ഒന്നിച്ചുനിൽക്കാൻ നമുക്കിഷ്ടമാണ്; കേരളം @70
‘‘കേരള സർ... ഹണ്ട്രഡ് പെർസെന്റ് ലിറ്ററസി സർ..’’ എന്ന് ട്രോളിയവർക്കും കൂളായി അതുകേട്ടുനിന്ന നമുക്കുമറിയാം, നമ്മൾ സൂപ്പറാണെന്ന്. ‘ഭ്രാന്താലയ’മെന്ന, ഇതിനേക്കാൾ വലിയ പരിഹാസത്തിൽ നാം പതറിയിട്ടില്ല. ‘ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനമാണിതെ’ന്ന് നാം തിരിച്ച് ട്രോളുകയും ചെയ്തു. വൈക്കത്ത് സത്യഗ്രഹമിരുന്നും വക്കത്തുനിന്ന് ‘സ്വദേശാഭിമാനി’യിറക്കിയും മലയാള കേരളം മുന്നേറി. വില്ലുവണ്ടി തെളിച്ചും കൃഷിക്കാരന്റെ കൈകളിൽ ഭൂമിയെത്തിച്ചും നാം നിവർന്നുനിന്നു. അറബിക്കടൽ തിരയടിച്ച് വിളിച്ചപ്പോൾ അറേബ്യൻ തീരത്തേക്കും അലയടിച്ചെത്തി, ഐശ്വര്യം വാരിവന്നു. ‘വായിക്കുക, നിന്റെ നാടിന്റെ നാമത്തി’ലെന്ന് നാം ഒന്നിച്ചുപറഞ്ഞപ്പോൾ എല്ലാവരും എഴുതിപ്പഠിച്ചു വായിച്ചു. അതാണ് സർ ഹണ്ട്രഡ് പെർസെന്റ് ലിറ്ററസി. പിന്നെ പ്രളയത്തെയും ഈ തീരം അതിജീവിച്ചു. അതുകൊണ്ടെല്ലാമായിരിക്കാം ഏതു കൈകളും ഏതു കൈകളിലേക്കും കൊരുത്ത് നാമിന്നും ഇവിടിരുന്ന് ചായ കുടിക്കുന്നത്, ബീഫിൽ പഴംപൊരി മുങ്ങുന്നത്. അതെ, ഒന്നിച്ചുനിൽക്കാൻ നമുക്കിഷ്ടമാണ്. കേരളപ്പിറവിയുടെ ഏഴാം പതിറ്റാണ്ടിൽ നാം പറയും, കേരളം വേറെ മാരി....
ഏഴ് പതിറ്റാണ്ടുകൾ;ഏഴ് നാഴികക്കല്ലുകൾ
ഒന്നാം ദശകം (1956-1966)
ആദ്യ കമ്യൂണിസ്റ്റ് സർക്കാറും സാമൂഹിക പരിഷ്കരണങ്ങളും:1957ൽ അധികാരമേറ്റ ഇ.എം.എസ് സർക്കാർ മുന്നോട്ടുവെച്ച കാർഷികബന്ധ-വിദ്യാഭ്യാസ ബില്ലുകൾ ആധുനിക കേരളത്തിന് അടിത്തറ പാകി.
രണ്ടാം ദശകം (1966-1976)
ഭൂപരിഷ്കരണത്തിന്റെ പുതിയ അധ്യായം: ജന്മിത്ത വ്യവസ്ഥക്ക് അന്ത്യം കുറിക്കാനും കർഷകരുടെയും കുടികിടപ്പുകാരുടെയും അവകാശങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ട ഭൂപരിഷ്കരണ നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ 1970 ജനുവരി ഒന്നിന് പ്രാബല്യത്തിൽ വന്നു. ഭൂവുടമസ്ഥതയിലും സാമൂഹികബന്ധങ്ങളിലും വലിയ മാറ്റങ്ങൾക്ക് ഇത് വഴിയൊരുക്കി.
മൂന്നാം ദശകം (1976-1986)
ഗൾഫ് പ്രവാസവും സൈലന്റ് വാലി സംരക്ഷണവും: 1970കളിൽ ആരംഭിച്ച ഗൾഫ് കുടിയേറ്റം ഈ ദശാബ്ദത്തിൽ ശക്തമായ വളർച്ച കൈവരിച്ചു. പ്രവാസി വരുമാനം കേരളത്തിന്റെ സമ്പദ്വ്യവസ്ഥയെയും ജീവിതരീതികളെയും മാറ്റിമറിക്കാൻ തുടങ്ങി. പരിസ്ഥിതി സംരക്ഷണ ചരിത്രത്തിലെ സുപ്രധാനമായ സൈലന്റ് വാലി പ്രക്ഷോഭം വിജയിച്ചതും ഈ കാലഘട്ടത്തിലാണ്.
നാലാം ദശകം (1986-1996)
സമ്പൂർണ സാക്ഷരത: 1991 ഏപ്രിൽ 18ന് കേരളം ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെട്ടു.
അഞ്ചാം ദശകം (1996-2006)
കുടുംബശ്രീയുടെ ഉദയം: ദാരിദ്ര്യ നിർമാർജനവും സ്ത്രീശാക്തീകരണവും ലക്ഷ്യമിട്ട് 1998 മേയ് 17ന് കുടുംബശ്രീ പ്രസ്ഥാനം ആരംഭിച്ചു. അയൽക്കൂട്ടങ്ങളിലൂടെ സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതക്കും സാമൂഹിക പങ്കാളിത്തത്തിനും ശക്തമായ അടിത്തറ സൃഷ്ടിച്ച കുടുംബശ്രീ കേരളത്തിന്റെ വികസന ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായി.
ആറാം ദശകം(2006-2016):
ഡിജിറ്റൽ കേരളത്തിലേക്കുള്ള മുന്നേറ്റം: ഇ-ഗവേണൻസ് സേവനങ്ങളുടെയും അക്ഷയ കേന്ദ്രങ്ങളുടെയും വ്യാപനത്തിലൂടെ കേരളം ഡിജിറ്റൽ പരിവർത്തനത്തിൽ നിർണായക പുരോഗതി കൈവരിച്ചു. 2016 ഫെബ്രുവരി 27ന് കേരളത്തെ ഡിജിറ്റൽ സംസ്ഥാനമായി പ്രഖ്യാപിച്ചു.
ഏഴാം ദശകം (2016-2026)
അതിജീവനവും വിഴിഞ്ഞത്തിന്റെ ഉദയവും: 2018ലെ മഹാപ്രളയം, നിപ, കോവിഡ് മഹാമാരി തുടങ്ങിയ പ്രതിസന്ധികളെ കേരളം നേരിട്ട കാലഘട്ടം. ദുരന്തനിവാരണത്തിലും പൊതുജനാരോഗ്യ രംഗത്തും ജനകീയ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഈ അനുഭവങ്ങൾ തെളിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവർത്തനമാരംഭിച്ചതോടെ തുറമുഖ, വ്യാപാര, സാമ്പത്തിക വികസനത്തിന് പുതിയ സാധ്യതകൾ തുറന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.