വാഹനാപകടത്തിൽ ദമ്പതികൾ മരിച്ച സംഭവം: സ്റ്റേഷന് സമീപം തൊണ്ടിമുതലിന് തീയിട്ടു, തെളിവു നശിപ്പിക്കലെന്ന് സംശയം

കിളിമാനൂർ(തിരുവനന്തപുരം): സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ ഭാര്യയും പിന്നാലെ ഭർത്താവും മരിച്ച സംഭവത്തിൽ സ്റ്റേഷനു സമീപം പിടിച്ചിട്ടിരുന്ന തൊണ്ടിമുതലിന്റെ ടയർ തീയിട്ട് നശിപ്പിച്ചു. സംഭവത്തിന് പിന്നിൽ തെളിവു നശിപ്പിക്കലാണെന്ന സംശയം ബലപ്പെടുന്നു. പ്രതികളെ സംരക്ഷിക്കുന്നവിധമുള്ള നടപടികളാണ് കിളിമാനൂർ പൊലീസിൽ നിന്നും അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐയിൽ നിന്നും ഉണ്ടായതെന്ന് ആരോപണമുണ്ട്. കേസുമായി ബന്ധപ്പെട്ട അഭിഭാഷക അഡ്വ. സിജിമോൾ തന്നെ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

സംഭവദിവസം അമിതവേഗതയിൽ വന്ന വാഹനം പാപ്പാലയിൽ വച്ച് ദമ്പതികൾ സഞ്ചരിച്ച ഇരുചക്രവാഹനം ഇടിച്ചുതെറിപ്പിച്ച ശേഷം തൊട്ടടുത്ത ഇലക്ട്രിക് പോസ്റ്റിലിടിച്ച് നിൽക്കുകയായിരുന്നു. അപകടത്തിൽ ദമ്പതികൾ റോഡിലേക്ക് തെറിച്ചുവീണു. പോസ്റ്റിലിടിച്ച വാഹനം പിന്നോട്ടെടുക്കവേ, റോഡിൽ വീണുകിടന്ന രഞ്ജിത്തിന്റെ ഭാര്യ അംബികയുടെ ശരീരത്തിലൂടെ കയറിയിറങ്ങി. എന്നിട്ടും ഡ്രൈവറും ഒപ്പയുണ്ടായിരുന്നവരും ഇവരെ രക്ഷിക്കാൻ തയ്യാറാകാതെ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ പിന്തുരുന്നതു കണ്ട് രണ്ടുപേർ വാഹനത്തിൽ നിന്നിറങ്ങി രക്ഷപ്പെട്ടു. ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

മരണപ്പെട്ട അംബികയുടെ സഹോദരൻ രാജേഷും അഡ്വ. സിജിമോളും സ്റ്റേഷനിലെത്തി കേസിന്റെ ചർച്ച ചെയ്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടു. വാഹനം ശരീരത്തിൽ കയറിയിട്ടില്ലെന്നാണ് അദ്ദേഹം പറഞ്ഞതത്രേ. എന്നാൽ ആശുപത്രിയിൽ ഡോക്ടർമാരിൽ നിന്നു കിട്ടിയ വിവരമനുസരിച്ച് വാഹനം ശരീരത്തിലൂടെ കയറിയിറങ്ങിയതായും ആന്തരികാവയങ്ങൾ പലതും തകർന്നതായും ഇവർ സി.ഐയോട് പറഞ്ഞു. ദൃക്സാക്ഷികളും ഇത് രേഖപ്പെടുത്തുന്നു.

എന്നാൽ സി. ഐ ഇത് അംഗീകരിച്ചില്ല. തുടർന്ന് വാഹനത്തിന്റെ ടയറിൽ നിന്ന് സാംമ്പിൾ എടുത്ത് ശാസ്ത്രീയ പരിശോധന നടത്തിയാൽ കൂടുതൽ തെളിവ് കിട്ടുമെന്ന് അഭിഭാഷക അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്രേ. അന്ന് രാത്രിയിൽ ടയർ കത്തിക്കുകയായിരുന്നു. ഇതിൽ നിന്ന് തെളിവു നശിപ്പിക്കാലാണെന്ന സംശയം ശക്തമാകുന്നു. തൊണ്ടി മുതൽ സ്റ്റേഷനിലാണ് സൂക്ഷിക്കേണ്ടത് എന്നി രിക്കെ എം.സി റോഡിൽ സ്റ്റേഷനിൽ നിന്ന് 100 മീറ്ററോളം മാറിയാണ് ഉപേക്ഷിച്ചിരുന്നത്.

Tags:    
News Summary - Couple killed in car accident: Property destroyed near station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.