തിരുവനന്തപുരം: പേഴ്‌സണൽ സ്റ്റാഫിൽ സഹോദരീ ഭർത്താവായ ബെന്നി തോമസിനെ നിയമിച്ചതിനെ ന്യായീകരിച്ച് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ബ്രദർ ഇൻ ലോ എന്നതല്ല നിയമനത്തിന്റെ മാനദണ്ഡമെന്നും അദ്ദേഹം സത്യസന്ധനായ മാതൃകാ പൊതുപ്രവർത്തകനാണെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായാണ് ബെന്നി തോമസിനെ നിയമിച്ചത്.
‘നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇതിനോടകം തന്നെ എല്ലാവർക്കും വ്യക്തമാക്കപ്പെട്ട കാര്യമാണ്. ബ്രദർ ഇൻ ലോ എന്നതല്ല അതിന്റെ മാനദണ്ഡം. അദ്ദേഹം നല്ലൊരു പൊതുപ്രവർത്തകനാണ്. ഈ ഇലക്ഷനിൽ എന്റെ ചീഫ് ഏജന്റ് ആയിരുന്നു. കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് തന്നെ അദ്ദേഹത്തെ ഇങ്ങോട്ട് ശുപാർശ ചെയ്യുകയായിരുന്നു. രണ്ട് ടേം പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. കേരളത്തിൽ റേക്കോഡ് ഭൂരിപക്ഷത്തിന് ജയിച്ച പഞ്ചായത്ത് മെമ്പറാണ്. അവിടുത്തെ എല്ലാ പാർട്ടിക്കാരും ഉൾക്കൊള്ളുന്ന കോളജ് കമ്മിറ്റിയുടെ സെക്രട്ടറിയാണ്. പാർട്ടി സെക്രട്ടറിയാണ്. നല്ല സത്യസന്ധനായ മാതൃകാ പൊതുപ്രവർത്തകനാണ്. എല്ലാവർക്കും അറിയാം.
എന്റെ സഹോദരൻ എന്നത് നിയമപരമായ തടസ്സമില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. വേറെ എവിടെയെങ്കിലും നിയമിച്ചിട്ട് ഇവിടെ വർക്ക് ചെയ്താൽ പോരായിരുന്നോ എന്ന് എന്നോട് ഒന്ന് രണ്ട് ആളുകൾ ചോദിച്ചു. അത്തരത്തിലുള്ള കാപട്യത്തിന് ഞാൻ നിന്നിട്ടില്ല. വരുന്നവരോടൊക്കെ എന്റെ സഹോദരീഭർത്താവാണെന്ന് പരിചയപ്പെടുത്തികൊണ്ട് തന്നെയാണ് ആ നിയമനം നടത്തിയത്’ -അദ്ദേഹം പറഞ്ഞു.
സാധാരണ മറ്റാരുടെയെങ്കിലും കീഴിൽ നിയമിക്കുകയാണ് ചെയ്യുന്നത് എന്ന് ചൂണ്ടിക്കാട്ടിയപ്പോൾ ‘ഇത് അസാധാരണമാണ്’ എന്നായിരുന്നു മറുപടി. തീരുമാനത്തിൽ എന്തെങ്കിലും മാറ്റമുണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ ഒഴിഞ്ഞുമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.