തിരുവനന്തപുരം: പുതുപ്പള്ളിയിലെ പരാജയം സർക്കാരിന്റെ അഴിമതിക്കും ജനദ്രോഹ ഭരണത്തിനും എതിരായ ജനവിധിയായി അംഗീകരിക്കാൻ മുഖ്യമന്ത്രിയോ മാർക്സിസ്റ്റ് പാർട്ടിയോ തയാറാകാത്ത സാഹചര്യത്തിൽ സർക്കാരിനെതിരെ യു.ഡി.എഫ് നടത്തിവരുന്ന സമരപരിപാടികൾ കൂടുതൽ ശക്തമായി തുടരുമെന്ന് യു.ഡി.എഫ് കൺവീനർ എം.എം ഹസൻ. ഉപതിരഞ്ഞെടുപ്പിനെ തുടർന്ന് മാറ്റിവെച്ച സമരപരിപാടികളെ കുറിച്ച് ചർച്ച ചെയ്യാൻ യു.ഡി.എഫ് സംസ്ഥാന ഏകോപന സമിതി യോഗം സെപ്റ്റംബർ 13ന് ഉച്ചക്ക് മൂന്നിന് തിരുവനന്തപുരം കന്റോൺമെന്റ് ഹൗസിൽ ചേരുമെന്ന് കൺവീനർ എം.എം ഹസൻ അറിയിച്ചു.
അഴിമതിക്കും സ്വജനപക്ഷപാതത്തിനും പോലീസിന്റെ നിഷ്ക്രിയത്വത്തിനും എതിരെ യു.ഡി.എഫ് നടത്തിയ സമരപരിപാടികളെ ജനങ്ങൾ സ്വീകരിച്ചു എന്നതിന് തെളിവാണ് പുതുപ്പള്ളിയിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ ചരിത്ര ഭൂരിപക്ഷമെന്ന് ഹസൻ ചൂണ്ടിക്കാട്ടി.
ഓണക്കാലത്ത് സിവിൽ സപ്ലൈസ് കോർപ്പറേഷന് ആവശ്യത്തിന് പണം നൽകാതെ സാധാരണക്കാരെയും സംഭരിച്ച നെല്ലിൻറെ വില നൽകാതെ കർഷകരെയും തിരുവോണനാളിൽ പട്ടിണിക്കിട്ടതിനും കുട്ടികളുടെ ഉച്ചക്കഞ്ഞി മുടക്കിയതിനും ലഭിച്ച തിരിച്ചടി കൂടിയാണ് പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് ഫലം. എ.ഐ ക്യാമറ, കെ ഫോൺ തുടങ്ങിയ പദ്ധതികളിലെ അഴിമതിയും മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിയിലും അന്വേഷണം നടത്താതെ ഒളിച്ചോടാൻ ഗവൺമെൻറ് അനുവദിക്കുകയില്ലെന്ന് ഹസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.