പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിൽ രണ്ടു കുട്ടികൾ കൂടി പഠനം നിർത്തുന്നു; പ്രിൻസിപ്പലിന്‍റെയും പി.ടി.എ പ്രസിഡന്റിന്‍റെയും സമീപനം ഭയപ്പെടുത്തുന്നതായി രക്ഷിതാവ്

കൊച്ചി: ഹിജാബ് വിവാദത്തിനു പിന്നാലെ പള്ളുരുത്തി സെന്‍റ് റീത്താസ് സ്കൂളിൽ രണ്ടു കൂട്ടികൾ കൂടി പഠനം നിർത്തുന്നു. സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ മാതാവായ ജസ്ന എസ് ഫിർദൗസ് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ, സ്കൂളിൽനിന്നുണ്ടായ പൊള്ളുന്ന അനുഭവങ്ങളുടെയും സൈബറിടങ്ങ‍ളിലെ വർഗീയ, അധിക്ഷേപ പരാമർശങ്ങളുടെയും പശ്ചാത്തലത്തിൽ എട്ടാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന കുട്ടികളെ സ്കൂൾ മാറ്റുകയാണെന്ന് രക്ഷിതാവ് അനസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

എട്ടാം ക്ലാസ് വിദ്യാർഥിക്ക് നേരിട്ട മാനസിക പീഡനം സ്കൂളിലെ മറ്റു കുട്ടികളെയും ബാധിച്ചിട്ടുണ്ട്. പിന്നാലെയാണ് രണ്ടു മക്കളുടെ പഠനം മറ്റൊരു സ്കൂളിലേക്ക് മാറ്റുന്ന വിവരം മാതാവ് വെളിപ്പെടുത്തിയത്. ഹിജാബ് ധരിച്ച ഒരു ചെറിയ പെൺകുട്ടിയെ കാണുന്നത് മറ്റുള്ളവരിൽ ഭയം സൃഷ്ട്ടിക്കുമെന്ന പ്രസ്താവന തന്‍റെ വിശ്വാസത്തെയും സംസ്കാരത്തെയും അപമാനിക്കുന്നതാണെന്ന് ജസ്ന കുറിപ്പിൽ പറയുന്നു.

‘ഹിജാബ് ധരിച്ചതിന്റെ പേരിൽ ഒരു പെൺകുട്ടിയോട് സ്കൂൾ പ്രിൻസിപ്പളും പി.ടി.എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഞങ്ങളെ വളരെയേറെ ഭയപ്പെടുത്തിയിരിക്കുന്നു. മറ്റ് മത വിശ്വാസങ്ങളോടും ആചാരങ്ങളോടും കടുത്ത വിദ്വേഷം മനസ്സിൽ സൂക്ഷിക്കുന്നതിനാലാണ് അവരുടെത്തന്നെ വിദ്യാർഥിയോട് ഈ രീതിയിൽ പെരുമാറിയത്. ഇത്തരം മാനസികാവസ്ഥയുള്ള അധ്യാപകർക്കും സ്കൂൾ അധികൃതർക്കുമിടയിൽ എന്റെ കുഞ്ഞുങ്ങൾ വളരുന്നത് അവരുടെ ഭാവിക്ക് നല്ലതാവില്ലെന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ അവർ രണ്ട് പേരുടെയും ടി. സി വാങ്ങാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ടി.സിക്ക് വേണ്ടി സ്കൂളിൽ വെള്ളിയാഴ്ച അപേക്ഷ നൽകിയെങ്കിലും രണ്ട് ദിവസം കഴിഞ്ഞേ നൽകാനാവൂ എന്നാണ് സ്കൂളിൽ നിന്ന് അറിയിച്ചത്. അടുത്ത പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച ടി.സി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു’ -കുറിപ്പിൽ വ്യക്തമാക്കി.

ഔവർ ലേഡീസ് കോൺവെന്റ് സ്കൂളിലേക്കാണ് കുട്ടികളഎ മാറ്റി ചേർക്കുന്നത്. സ്കൂളിലെ അധ്യാപികയായ ഒരു കന്യാസ്ത്രീ തന്നെ വിളിച്ചിരുന്നെന്നും എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്കൂളിന് ഉള്ളതെന്നും മക്കൾക്ക് അവിടെ ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും അവർ ഉറപ്പ് തന്നതായും ജസ്ന കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികളുടെ രക്ഷിതാവാണ് ഞാൻ. ഹിജാബ് ധരിച്ചതിന്റെ പേരിൽ ഒരു പെൺകുട്ടിയോട് സ്കൂൾ പ്രിൻസിപ്പളും പി. ടി. എ പ്രസിഡന്റും സ്വീകരിച്ച സമീപനം ഞങ്ങളെ വളരെയേറെ ഭയപ്പെടുത്തിയിരിക്കുന്നു. ഞാൻ ഹിജാബ് ധരിക്കുന്ന വ്യക്തിയാണ്. ഹിജാബ് ധരിച്ച ഒരു ചെറിയ പെൺകുട്ടിയെ കാണുന്നത് മറ്റുള്ളവരിൽ ഭയം സൃഷ്ട്ടിക്കുമെന്ന പ്രസ്താവന എന്റെ വിശ്വാസത്തെയും സംസ്കാരത്തെയും അപമാനിക്കുന്നതാണ്. മറ്റ് മത വിശ്വാസങ്ങളോടും ആചാരങ്ങളോടും കടുത്ത വിദ്വേഷം മനസ്സിൽ സൂക്ഷിക്കുന്നതിനാലാണ് അവരുടെത്തന്നെ വിദ്യാർഥിയോട് ഈ രീതിയിൽ പെരുമാറിയത്. ഇത്തരം മാനസികാവസ്ഥയുള്ള അധ്യാപകർക്കും സ്കൂൾ അധികൃതർക്കുമിടയിൽ എന്റെ കുഞ്ഞുങ്ങൾ വളരുന്നത് അവരുടെ ഭാവിക്ക് നല്ലതാവില്ലെന്ന് ഞങ്ങൾ കരുതുന്നു. അതിനാൽ അവർ രണ്ട് പേരുടെയും ടി. സി വാങ്ങാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു. ടി.സിക്ക് വേണ്ടി സ്കൂളിൽ വെള്ളിയാഴ്ച അപേക്ഷ നൽകിയെങ്കിലും രണ്ട് ദിവസം കഴിഞ്ഞേ നൽകാനാവൂ എന്നാണ് സ്കൂളിൽ നിന്ന് അറിയിച്ചത്. അടുത്ത പ്രവൃത്തി ദിവസമായ ചൊവ്വാഴ്ച ടി.സി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഔവർ ലേഡീസ് കോൺവെന്റ് സ്കൂളിലാണ് ഞങ്ങൾ കുട്ടികളെ ചേർക്കുന്നത്. ആ സ്കൂളിലെ അധ്യാപികയായ ഒരു കന്യാസ്ത്രീ എന്നെ വിളിച്ചിരുന്നു. എല്ലാ വിശ്വാസങ്ങളെയും ഉൾക്കൊള്ളുന്ന കാഴ്ചപ്പാടാണ് സ്കൂളിന് ഉള്ളതെന്നും മക്കൾക്ക് അവിടെ ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും അവരെനിക്ക് ഉറപ്പുതന്നു. അത്തരം സന്മനസ്സുള്ള അധ്യാപകരുടെ അടുത്ത് എന്റെ മക്കൾ വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.

Full View
Tags:    
News Summary - Two more children drop out of St. Rita's School in Palluruthy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.