തിരുവനന്തപുരം: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളിൽ ഗുരുതര അക്ഷരത്തെറ്റുകൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് ആസ്ഥാനം ഡി.ഐ.ജി സതീഷ് ബിനോയി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകി. വിഷയത്തില്‍ ഗുരുതര പിഴവ് സംഭവിച്ചതായും മെഡൽ തയാറാക്കിയ തിരുവനന്തപുരത്തെ ഭഗവതി ഇന്‍ഡസ്ട്രീസിനെ കരിമ്പട്ടികയില്‍പെടുത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്ഥാപനം നൽകിയ മെഡലുകൾ പരിശോധിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്ത മെഡലുകളിൽ ഗുരുതര അക്ഷരത്തെറ്റുകൾ കടന്നുകൂടിയത് ആഭ്യന്തര വകുപ്പിന് നാണക്കേടായിരുന്നു. മുഖ്യമന്ത്രിയുടെ എന്നതിനു പകരം ‘മുഖ്യമന്ത്രയുടെ’ എന്നാണ് മെഡലിൽ രേഖപ്പെടുത്തിയത്.
പൊലീസ് മെഡല്‍ എന്നത് തെറ്റായി ‘പോലസ് മെഡന്‍’ എന്നും രേഖപ്പെടുത്തി. സര്‍ക്കാര്‍ രേഖകളില്‍ പൊലീസ് എന്ന് എഴുതുമ്പോള്‍ ‘പോ’ ഉപയോഗിക്കരുതെന്നും ‘പൊ’ എന്നാണ് വേണ്ടതെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് 2022ല്‍ നിര്‍ദേശിച്ചിരുന്നു. അതും തെറ്റായി അച്ചടിച്ചു. മെഡലിലെ സംസ്ഥാനമുദ്രയിലും ഗുരുതര പിഴവുപറ്റി. മുദ്രയുടെ ഏറ്റവും താഴെയാണ് 'സത്യമേവ ജയതേ' എന്ന് രേഖപ്പെടുത്തിയത്. 2010ല്‍ മുദ്ര പരിഷ്കരിച്ചിരുന്നു. അശോക സ്തംഭത്തിനും ശംഖുമുദ്രക്കും മധ്യേ ‘സത്യമേവ ജയതേ’ എന്ന് രേഖപ്പെടുത്തണമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. വിതരണം ചെയ്ത പൊലീസ് മെഡലില്‍ 2010ന് മുമ്പുള്ള മുദ്രയാണ് ഉപയോഗിച്ചത്.
സംഭവം നാണക്കേടായതോടെ മുഖ്യമന്ത്രിയുടെ ഓഫിസ് ഡി.ജി.പിയോട് വിശദീകരണം തേടുകയും അതിന്റെ അടിസ്ഥാനത്തിൽ ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് അന്വേഷണം പ്രഖ്യാപിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.