വട്ടച്ചിറ കോളനിയിലെ മരം മുറി: 52.98 ലക്ഷം ആദിവാസി വികസനത്തിന് നൽകണമെന്ന് ഉത്തരവ്

തിരുവനന്തപുരം :വട്ടച്ചിറ ആദിവാസി കോളനിയിലെ സിൽവർ ഓക്ക് മരങ്ങൾ മുറിച്ച് വിറ്റപ്പോൾ കിട്ടിയ വരുമാനത്തിന്റെ 80 ശതമാനം തുകയായ 52,98,400 രൂപ കോളനിയുടെ സമഗ്രവികസനത്തിനായി ഉപയോഗിക്കുന്നതിന് ഭരണാനുമതി നൽകി ഉത്തരവ്. വട്ടിച്ചിറയിലെ ഭൂമി ആദിവാസി പുരനധിവാസത്തിനായി വിട്ടു നൽകിയപ്പോൾ അതിലുണ്ടായിരുന്ന സിൽവർ ഓക്ക് മരങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി മുറിച്ചു വിറ്റു. ഇതിനെതിരെ ആദിവാസികൾ സർക്കാരിന് പരാതി നൽകിയിരുന്നു.

ഇക്കാര്യത്തിൽ മരങ്ങൾ ആദിവാസികൾക്ക് അവകാശപ്പെട്ടതാണെന്ന് അന്വേഷണത്തിൽ ബോധ്യമായി. തുടർന്ന് മരംമുറിച്ചുവിറ്റതിന്റെ 80 ശതമാനം തുക ഉപയോഗിച്ച് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തരിശു നിലം കൃഷിയോഗ്യമാക്കി ഇടവിള കൃഷി ചെയ്യുന്നതിനായി പദ്ധതി തയാറാക്കി. എന്നാൽ, 2022-23 സാമ്പത്തിക വർഷം അവസാനിച്ചതിനാൽ പദ്ധതി സമയബന്ധിതമായി നടപ്പിലാക്കുന്നതിന് സാധിച്ചില്ല.

അതിനാൽ 2023-24 സാമ്പത്തിക വർഷം ആദ്യം തന്നെ തുക അനുവദിക്കുകയാണെങ്കിൽ പദ്ധതി കൃത്യമായി നടപ്പിലാക്കാൻ സാധിക്കുമെന്ന് കൃഷി ഓഫീസർ റിപ്പോർട്ട് ചെയ്തു. തുക വിനിയോഗിക്കുന്നതിന് പുതുക്കിയ ഭരണാനുമതി നൽകണമെന്ന് പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (പ്ലാനിംഗ് ആന്റ് ഡെവലപ്പ്മെന്റ്) ശിപാർശ ചെയ്തിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. വട്ടച്ചിറ കോളനിയിലെ ആദിവാസികളുടെ സമഗ്രവികസനത്തിനായി ഉത്തരവ് പ്രകാരം പദ്ധതി നടപ്പു സാമ്പത്തിക വർഷം ജൂലൈ 31 നകം പദ്ധതി പൂർത്തിയാക്കണം. ജൂലൈ 31 നകം പദ്ധതി പൂർത്തിയാകാതെ വരുന്ന പക്ഷം യാതൊരു കാരണവശാലും ഭരണാനുമതി പുതുക്കി നൽകില്ല. പദ്ധതിയുടെ അന്തസത്തയും ഉൾക്കൊണ്ട് തുക വിനിയോഗിക്കണം.

തുക വിനിയോഗിച്ചതിന്റെ വിനിയോഗ സാക്ഷ്യപത്രം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്സ് (ഫോറസ്റ്റ് മാനേന്റ് സമയബന്ധിതമായി സർക്കാരിന് നൽകണമെന്നാണ് ഉത്തരവിലെ വ്യവസ്ഥ. സംസ്ഥാനത്ത് പലയിടത്തും ആദിവാസികൾക്ക് കേന്ദ്ര സർക്കാർ അനുവദിച്ച് നിക്ഷിപ്ത വനഭൂമി വിതരണം ചെയ്യുമ്പോൾ വനംവകുപ്പ് നിയമവിരുദ്ധമായി മരങ്ങൾ മുറിച്ച് വിറ്റിട്ടുണ്ട്. 

Tags:    
News Summary - Trees in Vattachira Colony: Order to give 52.98 lakhs for tribal development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.