ടി.എസ്. ശ്യാംകുമാർ
കോഴിക്കോട്: ക്ഷണിക്കപ്പെട്ട സെമിനാറിലേക്ക് എത്തിച്ചേരാനായി യാത്രാവിവരങ്ങൾ അന്വേഷിച്ച ഡോ. ടി.എസ്. ശ്യാം കുമാറിനെ കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്ര വിഭാഗം അധ്യാപകൻ പ്രഫ. മുജീബ് റഹ്മാൻ അപമാനിച്ചതായി പരാതി. ടി.എസ്. ശ്യാംകുമാർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചത്.
കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്ര വിഭാഗം ഫെബ്രുവരി 24, 25 തീയതികളിൽ നടക്കുന്ന സെമിനാറിലേക്ക് പ്രബന്ധം അവതരിപ്പിക്കാനാണ് പ്രഫ. മുജീബ് റഹ്മാൻ ശ്യാം കുമാറിനെ ക്ഷണിച്ചത്. ഫെബ്രുവരി മൂന്നാം തീയതി സെമിനാറിന്റെ നോട്ടീസ് വാട്സ് ആപ്പിൽ അയക്കുകയും ചെയ്തു. അതു കഴിഞ്ഞ് കഴിഞ്ഞ ദിവസം ബന്ധപ്പെട്ടപ്പോഴാണ് യാത്രാവിവരങ്ങളെ കുറിച്ച് ശ്യാം കുമാർ അന്വേഷിച്ചത്. അതിന് 'വേണമെങ്കിൽ സെമിനാറിൽ പങ്കെടുക്കൂ' എന്നായിരുന്നു മുജീബ് റഹ്മാന്റെ മറുപടി. 'ഏതു കൊലകൊമ്പനായാലും ഇങ്ങനെ മാത്രമേ പെരുമാറുകയുള്ളൂവെന്നും' പറഞ്ഞുവെന്നും ശ്യാം കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണ രൂപം:
കോഴിക്കോട് സർവകലാശാല ചരിത്ര വിഭാഗം അധ്യാപകൻ പ്രെഫ. മുജീബ് റഹ്മാൻ 2025 ജനുവരി 31 ന് ചരിത്രവിഭാഗം ഫെബ്രുവരി 24, 25 തീയതികളിൽ നടത്തുന്ന സെമിനാറിലേക്ക് ഒരു പ്രബന്ധം അവതരിപ്പിക്കാൻ എന്നെ ക്ഷണിക്കുകയുണ്ടായി. തുടർന്ന് അദ്ദേഹം ഫെബ്രുവരി 3-ാം തീയതി സെമിനാറിന്റെ നോട്ടീസ് വാട്സാപ്പിൽ അയച്ചു നൽകുകയും ചെയ്തു. പിന്നീട് അദ്ദേഹം വിളിക്കുന്നത് ഇന്നലെ രാത്രിയാണ്. എങ്ങനെയാണ് എത്തിച്ചേരുന്നതെന്നോ മറ്റ് യാത്രാ കാര്യങ്ങളോ പ്രെഫ. മുജീബ് റഹ്മാൻ എന്നോട് അന്വേഷിക്കുകയുണ്ടായില്ല. അദ്ദേഹം വിളിച്ചപ്പോൾ ഇക്കാര്യം ഏറ്റവും ജനാധിപത്യപരമായി പങ്കുവച്ചു. എന്നാൽ തികഞ്ഞ ധാർഷ്ട്യത്തോടെ ജനാധിപത്യ വിരുദ്ധമായി " വേണമെങ്കിൽ സെമിനാറിൽ പങ്കെടുക്കു" എന്നാണ് അറിയിച്ചത്. ഏത് കൊലകൊമ്പനായാലും ഇങ്ങനെ മാത്രമേ പെരുമാറു എന്നും അദ്ദേഹം പറഞ്ഞു. കേരളം ആദരിക്കുന്ന സാമൂഹ്യ ചിന്തകനായ സണ്ണി എം കപിക്കാടിനെ സംഭാഷണ മധ്യേ " നിങ്ങളുടെ ആൾ" എന്നാണ് പ്രൊഫ. മുജീബ് റഹ്മാൻ പരാമർശിച്ചത്. പ്രെഫ. മുജീബ് റഹ്‌മാൻ സർവകലാശാലയിലെ വിദ്യാർത്ഥികളോട് എത്രമേൽ ജനാധിപത്യ വിരുദ്ധമായിയായിരിക്കും പെരുമാറിയിരിക്കുക എന്ന് ആ നിമിഷം മുതൽ ഞാൻ ആശങ്കപ്പെടുകയാണ്. രാജൻ ഗുരുക്കളോടും രാഘവ വാരിയരോടും മനു എസ് പിള്ളയോടും ഇത്തരത്തിൽ പെരുമാറാൻ പ്രെഫ. മുജീബ് റഹ്മാൻ ഒരിക്കലും ധൈര്യപ്പെടില്ല. സെമിനാറിലേക്ക് എന്നെയും സണ്ണി എം. കപിക്കാടിനെയും ക്ഷണിച്ചത് തന്റെ ഔദാര്യമാണെന്ന നിലക്കാണ് എന്നോട് സംസാരിച്ചത്. കഴിഞ്ഞ പത്ത് വർഷക്കാലമായി സജീവമായി അക്കാദമിക രംഗത്തും ജനമധ്യത്തിലും പ്രവർത്തന നിരതനായിരിക്കുന്നുണ്ട്. കാലിക്കട്ട് സർവകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകൻ പ്രെഫ. മുജീബ് റഹ്മാൻ തികഞ്ഞ ജനാധിപത്യ വിരുദ്ധ സമീപനവും സവർണ ബോധവുമാണ് എന്നോട് പുലർത്തിയത്. നവോത്ഥാനത്തെ സംബന്ധിച്ച് സെമിനാർ നടത്തുന്നവർ നവോത്ഥാന ആശയങ്ങൾ സ്വയം മനസ്സിലാക്കാൻ ആദ്യം ശ്രമിക്കേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.