ആദിവാസി യുവാവിന് പൊലീസ് മർദനമെന്ന് പരാതി: സംസ്ഥാന യുവജന കമീഷൻ സ്വമേധയാ കേസെടുത്തു

കോട്ടയം: പൂഞ്ഞാർ പെരുങ്ങുളം എടക്കര ഉന്നതിയിലെ ആദിവാസി യുവാവായ അഭിലാഷിനെ പൊലീസ് മർദിച്ച സംഭവത്തിൽ സംസ്ഥാന യുവജന കമീഷൻ സ്വമേധയാ കേസെടുത്തു. സംസ്ഥാന യുവജന കമീഷൻ അംഗം അഡ്വ. അബേഷ് അലോഷ്യസ് അഭിലാഷിനെ സന്ദർശിച്ച ശേഷം ഇക്കാര്യം നേരിട്ട് അറിയിച്ചു.

കെ.എസ്.ഇ.ബിയിലെ കരാർ ജീവനക്കാരനായ അഭിലാഷിനെ കമ്പി മോഷ്ടിച്ചു എന്നാരോപിച്ച് യൂണിഫോം ധരിക്കാത്ത അഞ്ച് പൊലീസുകാർ ഇന്നോവ കാറിലെത്തി വീട്ടിൽനിന്ന് ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്നും തുടർന്ന് ഏഴ് കിലോമീറ്ററോളം വരുന്ന യാത്രാമധ്യേ ഇയാളെ മർദിച്ചെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷന് മുന്നിൽ അവശനായി കുഴഞ്ഞുവീണ അഭിലാഷിനെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് ഗുരുതരമായ പരിക്കുകളെത്തുടർന്ന് കോട്ടയം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അഭിലാഷിനും കുടുംബത്തിനും ആവശ്യമായ സംരക്ഷണവും സഹായവും ഉറപ്പാക്കുമെന്നും യുവജന കമീഷൻ അംഗം പറഞ്ഞു. ​ദേവസ്യാച്ചൻ വാണിയപുര, അലൻ അഗസ്റ്റിൻ, നിയാസ് എന്നിവരും അഡ്വ. അബേഷ് അലോഷ്യസിനൊപ്പം ഉണ്ടായിരുന്നു.

Tags:    
News Summary - Tribal Youth Allegedly Beaten by Police; Youth Commission Takes Suo Motu Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.