശത്തിലുള്ളത്. സംസ്ഥാനങ്ങള്‍ ഫണ്ട് നല്കി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സർവകലാശാലകൾ ഇനി മുതല്‍ കേന്ദ്രം ഭരിച്ചോളാമെന്ന രാഷ്ട്രീയ ധാര്‍ഷ്ട്യമാണിത്. വി.സിക്ക് മുകളിൽ സംസ്ഥാന സർക്കാറിനെ നോക്കുകുത്തിയാക്കി ചാൻസലറെ സർവകലാശാലകളുടെ സർവാധികാരിയാക്കാനുള്ള ലക്ഷ്യത്തോടെയാണ് കരട് റെഗുലേഷൻ.
ഉന്നതവിദ്യാഭ്യാസ മേഖലയെയാകെ കേന്ദ്രസർക്കാർ താൽപര്യങ്ങൾക്കൊത്ത് നിയമിക്കുന്ന ഗവർണർക്ക് കീഴിലാക്കാനുള്ള കാവിവത്കരണ പദ്ധതിയെ ചെറുക്കും. റെഗുലേഷനെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചതായി മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.