ആദിവാസി യുവാവിന് മർദനം; നഷ്ടപരിഹാരത്തിന് കാലതാമസം പാടില്ലെന്ന് മനുഷ്യാവകാശ കമീഷൻ

പാലക്കാട്: അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് 26 വയസുള്ള മണികണ്ഠൻ എന്ന ആദിവാസി യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ ജില്ല കലക്ടർ ഉടൻ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു. പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം നഷ്ടപരിഹാരം അനുവദിക്കുന്ന കാര്യം ജില്ല പട്ടികവർഗ വികസന ഓഫീസർ കലക്ടറുടെ ശ്രദ്ധയിൽ കൊണ്ടുവരണം. കലക്ടർ കാലതാമസം കൂടാതെ ജില്ലതല വിജിലൻസ് ആന്റ് മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്ന് തീരുമാനമെടുക്കണമെന്നും കമീഷൻ നിർദ്ദേശിച്ചു.

മർദനം സംബന്ധിച്ച് രജിസ്റ്റർ ചെയ്ത ക്രൈം 102/2025 നമ്പർ കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം മണ്ണാർക്കാട് സ്പെഷൽ കോടതിയിൽ സമർപ്പിച്ച സാഹചര്യത്തിൽ മനുഷ്യാവകാശ കമീഷന് ചട്ട പ്രകാരം തുടർനടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്നും ഉത്തരവിൽ പറഞ്ഞു. കഴിഞ്ഞ ഡിസംബർ ഒന്നിനാണ് പാലൂർ സ്വദേശി മണികണ്ഠനെന്ന ആദിവാസി യുവാവിനെ ഉയർന്ന ജാതിയിൽപെട്ട കുളപ്പടി സ്വദേശി മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചത്.

എന്നാൽ, മണികണ്ഠന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റെന്ന ആരോപണം തെളിയിക്കാനായിട്ടില്ല. തലയിലുള്ള രക്തസ്രാവം അന്ന് സംഭവിച്ചതല്ലെന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടർ മൊഴി നൽകിയിട്ടുണ്ട്. ഇത് ഡിസംബർ ഒമ്പതിന് സംഭവിച്ചതാകാനാണ് സാധ്യത. മണികണ്ഠൻ തലകറങ്ങി നിലത്തുവീണതായും തല നിലത്തടിച്ചതായും ബന്ധു മൊഴി നൽകിയിട്ടുണ്ട്. ഇരയ്ക്ക് നഷ്ടപരിഹാരം അനുവദിക്കണമെന്ന ശിപാർശ ജില്ല കലക്ടർക്ക് നൽകിയതായി അഗളി ഡി.വൈ.എസ്.പി സിറ്റിങ്ങിൽ ഹാജരായി അറിയിച്ചു.ജില്ലതല വിജിലൻസ് ആന്റ് മോണിറ്ററിങ് കമ്മിറ്റി യോഗത്തിൽ വിഷയം സമർപ്പിച്ച് കേസുകളുടെ സീനിയോറിറ്റി അനുസരിച്ച് ജില്ല പട്ടികജാതി ഓഫിസിൽ നിന്ന് ഇരകൾക്ക് ആശ്വാസധനം നൽകാമെന്ന് ജില്ല കലക്ടർ അറിയിച്ചു.

Tags:    
News Summary - Tribal youth beaten up; Human Rights Commission says there should be no delay in compensation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.