അർജുൻ ആയങ്കിയെ ഒളിപ്പിച്ചതല്ല, എത്തിയത് കീഴടങ്ങാൻ -അഭിഭാഷക

കണ്ണൂർ: അർജുൻ ആയങ്കി പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞതല്ലെന്നും കീഴടങ്ങാൻ തീരുമാനിച്ചാണ് തന്റെ ഫ്ലാറ്റിലേക്ക് വന്നതെന്നും അഭിഭാഷക അഡ്വ. ഡെലീറ്റ ടൈറ്റസ് മാധ്യമങ്ങളോട് വ്യക്തമാക്കി. തന്റെ ഫ്ലാറ്റിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. താൻ അർജുനെ ഒളിപ്പിച്ചു താമസിപ്പിച്ചു എന്ന ആരോപണം പൂർണ്മായും തെറ്റാണെന്ന് ഡെലീറ്റ പറഞ്ഞു

. അർജുന്റെ പേരിൽ അഞ്ചോളം കേസുകളുണ്ട്. ഇതിനാൽ സുപ്രീം കോടതിയിൽ ജാമ്യം ലഭിക്കുന്നതിനായുള്ള ഹർജി തയ്യാറാക്കുന്നതടക്കം നിരവധി നിയമപരമായ കാര്യങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടായിരുന്നു. ഈ കാര്യങ്ങൾ സംസാരിക്കാനും മാനസികമായി കീഴടങ്ങാൻ തയ്യാറെടുക്കാനുമായിട്ടാണ് അർജുൻ ഫ്ലാറ്റിലെത്തിയത്. പൊലീസ് സ്ക്വാഡ് എത്തിയപ്പോൾ ഒരു തരത്തിലുള്ള തടസ്സവും അവിടെ ഉണ്ടായില്ല. തങ്ങൾ തന്നെ വാതിൽ തുറന്നുനൽകുകയും അവർ അർജുനെ കൊണ്ടുപോവുകയുമാണുണ്ടായത്.

അവിടെ നിന്നും രക്ഷപ്പെടാൻ യാതൊരു ശ്രമവും നടത്തിയിട്ടില്ലെന്നും കീഴടങ്ങാൻ വേണ്ടി മാത്രമാണ് അർജുൻ വന്നതെന്നും അവർ ആവർത്തിച്ചു. പൊലീസ് സ്റ്റേഷനിൽനിന്നും വെറും രണ്ട് കിലോമീറ്റർ മാത്രം ദൂരമുള്ള ഫ്ലാറ്റിലാണ് താൻ താമസിക്കുന്നത്. തളിപ്പറമ്പിൽനിന്ന് കണ്ണൂരിലേക്ക് വരുന്നത് തന്നെ കീഴടങ്ങാനാണ്. ഈ ഫ്ലാറ്റിൽ സി.സി.ടി.വി ഉണ്ടെന്ന കാര്യം തനിക്കും അർജുനും അറിയാം.

ചുറ്റും ഒരുപാട് വീടുകളുമുണ്ട്. അങ്ങനെയുള്ള സ്ഥലത്ത് ഒരാളെ ഒളിപ്പിച്ചു നിർത്താൻ കഴിയില്ല. തന്റെ ഫ്ലാറ്റ് തന്നെ ഓഫിസും താമസസ്ഥലവുമായി ഉപയോഗിക്കുന്നതിനാലാണ് ഇയാൾ അവിടെ വന്നത് ഇത് കേവലം ഒരു ക്ലയന്റ്-അഡ്വക്കേറ്റ് ബന്ധം മാത്രമാണെന്നും അവർ വ്യക്തമാക്കി

മൊബൈൽ ഫോൺ സംബന്ധിച്ച് കോടതിയിൽ ശക്തമായ വാദമാണ് നടന്നതെന്ന അ​ർ​ജു​ൻ ആ​യ​ങ്കി​യു​ടെ വ​ക്കീ​ൽ എം.​കെ. ഹ​സ്സ​ൻ പറഞ്ഞു. റിമാൻഡ് റിപ്പോർട്ടിൽ ഒരു മൊബൈൽ കസ്റ്റഡിയിലെടുത്തതായി വ്യക്തമാക്കുന്നുണ്ടെങ്കിലും അതിന്റെ പേരോ ഐ.എം.ഇ.ഐ നമ്പറോ ബ്രാൻഡോ വ്യക്തമാക്കാൻ പൊലീസ് തയ്യാറായിട്ടില്ല.

എന്നാൽ കസ്റ്റഡി അപേക്ഷയിൽ ഐഫോൺ 16 പ്രോ കണ്ടെത്തണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ആഗസ്റ്റ് ഏഴിന് എടുത്ത എഫ്.ഐ.ആറിൽ, ഒമ്പതാം തീയതി റിമാൻഡ് ചെയ്യപ്പെട്ട പ്രതിയിൽ നിന്നും ‘ഐഫോൺ 16 പ്രോ’ കണ്ടെത്തണമെന്ന് പൊലീസ് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ്രതിഭാഗം ചോദ്യം ചെയ്തു.സാധാരണയായി സൈബർ കേസുകളിൽ സോഷ്യൽ മീഡിയ ഉപയോഗിച്ചുള്ള വിവരങ്ങൾ കണ്ടെത്താൻ മെറ്റ പോലെയുള്ള പ്ലാറ്റ്‌ഫോമുകളിലേക്ക് മെയിൽ അയച്ച് വിവരങ്ങൾ ശേഖരിക്കാറുണ്ട്.

എന്നാൽ, വെറും നാല് ദിവസം കൊണ്ട് ഇയാൾ ഉപയോഗിച്ചത് ഐഫോൺ 16 പ്രോ ആണെന്ന് പൊലീസ് എങ്ങനെ കണ്ടെത്തിയെന്ന് പ്രതിഭാഗം വാദിച്ചു. പ്രതിഭാഗത്തിന്റെ ഈ ഒബ്ജക്ഷൻ (എതിർപ്പ്) പരിഗണിച്ചാണ് കോടതി അഞ്ച് ദിവസത്തെ കസ്റ്റഡി അനുവദിക്കാതെ മൂന്ന് ദിവസം മാത്രമായി ചുരുക്കിയതെന്നും അഭിഭാഷകൻ പറഞ്ഞു.

Tags:    
News Summary - അർജുൻ ആയങ്കിയെ ഒളിപ്പിച്ചതല്ല, എത്തിയത് കീഴടങ്ങാൻ -അഭിഭാഷക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.