റിയാദ്: ഇരുപത്തഞ്ചാണ്ടുകാലം നെഞ്ചിലൊതുക്കിയ നാടിന്റെ പച്ചപ്പിലേക്കും പ്രിയപ്പെട്ടവരുടെ പുഞ്ചിരിയിലേക്കും ഒടുവിലൊന്നു കണ്ണുതുറക്കാൻ പോലുമാകാതെ, കൊല്ലം സ്വദേശിയായ പ്രവാസി റിയാദിൽ എന്നന്നേക്കുമായി കണ്ണടച്ചു. കൊല്ലം കടക്കൽ തുടയന്നൂർ മാൻകുന്നിൽ വീട്ടിൽ സുലൈമാൻ നാസർ ഖാൻ (59) ആണ് പ്രവാസത്തിന്റെ കണ്ണീരോർമയായി റിയാദിൽ വിടപറഞ്ഞത്.
രോഗശയ്യയിലും ജന്മനാട് കാണാൻ കൊതിച്ച ആ പ്രവാസി ജന്മം, ഒടുവിൽ റിയാദ് നസീം ഹയ്യുൽ സലാം മഖ്ബറയിലെ തണുത്ത മണ്ണിലേക്ക് യാത്രയായി.
നീണ്ട 25 വർഷമായി നാസർ നാട്ടിൽ പോയിട്ട്. ഒരു പുരുഷായുസ്സിെൻറ വലിയൊരു പങ്കും മണലാരണ്യത്തിൽ ഹോമിച്ച നാസർ, റിയാദിൽ ആദ്യം ബഖാല (പലചരക്ക് കട) നടത്തിവരികയായിരുന്നു. അത് നിർത്തേണ്ടി വന്നതോടെ താൽക്കാലിക ഒഴിവുകളിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു. കഴിഞ്ഞ 10 വർഷമായി ഇഖാമ (താമസരേഖ) പോലുമില്ലാതെ, നിയമത്തിന്റെ കണ്ണുവെട്ടിച്ച് വലിയ ആശങ്കളോടെയാണ് അദ്ദേഹം പ്രവാസഭൂമിയിൽ കഴിഞ്ഞുകൂടിയത്.
ഏഴു മാസം മുമ്പ് എങ്ങനെയെങ്കിലും ജന്മനാട്ടിലേക്ക് മടങ്ങണമെന്ന ആഗ്രഹം ശക്തമായതോടെയാണ് അദ്ദേഹം സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുകാടുമായി ബന്ധപ്പെടുന്നത്. കൈയ്യിൽ പാസ്‌പോർട്ട് പോലുമില്ലാതിരുന്ന നാസറിന് ഒടുവിൽ ഇന്ത്യൻ എംബസി വഴി പുതിയ പാസ്‌പോർട്ട് ലഭ്യമാക്കി. മൂന്ന് മാസം മുമ്പ് അദ്ദേഹത്തെ നാട്ടിലേക്ക് അയക്കാനുള്ള ശ്രമങ്ങൾ സജീവമായെങ്കിലും വിധി ക്രൂരമായ മറ്റൊരു വഴിയിലായിരുന്നു.
സാമ്പത്തിക ബാധ്യതകളുമായി ബന്ധപ്പെട്ട ഏഴ് കേസുകളിലായി 1,70,000 റിയാൽ (ഏകദേശം 37 ലക്ഷത്തിലധികം രൂപ) നൽകാനുണ്ടായിരുന്നതിനാൽ യാത്രാവിലക്ക് ഉണ്ടായിരുന്നു. ഇതോടെ നാട്ടിൽ നിന്നും കുടുംബം നൽകിയ അഭ്യർത്ഥനയെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വിഷയത്തിൽ ഇടപെട്ടു. നാസർ ഖാൻ പാപ്പരാണെന്ന് പ്രഖ്യാപിക്കാനുള്ള അപേക്ഷ മറ്റൊരു സാമൂഹികപ്രവർത്തകൻ നിഹ്മത്തുല്ല റിയാദിലെ കോടതിയിൽ സമർപ്പിച്ചു. ഈ കേസിന്റെ നിർണായകമായ ഹിയറിങ് നടക്കേണ്ടിയിരുന്നത് ബുധനാഴ്ച ആയിരുന്നു.
കോടതി വിധിയോടെ ജന്മനാട്ടിലേക്ക് തിരികെപ്പോകാമെന്ന പ്രതീക്ഷകൾ ബാക്കിയാക്കി രണ്ട് മാസം മുമ്പ് നാസറിനെ അർബുദം കീഴടക്കി. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആദ്യം റിയാദ് ശുമൈസി കിങ് സഊദ് ആശുപത്രിയിലും, പിന്നീട് അതീവ ഗുരുതരമായതോടെ റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിലേക്കും മാറ്റി. ഒരു മാസത്തോളം മരണത്തോട് പൊരുതി ഒടുവിൽ ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ ഈ ലോകത്തോട് വിടപറഞ്ഞു. നിയമക്കുരുക്കുകൾ അഴിഞ്ഞ് നാടിന്റെ മണ്ണിലേക്ക് തിരികെപ്പോകാൻ കോടതി അനുവദിക്കുന്ന ആ ബുധനാഴ്ചക്കായി കാത്തുനിൽക്കാതെ, അതിനു മുമ്പേ മരണത്തിെൻറ കൈപിടിച്ച് അയാൾ പോവുകയായിരുന്നു.
തിങ്കളാഴ്ച വൈകീട്ടോടെ റിയാദ് നസീം ഹയ്യുൽ സലാം മഖ്ബറയിൽ ഖബറടക്കം നടന്നു. നാസറിനെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ ശിഹാബ് കൊട്ടുകാടിനൊപ്പം നിഹ്മത്തുല്ലയും കൈകോർത്താണ് നടത്തിക്കൊണ്ടിരുന്നത്. ഇന്ത്യൻ എംബസിയുടെയും സഹായമുണ്ടായിരുന്നു.
എസ്. സുലൈമാന്റെയും ആമിന ഉമ്മയുടെയും മകനാണ് മരിച്ച നാസർ ഖാൻ. ഭാര്യ: ഷിബി. മക്കൾ: ഹൈഫ, മുഹമ്മദ്, അൻവർ.
15 വർഷം മുമ്പ് കുടുംബത്തെ റിയാദിലേക്ക് കൊണ്ടുവന്നിരുന്നു. കുറച്ചുകാലം ഇവിടെ ഒരുമിച്ചുതാമസിച്ചു. ഇളയ രണ്ട് ആൺമക്കൾ ഇവിടെ വെച്ചാണ് ജനിച്ചത്. മൂത്ത മകൾ മാത്രമുള്ളപ്പോഴായിരുന്നു നാസർ ഖാൻ സൗദിയിലേക്ക് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.