500 രൂപക്ക് പകരം അയക്കുന്നത് 50,000 രൂപ; പെട്രോള്‍ പമ്പ് വഴി കുഴല്‍പ്പണ ഇടപാടിൽ രണ്ടുപേർ പിടിയിൽ

കോഴിക്കോട്: പെട്രോള്‍ പമ്പ് വഴി കുഴല്‍പ്പണ ഇടപാടിന് ശ്രമിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. മലപ്പുറം കരിപ്പൂർ സ്വദേശികളായ രണ്ട് യുവാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. ഇടപാടിന് ഇടനിലക്കാരായി പ്രവർത്തിച്ചത് ഇവരാണെന്ന് സംശയിക്കുന്നു.

അക്കൗണ്ടിലേക്ക് പണം അയച്ചയാളെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. സൈബർ ക്രൈം ആയതിനാല്‍ സൈബർ പൊലീസും അന്വേഷിക്കുന്നുണ്ട്. സംഭവത്തിൽ കൂടുതല്‍ കേസുകള്‍ രജിസ്റ്റർ ചെയ്യും.

പെട്രോള്‍ അടിച്ച ശേഷം വലിയ തുക പമ്പിന്റെ അക്കൗണ്ടിലേക്ക്‌ സ്കാനർ മുഖേന അയക്കുകയും തെറ്റിപ്പോയതാണെന്ന് പറഞ്ഞ് ബാക്കി തുക പമ്പില്‍നിന്ന് തിരികെ വാങ്ങുകയുമാണ് ഇവരുടെ രീതി. ഉദാഹരണത്തിന് 500 രൂപക്ക് പെട്രോൾ അടിക്കുന്നു. തുടർന്ന് പണം ഡിജിറ്റലായി അടക്കാനെന്ന വ്യാജേന പമ്പിലെ യു.പി.ഐ ക്യുആർ കോഡിന്റെ ഫോട്ടോ എടുക്കും.

ഈ ചിത്രം രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ മറ്റ് സംസ്ഥാനങ്ങളിലുള്ള തങ്ങളുടെ കൂട്ടാളികൾക്ക് അയച്ചുകൊടുത്തശേഷം അവിടെനിന്ന് ഈ പമ്പ് അക്കൗണ്ടിലേക്ക് വലിയ തുകകൾ (40,000 അല്ലെങ്കിൽ 50,000 രൂപ) ഒരുമിച്ച് ട്രാൻസ്ഫർ ചെയ്യപ്പെടുന്നു. തുടർന്ന് പമ്പുടമയോട് 500 രൂപക്ക് പകരം അബദ്ധത്തിൽ വലിയ തുക അയച്ചുപോയതാണെന്ന് പറഞ്ഞ്, പെട്രോൾ അടിച്ച തുക കഴിച്ച് ബാക്കി തുക മുഴുവൻ പമ്പിൽനിന്ന് പണമായി തിരികെ വാങ്ങുന്നു.

സംശയാസ്പദമായ ഇടപാടെന്ന് പറഞ്ഞ് ചില പമ്പുകളുടെ അക്കൗണ്ട്‌ ഫ്രീസായതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്. മലപ്പുറത്തെ പെട്രോള്‍ പമ്പുടമകളുടെ പരാതിയില്‍ മലപ്പുറം പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മലപ്പുറം ജില്ലയിൽ മാത്രം പത്തിലധികം പമ്പുകൾക്ക് ഇത്തരത്തിൽ അക്കൗണ്ട് നഷ്ടമാവുകയോ തട്ടിപ്പിനിരയാവുകയോ ചെയ്തപ്പോഴാണ് പമ്പുടമകൾ പരസ്പരം കാര്യങ്ങൾ പങ്കുവെക്കുന്നതും തട്ടിപ്പ് പുറത്തറിയുന്നതും.

മുമ്പ് വിദ്യാർഥികളുടെയും മറ്റും അക്കൗണ്ടുകൾ കമീഷൻ നൽകി വാങ്ങി ഇത്തരത്തിൽ ഉപയോഗിച്ചിരുന്ന സംഘങ്ങൾ, പൊലീസ് നിരീക്ഷണം ശക്തമാക്കിയതോടെയാണ് പെട്രോൾ പമ്പുകളെ ലക്ഷ്യമിടാൻ തുടങ്ങിയത്. 

Tags:    
News Summary - Two Arrested for Hawala Transactions via Petrol Pump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.