മഴയോടൊപ്പം രോഗങ്ങളും വരും; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പകർച്ചവ്യാധികൾ ഒഴിവാക്കാം...

കോഴിക്കോട്: കനത്ത ചൂടിന് പിന്നാലെയെത്തുന്ന മഴക്കാലം ഉന്മേഷദായകമാണെങ്കിലും പകർച്ചവ്യാധികളുടെ കാലം കൂടിയാണ്. മഴക്കാലത്ത് നമ്മേ തേടിയെത്തുന്ന ക്ഷണിക്കപ്പെടാത്ത അതിഥികളാണ് പലതരത്തിലുള്ള രോഗങ്ങൾ. കേരളത്തിൽ കാലവർഷം ആരംഭിക്കുന്നതോടൊപ്പം ഗുരുതരവും അപകടകരവുമായ സാംക്രമിക രോഗങ്ങളും പടർന്നുപിടിക്കും. വേനൽ ചൂടിന്റെ കാഠിന്യത്തിൽ നിന്ന് പെട്ടന്ന് മഴയുടെ തണുപ്പിലേക്ക് വരുമ്പോൾ രോഗാണുക്കൾ പെരുകാനുള്ള സാഹചര്യം സംജാതമാകുന്നു. ശുചിത്വവും രോഗപ്രതിരോധ ശേഷിയും കുറയുന്നത് രോഗങ്ങൾ പെട്ടന്ന് പടർന്നുപിടിക്കാൻ കാരണമാകും.

ജലജന്യം, പ്രാണി,ജന്തു കുജന്യം എന്നീ ഇനങ്ങളിലായാണ് മഴക്കാല രോഗങ്ങൾ പടർന്നുപിടിക്കുന്നത്. പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിലൂടെ, ഈ സീസണിൽ നിങ്ങൾക്ക് അസുഖം വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാൻ കഴിയും. രോഗം വന്നതിനുശേഷം ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കുന്നതാണ് ഗുണകരം.

ജലജന്യ രോഗങ്ങൾ:

അതിസാരം, വയറിളക്കം, ഛർദ്ദി, ടൈഫോയിഡ്, മഞ്ഞപ്പിത്തം, കോളറ, ഷിഗല്ല...

പ്രാണി, ജന്തുജന്യ രോഗങ്ങൾ:

ഡെങ്കിപ്പനി, ചിക്കുൻഗുനിയ, എലിപ്പനി, ജപ്പാൻ ജ്വരം, ചെള്ളുപനി, പന്നിപ്പനി, മലേറിയ, മഞ്ഞപ്പനി, വെസ്റ്റ് നൈൽ പനി, റിഫ്റ്റ് വാലി പനി, മലമ്പനി, സെന്റ് ലൂയിസ് എൻസഫലൈറ്റിസ്, മന്തുരോഗം...

രോഗങ്ങൾ പടർന്നുപിടിക്കുന്ന സാഹചര്യങ്ങൾ

* കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെടൽ.

* വെള്ളം കെട്ടിക്കിടന്നുണ്ടാകുന്ന കൊതുക് വ്യാപനം.

* പരിസരം ശുചിത്വമില്ലായ്മ

* ഭക്ഷണ പാര്‍ഥങ്ങൾ സുരക്ഷിതമല്ലാതെ കൈകാര്യം ചെയ്യൽ

പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർക്ക് പ്രത്യേക ശ്രദ്ധ ആവശ്യമാണ്.

* ആസ്ത്മ, അലർജി കൊണ്ടുള്ള തുമ്മൽ, വാതരോഗങ്ങൾ മുതലായവ ഉള്ളവർ മഴക്കാലത്ത് അസുഖങ്ങൾ കൂടുതൽ രൂക്ഷമാകാൻ * * സാധ്യതയുള്ളതിനാൽ കൂടുതൽ മുൻകരുതലുകൾ വേണം.

* അർബുദം, പ്രമേഹം തുടങ്ങിയ ദീർഘകാല രോഗങ്ങൾ ഉള്ളവർ കൂടുതൽ ജാഗ്രത പുലർത്തണം.

* രോഗങ്ങൾക്ക് മരുന്നുകൾ കഴിക്കുന്നവർ കൃത്യമായി കഴിക്കുക.

* വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കുക.

* പുറത്തുപോയി വന്നതിനുശേഷവും, മലമൂത്രവിസർജനത്തിനുശേഷവും, ആഹാരത്തിന് മുൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകി വൃത്തിയാക്കുക.

* ആഹാരപദാർത്ഥങ്ങൾ അതാത് സമയത്ത് പാകം ചെയ്ത് ചെറുചൂടോടെ കഴിക്കുക.

* ആഹാരപദാർത്ഥങ്ങൾ ഈച്ചയും മറ്റും കടക്കാതെ അടച്ചുവയ്ക്കുക.

* കുടിവെള്ളം തിളപ്പിച്ചത് മാത്രം ഉപയോഗിക്കുക.

* പുറത്തുപോകുമ്പോൾ പാദരക്ഷകൾ ഉപയോഗിക്കുക.

* രോഗീപരിചരണം നടത്തുന്നവർ ഗ്ലൗസ്, മാസ്കുകൾ എന്നിവ ധരിക്കുക.

* നന്നായി കഴുകി ഉണങ്ങിയ വസ്ത്രങ്ങൾ മാത്രം ഉപയോഗിക്കുക.

* കഴിയുമെങ്കിൽ വസ്ത്രങ്ങൾ ഇസ്തിരിയിട്ട് ഉപയോഗിക്കുക.

* ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായയും ടവൽ കൊണ്ട് മറച്ചുപിടിക്കുക.

* മഴക്കാലം തുടങ്ങാൻ കാത്തുനിൽക്കാതെ ജൈവ-ഖര മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുക.

* വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക.

* മലിനജലം കുടിവെള്ള സ്രോതസ്സുകളുമായി കലരാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുക; വെള്ളം കെട്ടിനിൽക്കാനുള്ള എല്ലാ സാഹചര്യങ്ങളും (ശുദ്ധജലമായാലും മലിനജലമായാലും) ഒഴിവാക്കണം.

* ആഴ്ചയിൽ ഒരു ദിവസം ഡ്രൈ ഡേ ആയി ആചരിക്കുക.

* ജലാശയങ്ങളിലും മറ്റും (കൃഷിയിടങ്ങളിലെ കുളങ്ങൾ, വലിയ ടാങ്കുകൾ, ജലസംഭരണികൾ എന്നിവയിൽ) കൂത്താടി ഭോജികളായ മത്സ്യങ്ങളെ (ഗപ്പി) നിക്ഷേപിക്കുക.

* രോഗിയെ കൊതുകുകടി ഏൽക്കാതെ കൊതുകുവലയ്ക്കുള്ളിൽ കിടത്തുക.

* കൊതുകുകടി ഏൽക്കാതെ ദേഹം മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.

* മുറികളുടെ ജനാലകളും എയർഹോളുകളും കൊതുകു കടക്കാത്ത തരത്തിലുള്ള വല കെട്ടി സംരക്ഷിക്കുക.

Tags:    
News Summary - With the rain comes diseases; if you pay attention to these things, you can avoid epidemics...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.