'ഞങ്ങൾ ഇങ്ങനെയായത് ഞങ്ങളുടെ കുറ്റംകൊണ്ടല്ലല്ലോ?; ഹൃദയം പൊട്ടി ട്രാൻസ്​ജെന്‍ഡര്‍ സജ​ന​ ചോദിക്കുന്നു

കൊച്ചി: ഒടുവിൽ വേദനകൾ പറയാൻ ട്രാൻസ്​ജെൻഡർ സജ​ന ഷാജിക്ക്​ ഫേസ്​ബുക്​ ലൈവിൽ വരേണ്ടി വന്നു. എറണാകുളം ഇരുമ്പനത്ത് വഴിയരികിൽ ഭക്ഷണം വിറ്റ് ജീവിക്കുകയായിരുന്നു സജ്​ന അടക്കം അഞ്ച് ട്രാന്‍സ്‍ജെന്‍ഡേഴ്​സ്​. നല്ല അഭിപ്രായവുമായി ബിരിയാണി കച്ചവടം മുന്നോട്ടുപോകുന്നതിനിടയിൽ തൊട്ടടുത്ത് കച്ചവടം നടത്തുന്ന സംഘം സജ​ന ഉള്‍പ്പെടെയുള്ളവരെ ആണും പെണ്ണും കെട്ടവരെന്ന് അധിക്ഷേപിച്ചും കച്ചവടം മുടക്കിയും ഉപദ്രവിക്കുകയാണെന്നാണ്​ സജ​നയുടെ ആരോപണം. സ്റ്റേഷനില്‍ പരാതി പറഞ്ഞിട്ടും ഇടപെടാന്‍ പോലും പൊലീസ് തയ്യാറായില്ലെന്നും സജ​ന പറയുന്നു. പൊലീസ്​ മോശം രീതിയിൽ പ്രതികരിച്ചെന്നും ഫുഡ് ഇൻസ്‌പെക്​ടറാണെന്ന് പറഞ്ഞ് ചിലര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സജ്​ന പറഞ്ഞു. ഫുഡ് ആന്റ് സേഫ്റ്റിയുടെ ലൈസൻസ് എടുത്തിട്ടാണ് കച്ചവടം തുടങ്ങിയതെന്നും അവർ കൂട്ടിച്ചേർത്തു.

"ഇന്ന് ഞാൻ ഉണ്ടാക്കികൊണ്ടുപോയ ഭക്ഷണം മുഴുവൻ ബാക്കി ആയി. 20 ഊണും 150 ബിരിയാണിയുമാണ് ഉണ്ടാക്കിയത്. ആകെ വിറ്റ് പോയത് 20 ബിരിയാണി മാത്രമാണ്. എന്ത് ചെയ്യണമെന്ന് അറിയില്ല. നാളെ സാധനമെടുക്കാൻ പോലും പണമില്ല. ഉണ്ടായിരുന്നതെല്ലാം വിറ്റുപെറുക്കി, കുടുക്ക വരെ പൊട്ടിച്ചാണ് ഞങ്ങൾ ബിരിയാണി കച്ചവടം തുടങ്ങിയത്"

"ഞങ്ങള്‍ക്ക് ആരുമില്ല. ഞങ്ങൾ ഇങ്ങനെയായത് ഞങ്ങളുടെ കുറ്റംകൊണ്ടൊന്നുമല്ലല്ലോ. അന്തസായി ജോലിയെടുത്ത് ജീവിക്കാൻ സമ്മതിക്കില്ലെങ്കിൽ ഞങ്ങളൊക്കെ എന്താ ചെയ്യേണ്ടത്? തെരുവിലും ട്രെയിനിലുമൊക്കെ ഭിക്ഷ യാചിക്കാനല്ലേ പറ്റുള്ളൂ. ജോലിയെടുത്ത് ജീവിച്ചൂടെ എന്ന് എല്ലാവരും ചോദിക്കുമല്ലോ. ജോലി എടുത്ത് ജീവിക്കാൻ സമ്മതിക്കില്ലെങ്കില്‍ പിന്നെ എന്ത് ചെയ്യും ഞങ്ങള്‍?'' -ഫേസ്​ബുക്​ ലൈവിൽ ഹൃദയംപൊട്ടിയുള്ള സജനയുടെ ചോദ്യം അധികാരിക​ളോടാണ്​.

കൊച്ചി പൊലീസും സാമൂഹിക നീതി വകുപ്പും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും ആഭ്യന്തര, സാമൂഹിക നീതി വകുപ്പ് മന്ത്രിമാരുടെ ശ്രദ്ധ ഇക്കാര്യത്തിൽ പതിയണമെന്നും വി.ടി.ബൽറാം എം.എൽ.എ ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥ തലത്തിൽ വീഴ്​ചയുണ്ടെങ്കിൽ നടപടി സ്വീകരിക്കമെന്നും ബൽറാം കൂട്ടിച്ചേർത്തു. 

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.