തിരുവനന്തപുരം/മയ്യനാട് (കൊല്ലം): ട്രാക്കിൽ മരം വീണ് വൈദ്യുതി തടസ്സപ്പെട്ടതോടെ സംസ്ഥാനത്ത് ട്രെയിൻഗതാഗതം താളംതെറ്റി. സമയപ്പട്ടികയിൽ അടിയന്തരസ്വഭാവത്തിൽ താൽക്കാലികമായി മാറ്റംവരുത്തിയാണ് റെയിൽവേ പ്രതിസന്ധിയെ മറികടക്കാൻ ശ്രമിക്കുന്നത്.
കൊല്ലം-തിരുവനന്തപുരം പാതയിൽ തടസ്സപ്പെട്ട ട്രെയിൻഗതാഗതം പത്തര മണിക്കൂർ നീണ്ട കഠിനാധ്വാനത്തിന് ശേഷമാണ് പൂർണമായും പുനഃസ്ഥാപിച്ചത്. ഇതുകൂടാതെ തിങ്കളാഴ്ച രാവിലെ ഏഴരയോടെ മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ചെട്ടിപ്പടിക്ക് സമീപവും മരം പാളത്തിലേക്ക് വീണു. ഇതിനാൽ നിരവധി ട്രെയിനുകൾ മണിക്കൂറുകൾ വൈകിയാണ് യാത്ര തുടർന്നത്.
തിങ്കളാഴ്ച രാത്രി എേട്ടാടെയാണ് മയ്യനാട് പപ്പടം റെയിൽേവ ഗേറ്റിന് വടക്കുവശം റെയിൽേവ ലൈനിലേക്ക് ആഞ്ഞിലിമരം വീണത്. വൈദ്യുതികമ്പികൾ പൊട്ടിവീഴുകയും പെരിനാട് മുതൽ കഴക്കൂട്ടം വരെ ലൈനിലെ വൈദ്യുതി ഓഫാകുകയും ചെയ്തു. ഇതോടെ പല ട്രെയിനുകളും നിശ്ചലമായി. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുള്ള പാസഞ്ചർ ട്രെയിൻ പോയ ശേഷമാണ് സംഭവം.
പ്രദേശവാസികൾ ഉടൻ മയ്യനാട് സ്റ്റേഷൻ മാസ്റ്ററെ വിവരം അറിയിച്ചതിനാൽ വലിയ അപകടം ഒഴിവായി.
പുലർച്ച ഒന്നേകാലോടെ തിരുവനന്തപുരം ഭാഗത്തേക്ക് ട്രെയിനുകൾ കടത്തിവിട്ടെങ്കിലും എട്ടുമണിക്കൂേറാളം വൈകിയാണ് കൊല്ലം ഭാഗത്തേക്ക് കടത്തിവിട്ടത്. മൂന്നുമണിയോടെ ആദ്യം കടത്തിവിട്ടത് മലബാർ എക്സ്പ്രസായിരുന്നു. വൈദ്യുതി ഓഫായതോടെ മാമൂട്ടിൽപാലത്തിനും കുളങ്ങരക്കും ഇടയിൽ മലബാർ എക്സ്പ്രസ് നിന്നുപോകുകയായിരുന്നു.
മലബാറിന് പിന്നാലെ കാൽമണിക്കൂർ വ്യത്യാസത്തിൽ മാവേലി, മംഗലാപുരം, കൊല്ലം മെമു എന്നിവ കടത്തിവിട്ടു. എട്ടുമണിക്കുശേഷം തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട ട്രെയിനുകൾ കൊല്ലത്തും അടുത്തുള്ള സ്റ്റേഷനുകളിലും പിടിച്ചിട്ടിരുന്നു. ഈ ട്രെയിനുകളും പുലർച്ചയാണ് കൊല്ലത്തുനിന്ന് യാത്ര തുടർന്നത്.
രാവിലെ കോഴിക്കോട്ടേക്ക് പോകുന്ന ജനശതാബ്ദി എക്സ്പ്രസ് രണ്ടര മണിക്കൂർ വൈകിയാണ് കൊല്ലത്തെത്തിയത്. റെയിൽേവ ജീവനക്കാരുടെ കഠിനപ്രയത്നം മൂലമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്. പല ട്രെയിനുകളും വൈകിയാണ് ഇപ്പോഴും സർവിസ് നടത്തുന്നത്. െട്രയിൻസമയം പൂർവസ്ഥിതിയിലാകാൻ രണ്ട് ദിവസമെങ്കിലും എടുക്കുമെന്ന് റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.