കുട്ടി ഡ്രൈവർ ഓടിച്ച ബൈക്കിടിച്ച് മരിച്ച വീട്ടമ്മയുടെ കുടുംബത്തിന് 14 ലക്ഷം നഷ്ടപരിഹാരം
മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്തയാൾ ലൈസൻസില്ലാതെ ഓടിച്ച ബൈക്കിടിച്ച് മരിച്ച രണ്ടാർ സ്വദേശി സുമതിയുടെ (72) കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മൂവാറ്റുപുഴ മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ ഉത്തരവ്. സുമതിയുടെ മക്കൾക്ക് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരത്തുക നൽകണമെന്നാണ് ഉത്തരവ്.
വാഹനം ഓടിച്ചത് ലൈസൻസില്ലാത്ത പ്രായപൂർത്തിയാകാത്തയാളായതിനാൽ, ഇൻഷുറൻസ് കമ്പനി തുക ആദ്യം പരാതിക്കാർക്ക് നൽകുകയും പിന്നീട് വാഹന ഉടമയിൽനിന്ന് കമ്പനി തുക ഈടാക്കുകയും ചെയ്യണമെന്നാണ് ഉത്തരവ്. 11,02,000 രൂപയും എട്ടു ശതമാനം പലിശയും കോടതി ചെലവുകളും ഉൾപ്പെടെ 14 ലക്ഷം രൂപയാണ് നഷ്ടപരിഹാരം.
2024 ജൂലൈ 12ന് രാവിലെ 9.30ഓടെ മൂവാറ്റുപുഴ - ചാലിക്കടവ് റോഡിലൂടെ നടന്നുപോകുകയായിരുന്ന സുമതിയെ ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സുമതി മരിച്ചു.പോത്താനിക്കാട് കൂവള്ളൂർ കല്ലുംപുറത്ത് വീട്ടിൽ അലിയാരുടെ പേരിലായിരുന്നു ബൈക്ക്. ഇദ്ദേഹം ബൈക്ക് വിറ്റെങ്കിലും ഉടമസ്ഥത മാറ്റിയിരുന്നില്ല. കേസിൽ 17കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡ് കുറ്റവിമുക്തനാക്കിയിരുന്നു. വാഹന ഉടമ പേരു മാറ്റാത്തതുകൊണ്ടാണ് 14 ലക്ഷം രൂപ അടക്കേണ്ടിവരുന്നത്. സുമതിയുടെ കുടുംബത്തിനുവേണ്ടി അഡ്വ. എൻ.പി. തങ്കച്ചൻ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.