ആശമോൾ ടി.എസ്

‘പത്രിക പിൻവലിച്ചില്ലെങ്കിൽ 28 പേരുടെ ജോലി പോകും’; സി.പി.എം നേതാക്കൾ ഭീഷണിപ്പെടുത്തുന്നുവെന്ന് യു.ഡി.എഫ് സ്ഥാനാർഥി

തിരുവല്ല (പത്തനംതിട്ട): തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലേക്ക് നാമനിർദ്ദേശപത്രിക നൽകിയതിന് പിന്നാലെ സി.പി.എം പ്രാദേശിക നേതാക്കളിൽ നിന്നടക്കം മാനസിക പീഡനം നേരിടുന്നുവെന്ന പരാതിയുമായി യു.ഡി.എഫ് വനിത സ്ഥാനാർഥി രംഗത്ത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ പൊടിയാടി ഡിവിഷനിൽനിന്നും യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന ആശമോൾ ടി.എസ് ആണ് പരാതിക്കാരി. സ്ഥാനാർഥി പ്രഖ്യാപനം മുതൽ ആറാം വാർഡിലെ എ.ഡി.എസ് പ്രസിഡന്‍റ് കൂടിയായ തനിക്കുമേൽ മത്സര രംഗത്തുനിന്നും പിന്മാറുന്നതിനായി സി.പി.എം വനിതാ നേതാക്കളടക്കം ഭീഷണിയും സമ്മർദ്ദവും ചെലുത്തുകയാണെന്നാണ് ആശയുടെ പരാതി.

പുളിക്കീഴ് ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിൽ മദ്യം ഉൽപാദിപ്പിക്കുന്ന യൂണിറ്റിലെ താൽക്കാലിക ജീവനക്കാരിയാണ് ആശ. ആശ ഉൾപ്പെടെ 28 പേർ അടങ്ങുന്ന സി.ഡി.എസ് അംഗങ്ങൾ കഴിഞ്ഞ ഒരു വർഷക്കാലമായി ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ താൽക്കാലിക ജീവനക്കാരാണ്. ആശ മത്സരരംഗത്ത് ഉറച്ചുനിന്നാൽ 28 പേർ അടങ്ങുന്ന യൂണിറ്റിനെ പിരിച്ചുവിടുകയും പുതിയ നിയമനത്തിന് ശുപാർശ ചെയ്യുകയും ചെയ്യും എന്ന് കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ നേതാവും പ്രാദേശിക നേതാവും ട്രാവൻകൂർ ഷുഗേഴ്സിൽ എത്തി താൽക്കാലിക വനിത ജീവനക്കാരുടെ യോഗം വിളിച്ചുകൂട്ടി അറിയിച്ചിരുന്നു.

കോൺട്രാക്ട് റദ്ദാക്കി പുതിയ ടെൻഡർ ഇടുമെന്നാണ് നേതാക്കൾ ഉയർത്തുന്ന ഭീഷണി. ഇതിന് പിന്നാലെയാണ് താൽക്കാലിക ജീവനക്കാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ശബ്ദ ശബ്ദ സന്ദേശമായും ഫോണിലൂടെ നേരിട്ടും മാനസിക സമ്മർദ്ദത്തിലാക്കും വിധം വോയിസ് മെസ്സേജുകൾ അയക്കുകയും വിളിക്കുകയും ചെയ്യുന്നതായി ആശ പരാതിപ്പെട്ടത്. നോമിനേഷൻ പിൻവലിച്ചില്ലെങ്കിൽ എല്ലാവരുടെയും ജോലിയെ ബാധിക്കുമെന്നും അതിന് ആശ ഉത്തരം പറയണമെന്നുമാണ് സന്ദേശങ്ങളിൽ പറയുന്നത്. പത്രിക സമർപ്പിച്ചപ്പോൾ തന്നെ സി.പി.എം നേതാക്കൾ പല തടസവാദങ്ങളും ഉന്നയിച്ചതായി ആശ പറയുന്നു. താൻ ഉൾപ്പെടെയുള്ള 28 പേരുടെ കഞ്ഞികുടി മുട്ടിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും ആശ ആരോപിച്ചു.

പത്രിക പിൻവലിക്കണം എന്നതാണ് തനിക്ക് മേൽ ഇപ്പോൾ നേതാക്കളും ഇടതുപക്ഷ അനുകൂലികളായ സഹപ്രവർത്തകരും ഉയർത്തുന്ന സമ്മർദ്ദം എന്നും ആശ പറഞ്ഞു. അതേസമയം കണ്ണൂർ മോഡൽ ഗുണ്ടാ രാഷ്ട്രീയം തിരുവല്ലയിൽ നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് ആശ മോൾക്കെതിരെയുള്ള മാനസിക പീഡനം എന്നും ഇത് ഒരുതരത്തിലും വെച്ച് പൊറുപ്പിക്കാനാവില്ലെന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും നാമനിർദേശ പത്രിക നൽകിയ സ്ഥാനാർഥിയെ ഭീഷണിയിലൂടെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് നഗ്നമായ തെരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്നും കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.

Tags:    
News Summary - UDF candidate accuses CPM leaders of threatening to withdraw election candidature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.