തിരുവനന്തപുരം : ബി.ജെ.പി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നടപടികൾ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്തിനെയും മുൻ സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷിനെയും വിളിച്ചുവരുത്തി വിശദീകരണം തേടി.
ഫണ്ട് ക്രമക്കേടിൽ അഞ്ജനാ രഞ്ജിത്തിന് പ്രധാന പങ്കുണ്ടെന്ന് പാർട്ടി നിയോഗിച്ച അന്വേഷണ സമിതി നേരത്തെ കണ്ടെത്തിയിരുന്നു. ഇവരിൽനിന്ന് മൊഴിയെടുത്തതിന് പിന്നാലെയാണ് സംസ്ഥാന അധ്യക്ഷൻ നേരിട്ട് വിളിപ്പിച്ച് വിവരങ്ങൾ തേടിയത്. ഫണ്ട് തട്ടിപ്പ് നടന്നിട്ടില്ലെന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ആദ്യ വിശദീകരണമെങ്കിലും, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കോർ കമ്മിറ്റി യോഗത്തിൽ വി. മുരളീധരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ആവശ്യപ്പെടുകയുണ്ടായി.
സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷിനെതിരെയും യോഗത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഓഫീസ് ചുമതലയിൽ നിന്ന് നേരത്തെ ഗിരീഷിനെ മാറ്റിയിരുന്നു. വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി ഉടൻ തുടർനടപടികൾ സ്വീകരിക്കുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി. "ഉപ്പ് തിന്നവർ വെള്ളം കുടിക്കും" എന്നായിരുന്നു വിഷയത്തിൽ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം. പാർട്ടിയിലെ നേതാക്കൾ തന്നെ ബി.ജെ.പിയെ പ്രതിരോധത്തിലാക്കിയെന്നും വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.