മേല്‍നോട്ടത്തിനും യാത്രക്കാരെ സഹായിക്കാനും ഇനി ട്രെയിന്‍ ക്യാപ്റ്റന്‍മാര്‍

തിരുവനന്തപുരം: ട്രെയിനുകളില്‍ യാത്രക്കാരെ സഹായിക്കാനും മുഴുവന്‍ മേല്‍നോട്ടത്തിനും ഇനി ട്രെയിന്‍ ക്യാപ്റ്റന്‍മാരും. യാത്രക്കിടയിലുണ്ടാകുന്ന റിസര്‍വേഷന്‍, സുരക്ഷ, സീറ്റ് ലഭ്യത എന്നിവ സംബന്ധിച്ച് പരാതികള്‍ കൈകാര്യംചെയ്യുന്നതിനും യാത്രക്കാരുടെ ആവശ്യങ്ങള്‍ വേഗത്തില്‍ പരിഹരിക്കുന്നതിനുമായാണ് പുതിയ സംവിധാനം.

ട്രെയിന്‍ യാത്ര ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നത് വരെയാണ് ട്രെയിന്‍ ക്യാപ്റ്റന്‍െറ സേവനമുണ്ടാകുക. സീനിയര്‍ ടി.ടി.ഇമാരെയാണ് നിയോഗിക്കുന്നത്. കോച്ചുകളുടെ ശുചിത്വം, ജലലഭ്യത മുതല്‍ സുരക്ഷ വരെ എല്ലാകാര്യങ്ങള്‍ക്കും ട്രെയിന്‍ ക്യാപ്റ്റന്‍മാരെ ബന്ധപ്പെടാം. റിസര്‍വേഷന്‍ സംബന്ധിച്ച എസ്.എം.എസ് സന്ദേശത്തിലും ചാര്‍ട്ടിലും വണ്ടികളിലെ ട്രെയിന്‍ ക്യാപറ്റന്‍മാരുടെ പേരും മൊബൈല്‍ നമ്പറും ഉള്‍പ്പെടുത്തും.

സതേണ്‍ റെയില്‍വേയില്‍ തിരുവനന്തപുരം-ചെന്നൈ മെയില്‍ (12624), ചെന്നൈ-സെന്‍ട്രല്‍-തിരുവനന്തപുരം മെയില്‍ (12623), തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (12696), ചെന്നൈ-തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് (12695), മംഗളൂരു-ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് മെയില്‍ (12602), ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസ്റ്റ് മെയില്‍ (12601) എന്നിങ്ങനെ ആറ് ട്രെയിനുകളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.

ഇതില്‍ വെള്ളിയാഴ്ച ഉച്ചക്ക് 2.50ന് തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് തിരിക്കുന്ന ചെന്നൈ മെയിലിലാണ് ആദ്യമായി ട്രെയിന്‍ ക്യാപ്റ്റനെ ഏര്‍പ്പെടുത്തുക. 37 വര്‍ഷമായി ടി.ടി.ഇയായി സേവനമനുഷ്ഠിക്കുന്ന എറണാകുളം സ്വദേശി സി.എഫ്. പെറ്റ്സനെയാണ് തിരുവനന്തപുരം ഡിവിഷന്‍ ആദ്യദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്.

നിലവില്‍ യാത്രസംബന്ധമായ പരാതികള്‍ കൈകാര്യംചെയ്യുന്നത് ടി.ടി.ഇമാരാണ്. ജോലിത്തിരക്കും സമയപരിമിതിയുമുള്ളതിനാല്‍ എല്ലാ കാര്യങ്ങളിലും ഇവര്‍ക്ക് ഇടപെടാനാകില്ല. ട്രെയിനുകളിലെ വിവിധവിഭാഗം ജീവനക്കാരുടെ ഏകോപനവും ട്രെയിന്‍ ക്യാപ്റ്റന്‍െറ ചുമതലയിലായിരിക്കും.

കാരണമായത് യാത്രക്കാരിയുടെ ദുരനുഭവവും പരാതിയും

 ട്രെയിന്‍ ക്യാപ്റ്റന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിലേക്ക് വഴിതെളിച്ചത് യാത്രക്കാരിയുടെ പരാതി. രണ്ട് മാസം മുമ്പ് സുവിധ പ്രത്യേക ട്രെയിനില്‍ കട്പാടിയില്‍നിന്ന് എറണാകുളത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് യാത്രക്കത്തെിയ യുവതിക്കാണ് ദുരനുഭവമുണ്ടായത്. കട്പാടിയില്‍നിന്ന് ട്രെയിനില്‍ കയറിയെങ്കിലും ഇവരുടെ സീറ്റില്‍ ഏതാനും പുരുഷന്മാര്‍ കൈയടക്കിയതിനാല്‍ ഇരിക്കാനായില്ല.

പുരുഷയാത്രക്കാര്‍ മദ്യപിച്ചിരുന്നു. ആര്‍.പി.എഫിനെ വിവരമറിയിച്ചെങ്കിലും സീറ്റ് മാറിനല്‍കാന്‍ ഇവര്‍ക്ക് അധികാരമില്ലാത്തതിനാല്‍ ഒന്നുംചെയ്യാനായില്ല. ടി.ടി.ഇമാര്‍ക്ക് തിരക്കുകാരണം ഇവരുടെ കോച്ചുകളില്‍ എത്താനും കഴിഞ്ഞില്ല. തുടര്‍ന്ന് എറണാകുളത്ത് ട്രെയിനിറങ്ങിയ ഇവര്‍ സതേണ്‍ റെയില്‍വേ ചീഫ് കൊമേഴ്സ്യല്‍ മാനേജര്‍ക്കടക്കം പരാതി അയച്ചു. ഇത് റെയില്‍വേ ഉന്നത ഉദ്യോഗസ്ഥര്‍ പരിഗണിക്കുകയും പുതിയ ക്രമീകരണത്തെക്കുറിച്ച് ആലോചിക്കുകയുമായിരുന്നു.

 

Tags:    
News Summary - train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.