തിരുവനന്തപുരം: സാമ്പത്തികവർഷം അവസാനിക്കാനിരിക്കെ സൂപ്രണ്ടിങ്, എക്സിക്യൂട്ടിവ് എൻജിനീയർമാർക്ക് മാത്രമായി പദ്ധതി നിർവഹണച്ചുമതല നിജപ്പെടുത്തി ട്രഷറി ഡയറക്ടർ ഇറക്കിയ ഉത്തരവ് തിരിച്ചടിയാകുന്നു. ഉത്തരവ് പുറത്തുവന്നതോടെ പദ്ധതികൾ പാതിവഴിയാകും എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. ഇപ്പോൾതന്നെ പദ്ധതി നിർവഹണം 50 ശതമാനം കടന്നിട്ടില്ല. നടപ്പ് സാമ്പത്തിക വർഷത്തിൽ ജനകീയാസൂത്രണത്തിലെ പുതുക്കിയ മാർഗരേഖ അനുസരിച്ച് അസി. എൻജിനീയർമാർക്കും. അസി. എക്സിക്യൂട്ടിവ് എൻജിനീയർമാർക്കും പദ്ധതികളുടെ നിർവഹണച്ചുമതല നൽകിയിരുന്നു.
പദ്ധതികളിൽ ഭൂരിഭാഗവും ടെൻഡർ നടപടികൾ പൂർത്തീകരിച്ച് ബിൽ മാറുന്ന നടപടികളിലേക്ക് കടക്കവെയാണ് സർക്കാർ പുതിയ നിർദേശം പുറത്തിറക്കിയത്. ഉത്തരവിൽ പ്രതിപാദിക്കുന്ന ഉദ്യോഗസ്ഥർക്ക് മാത്രമേ ഇനി (േഡ്രായിങ് ആൻഡ് ഡിസ്ട്രിബ്യൂഷൻ കോഡ് ) ഡി.ഡി.ഒ കോഡ് ട്രഷറികളിൽനിന്ന് ലഭ്യമാക്കൂ. സൂപ്രണ്ടിങ്, എക്സിക്യൂട്ടിവ് എൻജിനീയർമാരല്ലാതെ മറ്റ് ഉദ്യോഗസ്ഥർക്ക് ഡി.ഡി.ഒ കോഡ് നൽകിയിട്ടുണ്ടെങ്കിൽ എത്രയും വേഗം തിരുത്തണമെന്നും ട്രഷറി ഓഫിസർമാർക്ക് നൽകിയ നിർദേശത്തിൽ പറയുന്നു. എന്നാൽ, അവസാനഘട്ടത്തിൽ എങ്ങനെ ഉദ്യോഗസ്ഥരെ മാറ്റി നിശ്ചയിക്കുമെന്ന് അധികൃതർക്ക് അറിയില്ല. ഇതോടെ പാതിവഴിയിലായ പ്രവൃത്തികളുടെ ബിൽ മാറാനും കഴിയാത്ത സ്ഥിതിയാകും.
ഈ സാമ്പത്തിക വർഷം 1200 നിർമാണപദ്ധതികളാണ് തിരുവനന്തപുരം കോർപറേഷനുള്ളത്. ഇൗ പദ്ധതികൾ അസി. എക്സിക്യൂട്ടിവ് എൻജിനീയർമാരായ 21 പേർക്കും അസി. എക്സിക്യൂട്ടിവ് എൻജിനീയർമാരായ അഞ്ചുപേർക്കും എക്സിക്യൂട്ടിവ് എൻജിനീയർമാരായ മൂന്നുപേർക്കും ഒരെണ്ണം സൂപ്രണ്ടിങ് എൻജിനീയർ എന്നിങ്ങനെ 30 പേർക്ക് വീതിച്ചുനൽകി. ഇതോടെ ഒരുദ്യോഗസ്ഥന് ശരാശരി 50--60 പദ്ധതികളുടെ ചുമതല മാത്രമാണ് ലഭിച്ചിരുന്നത്. അതിനാൽ സമയബന്ധിതമായി ടെൻഡർ ഉൾെപ്പടെ നടപടികൾ വേഗത്തിലാക്കാനും പദ്ധതികൾ പൂർത്തിയാക്കാനും തടസ്സമുണ്ടായിരുന്നില്ല.
പുതിയ നിർദേശപ്രകാരം തിരുവനന്തപുരം കോർപറേഷനിൽ 30 പേർക്ക് വീതിച്ച പദ്ധതികൾ ഒരു സൂപ്രണ്ടിങ് എൻജിനീയർ, മൂന്ന് എക്സി. എൻജിനീയർ എന്നിങ്ങനെ നാലുപേരിൽ മാത്രമായി ചുരുങ്ങും. കൊല്ലം, തൃശൂർ, കൊച്ചി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ രണ്ട് എക്സി. എൻജിനീയർമാർക്കാണ് ഡി.ഡി.ഒ കോഡ് അനുവദിച്ചിരിക്കുന്നത്. പാലക്കാട്, കോട്ടയം മുനിസിപ്പാലിറ്റികളിലും ജില്ല പഞ്ചായത്തുകളിലും ബാധകമാക്കിയാണ് ഉത്തരവിറക്കിയത്. അങ്ങനെയെങ്കിൽ ഒരുേദ്യാഗസ്ഥന് 300 പദ്ധതികളുടെ ചുമതല ഏറ്റെടുക്കേണ്ടിവരും. പദ്ധതി നടത്തിപ്പിനെ വരും വർഷങ്ങളിലും ഇത് പിന്നോട്ടടിക്കുമെന്നാണ് വിലയിരുത്തൽ. സുതാര്യത ഉറപ്പുവരുത്താനാണ് ഇത്തരം ക്രമീകരണമെന്ന് അധികൃതർ വിശദീകരിക്കുന്നുണ്ടെങ്കിലും പുതിയ മാർഗനിർദേശം കൊണ്ടുവന്നത് പദ്ധതികളെ മൊത്തത്തിൽ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.