തൃശൂർ: കൊടകര കുഴൽപണ കേസ് വെളിപ്പെടുത്തലിനു പിന്നിൽ താനാണെന്ന ആരോപണം നിഷേധിക്കാൻ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ വീട്ടിൽ വിളിച്ച വാർത്തസമ്മേളനത്തിൽ റിപ്പോർട്ടർ, 24 എന്നീ ചാനലുകളുടെ പ്രതിനിധികൾക്ക് വിലക്ക്. ഇതിന്റെ ഉടമകൾ ഫലത്തിൽ ഒന്നാണെന്നും അവരാണ് തനിക്കെതിരായ നീക്കങ്ങൾക്ക് പിന്നിലെന്നും ശോഭ ആരോപിച്ചു. റിപ്പോർട്ടർ ചാനൽ ഉടമ ആന്റോ അഗസ്റ്റിനെതിരെ ക്രിമിനൽ കുറ്റത്തിന് കേസ് കൊടുക്കുമെന്ന് പറഞ്ഞ ശോഭ ആന്റോ ചാനലിൽ തനിക്കെതിരെ ഉന്നയിച്ച കാര്യങ്ങൾ തെളിയിക്കാൻ വെല്ലുവിളിക്കുകയും ചെയ്തു.
500 തവണ താൻ വീട്ടിൽ ചെന്നിട്ടുണ്ടെന്ന് പറഞ്ഞ ആന്റോ അഞ്ച് തവണയെങ്കിലും പോയത് തെളിയിക്കണം. താൻ ആന്റോയെ വിളിച്ചുവെന്ന് പറയുന്ന ദിവസവും സമയവും ഫോൺ നമ്പറും ജനത്തിനോട് പറയണം. തനിക്ക് ഹോട്ടൽ മുറി ബുക്ക് ചെയ്യാറുണ്ടെന്ന് പറഞ്ഞത് ‘ഒറ്റ തന്തക്ക് പിറന്നതാണെങ്കിൽ’ തെളിയിക്കണം.
പൊന്നാനിയിൽ പണം വാഗ്ദാനം ചെയ്ത് പൊലീസ് ഉദ്യോഗസ്ഥനെതിരെ പാവം വീട്ടമ്മയെക്കൊണ്ട് വ്യാജ ബലാൽസംഗ പരാതി കൊടുപ്പിച്ചയാളാണ് ആന്റോ. തനിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാറുണ്ടെന്ന അവകാശവാദത്തിന്റെ തെളിവ് പുറത്തുവിടണം. ആന്റോ വാഴ്ത്തിയ കാർവാർ എം.എൽ.എ ഇപ്പോൾ ജയിലിലാണെന്നും ശോഭ പറഞ്ഞു.
ഗോകുലം ഗോപാലൻ വിളിക്കുമ്പോൾ താൻ ചർച്ചക്ക് പോകാത്തതിലും കരിമണൽ കർത്തായുടെ സുഹൃത്തുക്കളിൽനിന്ന് പണം വാങ്ങാത്തതിലും പിണറായി വിജയനും എ.സി. മൊയ്തീനുമെതിരെ പോരാടുന്നതിലും തന്നോട് വലിയ വിരോധമാണ്. തെരഞ്ഞെടുപ്പുകളിൽ തന്നെ തോൽപിക്കാൻ ഈ രണ്ട് ചാനലുകളും ബോധപൂർവം ശ്രമിച്ചിട്ടുണ്ട്. കൊടകര കുഴൽപണ കേസ് വെളിപ്പെടുത്തലിനു പിന്നിൽ താനുണ്ടെന്ന് പ്രചരിപ്പിക്കുന്നതും ഇതേ കൂട്ടരാണെന്ന് ശോഭ ആരോപിച്ചു. മുട്ടിൽ മരംമുറിയും റിപ്പോർട്ടർ ചാനൽ നടത്തിപ്പുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളും ശോഭ വിവരിച്ചു.
തിരുവനന്തപുരം: വാർത്തസമ്മേളനങ്ങളിൽ ചാനലുകളെ തെരഞ്ഞുപിടിച്ച് വിലക്കുന്ന നടപടി അപലപനീയമാണെന്ന് കേരള പത്രപ്രവർത്തക യൂനിയൻ. വാർത്തകളിൽ വിയോജിപ്പ് ഉണ്ടെങ്കിൽ സ്വന്തം ന്യായങ്ങൾ നിരത്തി സമർഥിക്കുന്നതിനു പകരം മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്താൻ ശ്രമിക്കുന്നത് ഫാഷിസ്റ്റ് നടപടിയാണ്. അപ്രിയവാർത്തകൾക്ക് നേരെയുള്ള അസഹിഷ്ണുത ജനാധിപത്യത്തോടും മാധ്യമ സ്വാതന്ത്ര്യത്തോടുമുള്ള അസഹിഷ്ണുതയാണ്. വാർത്തസമ്മേളനത്തിൽ 24 ന്യൂസ്, റിപ്പോർട്ടർ ചാനലുകളെ വിലക്കിയ ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്റെ നടപടി ജനാധിപത്യവിരുദ്ധവും മാധ്യമ സ്വാതന്ത്ര്യത്തിന് നിരക്കാത്തതുമാണ്. നിലപാട് തിരുത്താൻ ശോഭ സുരേന്ദ്രൻ തയാറാവുന്നില്ലെങ്കിൽ ബി.ജെ.പി നേതൃത്വം തിരുത്തിക്കണമെന്ന് യൂനിയൻ പ്രസിഡന്റ് കെ.പി. റെജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.