വാർത്തകൾ നീക്കം ചെയ്യാൻ ഐ.ടി നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ല; മാധ്യമസ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള കേന്ദ്ര–സംസ്ഥാന നീക്കം അനുവദിക്കില്ലെന്നും ജോൺ ബ്രിട്ടാസ് എം.പി

തിരുവനന്തപുരം: സർക്കാരിനെതിരായ വാർത്തകൾ സാമൂഹിക മാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്ത് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ നീക്കം അനുവദിക്കാനാകില്ലെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം.പി. വിമർശനങ്ങളെ നേരിടാൻ കഴിയാതെ വരുമ്പോൾ അവയെ ഇല്ലാതാക്കാൻ ഭരണകൂടം സാങ്കേതിക സംവിധാനങ്ങളെ ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് തന്നെ വലിയ ഭീഷണിയാണെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

മാധ്യമങ്ങൾ പ്രസിദ്ധീകരിക്കുന്ന സർക്കാരിനെതിരായ വാർത്തകൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും രാജ്യത്തെ ഉപയോക്താക്കൾക്ക് ലഭ്യമാകാത്ത തരത്തിൽ നിയന്ത്രിക്കുന്നത് അതീവ ഗൗരവമുള്ള വിഷയമാണ്. സർക്കാരിനെ വിമർശിക്കുന്ന വാർത്തകൾ നീക്കം ചെയ്യാൻ ഐ.ടി നിയമങ്ങളിലെ വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. മാധ്യമങ്ങളുടെ ഉള്ളടക്കം എന്തായിരിക്കണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരല്ല. സർക്കാരിന് ഇഷ്ടപ്പെടാത്ത വാർത്തകൾ ഇല്ലാതാക്കാനുള്ള അധികാരം ഭരണകൂടത്തിന് ആരും നൽകിയിട്ടില്ലെന്നും ബ്രിട്ടാസ് ചൂണ്ടിക്കാട്ടി.

കേന്ദ്രസർക്കാരിന്റെ നയങ്ങളെ വിമർശിക്കുന്ന വാർത്തകൾക്ക് പുറമെ, സംസ്ഥാന സർക്കാരിനെ വിമർശിക്കുന്ന വാർത്തകളും ഇത്തരത്തിൽ നിയന്ത്രിക്കപ്പെടുന്നുവെന്നത് കടുത്ത ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. അധികാരത്തിന്റെ രാഷ്ട്രീയനിറം എന്തുതന്നെയായാലും, മാധ്യമസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഇത്തരം നടപടികൾ ശക്തമായി എതിർക്കപ്പെടേണ്ടതാണ്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള വാർത്തകൾ കൈരളി ന്യൂസ്, ദേശാഭിമാനി, റിപ്പോർട്ടർ ഉൾപ്പെടെയുള്ള മാധ്യമങ്ങളുടെ പേജുകളിൽനിന്ന് വ്യാപകമായി നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്. ടി.ജി. മോഹൻദാസിന്‍റെ അറസ്റ്റിലെ വി.ഡി. സതീശന്റെ വിമർശനം, എം.ഡി.എം.എ കേസിൽ അറസ്റ്റിലായവരും മുഖ്യമന്ത്രിയും ഒരുമിച്ചുള്ള ചിത്രം പുറത്തുവന്നത്, മോദി സർക്കാരിനെ വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാർത്ത തുടങ്ങിയവയെല്ലാം 'മെറ്റ' നീക്കം ചെയ്തവയിൽ ഉൾപ്പെടുന്നു. മാധ്യമങ്ങളുടെ പേജുകൾക്ക് പുറമെ വ്യക്തിഗത പ്രൊഫൈലുകളിൽനിന്നും സമാനമായ രീതിയിൽ വാർത്തകൾ അപ്രത്യക്ഷമായിട്ടുണ്ട്.

സർക്കാരിനെ ചോദ്യം ചെയ്യാനും തെറ്റുകൾ ചൂണ്ടിക്കാണിക്കാനും മാധ്യമങ്ങൾക്ക് പൂർണ സ്വാതന്ത്ര്യമുണ്ടാകണം. വിമർശനാത്മകമായ വാർത്തകൾ അപ്രത്യക്ഷമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നത് ജനങ്ങളുടെ അറിയാനുള്ള അവകാശത്തെയാണ് ഹനിക്കുന്നത്. ഐ.ടി നിയമത്തിന്‍റെ മറവിൽ മെറ്റയിൽ സമ്മർദം ചെലുത്തി മാധ്യമ ഉള്ളടക്കങ്ങൾ നിയന്ത്രിക്കുന്ന പ്രവണത അടിയന്തരമായി അവസാനിപ്പിക്കണം. ഏത് സർക്കാരായാലും വിമർശനങ്ങൾ ഉൾക്കൊള്ളാനുള്ള ജനാധിപത്യപരമായ പക്വത കാണിക്കണമെന്നും, മാധ്യമങ്ങളെ നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ രാജ്യത്തെ മാധ്യമ സമൂഹവും ജനാധിപത്യ വിശ്വാസികളും ശക്തമായി പ്രതികരിക്കണമെന്നും ജോൺ ബ്രിട്ടാസ് ആവശ്യപ്പെട്ടു.

Tags:    
News Summary - വാർത്തകൾ നീക്കം ചെയ്യാൻ ഐ.ടി നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാകില്ല; മാധ്യമസ്വാതന്ത്ര്യം കവർന്നെടുക്കാനുള്ള കേന്ദ്ര–സംസ്ഥാന നീക്കം അനുവദിക്കില്ലെന്നും ജോൺ ബ്രിട്ടാസ് എം.പി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.