തിരുവനന്തപുരം: കൊച്ചിയിൽ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റില്‍ പങ്കെടുക്കാൻ പ്രതിപക്ഷ തീരുമാനം. ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വേദി പങ്കിടും. സമാപനച്ചടങ്ങില്‍ മുന്‍ വ്യവസായമന്ത്രി കൂടിയായ പി.കെ. കുഞ്ഞാലിക്കുട്ടിയും പങ്കെടുക്കും.
നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷത്തെ വികസനവിരുദ്ധരായി മുദ്രയടിക്കാനുള്ള ഇടതുനീക്കങ്ങളുടെ മുനയൊടിക്കലാണ് ലക്ഷ്യം. നിക്ഷേപക സംഗമത്തിൽ സഹകരിക്കുന്നതിനൊപ്പം സർക്കാറിന്‍റെ അവകാശവാദങ്ങളെ തുറന്നുകാട്ടുമെന്ന നിലപാട് തുടരുമെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു.
കേരളത്തെ നിക്ഷേപക സൗഹൃദ സംസ്ഥാനമാക്കണമെന്നു തന്നെയാണ് പ്രതിപക്ഷത്തിന്റെയും നിലപാടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറിന് പൂര്‍ണ പിന്തുണ നല്‍കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. അതേസമയം സംരംഭങ്ങളുടെ എണ്ണം പെരുപ്പിച്ച് കാട്ടുന്നതിനെയും യാഥാര്‍ഥ്യബോധമില്ലാത്ത കണക്കുകള്‍ ആവര്‍ത്തിക്കുന്നതിനെയുമാണ് പ്രതിപക്ഷം ചോദ്യംചെയ്യുന്നത്. മൂന്നുവര്‍ഷം കൊണ്ട് തുടങ്ങിയ മൂന്നുലക്ഷം സംരംഭങ്ങള്‍ ഏതൊക്കെയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും സതീശൻ പറയുന്നു.
ശശി തരൂരിന്‍റെ ലേഖനത്തിലെ പരാമർശങ്ങളും കേരള സമ്മിറ്റും ആസന്നമായ തെരഞ്ഞെടുപ്പുകളിൽ മൂലധനമാക്കാനുള്ള നീക്കമാണ് സർക്കാറിനും സി.പി.എമ്മിനുമുള്ളത്. കോവിഡ് കാലത്തെ ക്ഷേമപ്രർത്തനങ്ങൾ മുൻനിർത്തി 2021ലെ തെരഞ്ഞെടുപ്പിനെ സി.പി.എം നേരിട്ടതിന് സമാനമാണിത്.
കോവിഡിന്‍റെ പേരിൽ സർക്കാറിന് പിന്തുണ കൊടുത്തതാണ് അന്ന് തിരിച്ചടിയായതെങ്കിൽ ഇപ്പോൾ വികസന സംരംഭങ്ങൾക്ക് പുറംതിരിഞ്ഞുനിൽക്കുന്നത് പരിക്കാകുമെന്നാണ് യു.ഡി.എഫ് വിലയിരുത്തൽ. കേരളവിരുദ്ധനെന്നുവരെ പ്രതിപക്ഷ നേതാവിനെ ഭരണപക്ഷം കടന്നാക്രമിക്കുന്ന സാഹചര്യത്തിലാണ് നിക്ഷേപക സംഗമത്തിലെ പങ്കാളിത്തംകൊണ്ട് പ്രതിപക്ഷം അതേ നാണയത്തിൽ തിരിച്ചടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.