തൃശൂർ: ദേശീയപാത 544ല്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയിൽ വിള്ളലുണ്ടായ ഭാഗം ഇന്ന് പൊളിച്ചുനീക്കി തുടങ്ങും. ഒരു കിലോമീറ്ററോളം ഗതാഗതം പൂർണമായും നിർത്തിവെച്ചാണ് ഇന്ന് മുതൽ പുനർനിർമാണം ആരംഭിക്കുന്നത്. ഇന്ന് രാവിലെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ശക്തമായ മഴയെ തുടര്‍ന്ന് പാര്‍ശ്വഭിത്തി കൂടുതല്‍ ഇടിയുകയും റോഡിലെ വിള്ളല്‍ വലുതാവുകയും ചെയ്ത സാഹചര്യത്തിലാണ് പൊളിച്ചുനീക്കുന്നത്. ദേശീയ പാത അതോറിറ്റിക്ക് പുറമെ, റോഡ് സുരക്ഷാ അതോറിറ്റി, നാറ്റ്പാക്ക്, പാലക്കാട് ഐ.ഐ.ടി ഉള്‍പ്പെടെ ഏജന്‍സികള്‍ നിർമാണ പ്രവർത്തനത്തിന് മേല്‍നോട്ടം വഹിക്കും.
ഇന്നലെ മന്ത്രി കെ. രാജന്, കലക്ടര്‍ വി.ആര് കൃഷ്ണതേജ, സിറ്റി പൊലീസ് കമീഷണര്‍ അങ്കിത് അശോകന് തുടങ്ങിയവർ വിള്ളലുണ്ടായ പ്രദേശം സന്ദർശിച്ചിരുന്നു. റോഡ് നിര്‍മാണത്തില്‍ ഗുരുതര വീഴ്ചയാണ് കരാര്‍ കമ്പനിക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കരാറുകാര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം നോട്ടീസ് നല്കാന് മന്ത്രി കെ. രാജന് നിർദേശം നല്‍കിയിട്ടുണ്ട്. വിള്ളലുണ്ടായ ഭാഗം കരാറുകാര്‍ സ്വന്തം ചെലവില്‍ പൂര്‍ണമായും പൊളിച്ചുമാറ്റി പുനര്‍നിര്‍മിക്കാന്‍ ഇതുമായി ബന്ധപ്പെട്ട് നേരത്തേ നടന്ന യോഗത്തില്‍ തീരുമാനമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.