മഴത്തണുപ്പിൽ കേരളം പനിച്ച് വിറക്കുന്നു; ചികിത്സ തേടുന്നവരുടെ എണ്ണത്തിൽ വൻ വർധന

കോഴിക്കോട്: സംസ്ഥാനത്ത് മഴ ശക്തമായതോടെ പനിബാധിതരുടെ എണ്ണവും കൂടി. ഇന്നലെ 10,121 പേർ സർക്കാർ ആശുപത്രികളിൽ മാത്രം പനിബാധിച്ച് ചികിത്സ തേടി. ഇതിൽ 93 പേർക്ക് ഗുരുതരാവസ്ഥയിൽ കിടത്തിച്ചികിത്സ നൽകിയതായും ആരോഗ്യ വകുപ്പിന്റെ വെബ്സൈറ്റിലെ കണക്കുകൾ വ്യക്തമാക്കുന്നു. സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിൽ ചികിത്സ തേടിയവർ ഇതിലും കൂടുതലാവും. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ എത്തിയത്- 2140.കോഴിക്കോട് ജില്ലയിൽ 1080 പേരും പനിബാധിച്ച് ചികിത്സ തേടി.

200 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടി. 59 പേർക്ക് രോഗം സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചത് . 19 പേർക്ക് രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് 12 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിൽ ഒരു ഡെങ്കി മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നാലു പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഇന്നലെ ചികിത്സ തേടിയ എട്ട് പേർ എലിപ്പനി സംശയ പട്ടികയിലുമാണ്. 32 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇടുക്കി, കാസർക്കോട് ജില്ലകളിലായി 5 പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് രണ്ടു പേർക്ക് ഷിഗല്ലയും സ്ഥിരീകരിച്ചിട്ടുണ്ട്.

ജൂൺ മൂന്നിന് 9144 പേരാണ് പനിക്ക് ചികിത്സ തേടിയത്. 65 പേരെ ആശുപത്രിയിൽ കിടത്തി ചികിത്സ നൽകി. 94 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 184 പേർക്ക് ഡെങ്കിപ്പനി ലക്ഷണങ്ങളും കണ്ടെത്തി. ഏഴു പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. ഏഴു പേർക്ക് രോഗലക്ഷണങ്ങളും കണ്ടെത്തി. 27 പേർക്ക് മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചു. ഏഴു പേർക്ക് മലേറിയയും സ്ഥിരീകരിച്ചു. ജൂൺ രണ്ടു മുതലാണ് പനിബാധിതരുടെ എണ്ണം കൂടിയത്.

കാലാവസ്ഥയിൽ പെട്ടന്ന് വന്ന മാറ്റമാണ് പനി വർധിക്കാൻ കാരണം. പനി ബാധിക്കുന്നവർ സ്വയം ചികിത്സ സ്വീകരിക്കരുതെന്നും ഡോക്ടറുടെ അടുത്ത് ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. സ്കൂൾ തുറന്ന സമയമായതിനാൽ വിദ്യാര്‍ഥികളിലും പനി ബാധിത വർധിക്കുന്നുണ്ട്. എന്തെങ്കിലും രോഗ ലക്ഷണങ്ങൾ ഉള്ള കുട്ടികളെ രക്ഷിതാക്കൾ സ്കൂളിലേക്ക് അയക്കരുതെന്നും നിർദേശമുണ്ട്.

ജൂണിൽ പകർച്ചവ്യാധി പിടിപ്പെട്ടവർ:

പനി - 36,332

ഡെങ്കിപ്പനി - 211 (സംശയിക്കുന്നവർ 677)

ചിക്കുൻഗുനിയ - 2

എലിപ്പനി - 118 (സംശയിക്കുന്നവർ 28)

മഞ്ഞപ്പിത്തം - 118 (സംശയിക്കുന്നവർ 145)

മലേറിയ - 10

ഷിഗല്ല - 5

ചെള്ളുപനി - 136

വയറിളക്കം - 11,466

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.