തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ യൂണിഫോം വാങ്ങാനായി ശേഖരിച്ച ഏഴ് ലക്ഷം രൂപ ഓൺലൈൻ ഗെയിമിംഗിലൂടെ നഷ്ടപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ പൊലീസ് ട്രെയിനിക്കെതിരെ കടുത്ത നടപടി. യൂണിഫോം ഫണ്ട് തട്ടിയെടുത്ത കേസിൽ പിടിയിലായ ട്രെയിനി ശംഭുവിനെ സർവിസിൽ നിന്ന് മാറ്റിനിർത്തുകയും പരിശീലനത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. കെ.എ.പി 3 ബറ്റാലിയൻ കമാൻഡറാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
പരിശീലന കാലയളവിലായിരുന്നു ശംഭുവിന്റെ ക്രമക്കേട്. യൂനിഫോം കമ്മിറ്റി അംഗമായിരുന്ന ശംഭുവിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പൊലീസ് ഉദ്യോഗസ്ഥർ യൂനിഫോം ഫണ്ടായ ആകെ ഏഴ് ലക്ഷം രൂപ കൈമാറിയത്. എന്നാൽ ഏറെ നാളായിട്ടും യൂനിഫോം ലഭിക്കാതെ വന്നതിനെ തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ്, ഈ തുക മുഴുവൻ ഓൺലൈൻ ഗെയിമിംഗിലൂടെ നഷ്ടപ്പെട്ടതായി ശംഭു സമ്മതിച്ചത്.
തുടർന്ന് ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശംഭുവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഈ അറസ്റ്റിന് പിന്നാലെയാണ് വകുപ്പ് കടുത്ത അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.
ട്രെയിനി ജീവനക്കാരനായതിനാൽ സാധാരണ നൽകുന്ന സസ്പെൻഷൻ നടപടികൾക്ക് പകരമാണ് പരിശീലനത്തിൽനിന്ന് പൂർണമായി ഒഴിവാക്കിക്കൊണ്ട് സർവിസിൽനിന്ന് നീക്കം ചെയ്തത്. നിലവിൽ ശംഭുവിന് പൊലീസ് യൂനിഫോം ധരിക്കാനോ പരിശീലനം തുടരാനോ ഉള്ള അവകാശമില്ല. ഈ നടപടി ചോദ്യം ചെയ്ത് ഉയർന്ന അധികാരികളെ സമീപിച്ച് അനുകൂല ഉത്തരവ് ലഭിച്ചാൽ മാത്രമേ ഇനി സർവീസിലേക്ക് തിരിച്ചെത്താനുള്ള സാഹചര്യമുണ്ടാകൂ.
പൊലീസ് ഉദ്യോഗസ്ഥരെ തന്നെ കബളിപ്പിച്ച് പണം തട്ടിയെടുത്തു എന്നതാണ് ഈ കേസിലെ പ്രധാന പ്രത്യേകത. സംഭവത്തിൽ കൂടുതൽ നിയമനടപടികളും വകുപ്പുതല അന്വേഷണവും ശക്തമായി തുടരുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.