ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും നാളെ മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍

തൃശൂര്‍: ഇരിങ്ങാലക്കുട നഗരസഭയിലും മുരിയാട് പഞ്ചായത്തിലും ശനിയാഴ്ച വൈകീട്ട് അഞ്ച് മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പിലാക്കുമെന്ന് തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇരിങ്ങാലക്കുട കേരള സോള്‍വന്‍റ് എക്‌സ്ട്രാക്ഷന്‍സ് (കെ.എസ്.ഇ) കാലിത്തീറ്റ കമ്പനിയിലെ രോഗവ്യാപനം മൂലം നഗരസഭയിലും മുരിയാട് പഞ്ചായത്തിലും രോഗികളുടെ വ്യാപനം ഉണ്ടായതിനെ തുടര്‍ന്നാണിത്. 

ട്രിപ്പിള്‍ ലോക്ഡൗണ്‍ കര്‍ശനമായി നടപ്പിലാക്കും. ആളുകള്‍ക്ക് ഭക്ഷണസാധനങ്ങള്‍ വാങ്ങിക്കാനുള്ള സൗകര്യം ഒരുക്കും. മെഡിക്കല്‍ ഷോപ്പുകളും പ്രവര്‍ത്തിക്കും. ഈ വഴി ദീര്‍ഘദൂര ബസുകള്‍ ഒഴികെയുള്ള വാഹനങ്ങള്‍ നിയന്ത്രിക്കും. ബസുകള്‍ ഇവിടെ നിര്‍ത്താതെ പോവേണ്ടി വരും. മറ്റ് വാഹനങ്ങളെ കടത്തിവിടും. മറ്റ് സ്ഥലങ്ങളില്‍ വ്യാപനത്തിന്‍റെ തോത് കണക്കാക്കിയാവും കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് പോവുക. ജില്ലയില്‍ 40 തദ്ദേശ സ്ഥാപനങ്ങളില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ നിലവിലുണ്ട്.

നിലവില്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ്, ഇ.എസ്.ഐ ആശുപത്രി, ചാലക്കുടി താലൂക്ക് ആശുപത്രി, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി, കൊരട്ടി ഫസ്റ്റ് ലൈന്‍ സെന്‍റര്‍, കില ഫസ്റ്റ് ലൈന്‍ സെന്‍റര്‍ എന്നിവയാണ് കോവിഡ് ചികിത്സക്കായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ഇപ്പോഴത്തെ വ്യാപനം അനുസരിച്ച് ഈ സൗകര്യം പര്യാപ്തമാണ്. എന്നാല്‍, രോഗവ്യാപനം തുടര്‍ന്നാല്‍ വിപുലമായ തയാറെടുപ്പുകള്‍ നടത്തേണ്ടി വരും. അതിന് ഇപ്പോള്‍ 30 കേന്ദ്രങ്ങളിലായി 6033 കിടക്കകള്‍ തയ്യാറായി കഴിഞ്ഞിട്ടുണ്ട്. 

ആഗസ്റ്റ് ഒന്നാവുമ്പോഴേക്കും നാട്ടികയില്‍ 1200 കിടക്കകളുള്ള കേന്ദ്രം കൂടി പൂര്‍ണമായി സജ്ജമാവും. അടിയന്തിരഘട്ടം വന്നാല്‍, ഏഴായിരത്തോളം പേരെ ചികിത്സിക്കാന്‍ കഴിയുന്ന ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്റര്‍ ആരംഭിച്ചിട്ടുണ്ട്. ചാലക്കുടി-നാല്, ചാവക്കാട്-മൂന്ന്, കൊടുങ്ങല്ലൂര്‍-മൂന്ന്, കുന്നംകുളം-അഞ്ച്, തലപ്പിള്ളി-മൂന്ന്, തൃശൂര്‍-എട്ട്, മുകുന്ദപുരം-നാല് എന്നിങ്ങനെയാണ് താലൂക്ക് തിരിച്ചുള്ള സെന്‍ററുകള്‍. 

തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉറവിടം വ്യക്തമല്ലാത്ത രണ്ട് രോഗികളെ കണ്ടെത്തിയതിനെ തുടര്‍ന്ന് 50 ആരോഗ്യ പ്രവര്‍ത്തകരോട് നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് പരിശോധനക്കുള്ള ആവശ്യമായ സൗകര്യം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. 

Tags:    
News Summary - tripple lockdown in irinjalakkuda and muriyad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.