കൽപ്പറ്റ: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ പ്രതികരിച്ച് സർവകലാശാല ഡീൻ ഡോ.എം.കെ.നാരായണൻ. സിദ്ധാർഥന്റെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചിരുന്നുവെന്ന് ഡീൻ പറഞ്ഞു. അസിസ്റ്റന്റ് വാർഡനാണ് ആത്മഹത്യ ശ്രമമുണ്ടായെന്ന വിവരം തന്നെ അറിയിച്ചത്. ഉടൻ തന്നെ താൻ ഹോസ്റ്റലിലെത്തി സിദ്ധാർഥനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധാർഥന്റെ മരണവിവരം ഉടൻ തന്നെ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. അവർ യൂനിവേഴ്സിറ്റിയിലെത്തിയപ്പോൾ എല്ലാ സൗകര്യങ്ങളും ചെയ്ത് നൽകിയത് താനാണെന്നും ഡീൻ പറഞ്ഞു. വിവരം അറിഞ്ഞ് 10 മിനിറ്റിനുള്ളിൽ തന്നെ ഹോസ്റ്റലിലെത്തി.
മെൻസ് ഹോസ്റ്റലിൽ അല്ല താൻ താമസിക്കുന്നത്. റസിഡന്റ് ട്യൂട്ടറാണ് ഹോസ്റ്റലിൽ താമസിക്കേണ്ടത്. ആ തസ്തികയിലേക്ക് സർവകലാശാല ആളെ നിയമിച്ചിട്ടില്ല. സിദ്ധാർഥന്റെ മരണത്തിന് പിന്നാലെ അസിസ്റ്റന്റ് വാർഡനോട് റിപ്പോർട്ട് തേടി. ഹോസ്റ്റലിൽ പ്രശ്നങ്ങളുണ്ടായിട്ടില്ലെന്ന റിപ്പോർട്ടാണ് അസിസ്റ്റന്റ് വാർഡൻ നൽകിയത്. പ്രശ്നങ്ങളുണ്ടായെന്ന് കുട്ടികളാരും പറഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
എല്ലാദിവസവും ഹോസ്റ്റലിൽ പോയി സെക്യൂരിറ്റി പണി ചെയ്യുകയല്ല ഡീനിന്റെ ജോലി. ക്രിമിനൽ കുറ്റം ചെയ്ത ആരെയും സംരക്ഷിച്ചിട്ടില്ല. സർവകലാശാലക്ക് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾ തനിക്കെതിരെ തെറ്റായ വാർത്തകൾ നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.