പ്രതികളായ റിങ്കിയും റാഷിദുൽ ഹഖും

ഒരു മാസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ അന്തർ സംസ്ഥാന സ്വദേശികൾ അറസ്റ്റിൽ

ആലുവ: നഗരത്തിൽ നിന്ന് ഒരു മാസം പ്രായമായ കുട്ടിയെ തട്ടിക്കൊണ്ടുപോയ അന്തർ സംസ്ഥാനക്കാർ അറസ്റ്റിൽ. അസം സ്വദേശിയും ഭിന്നലിംഗക്കാരിയുമായ റിങ്കി (20) സുഹൃത്ത് ആസാം നാഗോൺ സ്വദേശിയുമായ റാഷിദുൽ ഹഖ് (29) എന്നിവരെയാണ് ആലുവ പൊലീസ് രണ്ട് മണിക്കൂർ നേരത്തെ അന്വേഷണത്തിനൊടുവിൽ പിടികൂടിയത്.

കുട്ടിയെ പരിചരിക്കുന്ന എസ്.ഐ സിത്താര മോഹനും സീനിയർ സി.പി.ഒ നജുവും

 ബിഹാർ സ്വദേശിനിയുടെ ഒരു മാസം പ്രായമായ ആൺകുട്ടിയെയാണ് തട്ടിയെടുത്തത്. കുട്ടിയെ തട്ടിക്കൊണ്ടു പോയി 70,000 രൂപ ആവശ്യപ്പെട്ടതായി 14ന് രാത്രി എട്ടുമണിയോടെയാണ് സ്റ്റേഷനിൽ വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് സംഘം ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ ക്രൈം ഗാലറിയിലെ ഭിന്നലിംഗക്കാരുടെ ഫോട്ടോ പരാതിക്കാരിയെ കാണിച്ചു. ഇവർ ആളെ തിരിച്ചറിഞ്ഞു. തുടർന്ന് റിങ്കി താമസിച്ചിരുന്ന വാടകവീട്ടിൽ എത്തിയെങ്കിലും അവർ കുട്ടിയുമായി കടന്നിരുന്നു. ജില്ല പൊലീസ് മേധാവി വൈഭവ് സക്സേന അന്വേഷണത്തിന് മേൽനോട്ടം വഹിച്ചു. നിരവധി സി.സി.ടി.വി ക്യാമറകൾ പരിശോധിച്ചു. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, എയർ പോർട്ട് പരിസരം, ജില്ല അതിർത്തികൾ, ഇവർ തങ്ങാനിടയുള്ള സ്ഥലങ്ങൾ എന്നിവിടങ്ങൾ അരിച്ചുപെറുക്കി പരിശോധന നടത്തി.

തുടർന്ന് രാത്രി 10 മണിക്ക് കൊരട്ടി ഭാഗത്ത് വച്ച് പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിർത്തി പ്രതികളെ പിടികൂടുകയായിരുന്നു. കുട്ടിയെ തൃശൂരിൽനിന്നും അസമിലേക്ക് കൊണ്ടു പോകുവാനാണ് പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ എം.എം. മഞ്ജു ദാസ്, എസ്.ഐമാരായ കെ. നന്ദകുമാർ, എസ്.എസ് ശ്രീലാൽ, സെയ്തുമുഹമ്മദ്, ബി.എം. ചിത്തുജീ, സുജോ ജോർജ് ആന്റണി, സി.പി.ഒമാരായ ഷിബിൻ കെ. തോമസ്, രാജേഷ്, കെ.ഐ. ഷിഹാബ്, മുഹമ്മദ് ഷഹീൻ, അരവിന്ദ് വിജയൻ, പി.എ. നൗഫൽ, എൻ.എ. മുഹമ്മദ് അമീർ, മാഹിൻ ഷാ അബൂബക്കർ, കെ.എം. മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്‌തു.

Tags:    
News Summary - ​Two persons arrested for abducting a one month old child

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.