കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസ് പ്രതികളായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ, സ്വർണ വ്യാപാരി ഗോവർധൻ, ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ മുരാരി ബാബു എന്നിവരുടെ ജാമ്യ ഹരജികൾ ഹൈകോടതി തള്ളി. ദേവന്റെ സ്വത്ത് സംരക്ഷിക്കേണ്ടവർ തന്നെ കൊള്ളയടിച്ചത് അതീവ ഗുരുതര കുറ്റകൃത്യമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ. ബദറുദ്ദീന്‍റെ ഉത്തരവ്. സ്വർണം കൈമാറ്റം ചെയ്യപ്പെട്ടതെങ്ങിനെയെന്ന കണ്ടെത്തലിന് പുറമെ വീണ്ടെടുക്കാനുള്ള നടപടികളുണ്ടാവണമെന്നും അല്ലാത്തപക്ഷം പ്രതികൾ രക്ഷപ്പെടുമെന്നും ഉത്തരവിൽ പറയുന്നു.
ദ്വാരപാലക ശില്‍പങ്ങളിലെയും ശ്രീകോവിൽ വാതിൽപാളിയിലെയും സ്വർണപ്പാളികൾ ചെമ്പെന്ന പേരിൽ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാൻ ഒത്താശ ചെയ്തതിലൂടെ സ്വർണക്കടത്തിൽ പങ്കാളിയായെന്നാണ് പത്മകുമാറിനെതിരായ കേസ്. ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് എന്ന നിലയിലെടുത്ത തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെന്നായിരുന്നു പത്മകുമാറിന്‍റെ വാദം. യു.ബി ഗ്രൂപ്പ് നൽകിയ വാതിലിന് വിടവുള്ളതിനാൽ പണിത് നൽകിയതിലൂടെ 1.40 കോടി രൂപ ചെലവഴിച്ച തന്നെ പ്രതിയാക്കി ജയിലലടച്ചിരിക്കുന്നു എന്നായിരുന്നു സ്വർണ വ്യാപാരിയായ കർണാടക സ്വദേശി ഗോവർധന്‍റെ പരാതി. വാതിൽ പാളിയിൽ നിന്ന് ഉരുക്കിനീക്കിയ സ്വർണത്തിന്റെ വിലയായി 14 ലക്ഷം രൂപ ആദ്യം നൽകിയതിന് പുറമെ കേസ് വന്നപ്പോൾ സ്വർണവും തിരികെ നൽകിയെന്ന് ഗോവർധൻ വാദിച്ചു.
മേലുദ്യോഗസ്ഥരുടെ നിർദേശ പ്രകാരമാണ് പ്രവർത്തിച്ചതെന്നും നിരപരാധിയാണെന്നുമായിരുന്നു മുരാരി ബാബുവിന്‍റെ വാദം. എന്നാൽ, ദ്വാരപാലക ശില്പങ്ങളിൽ നിന്ന് സ്വർണം കടത്തിയ കേസിലും, സ്വർണപ്പാളി മോഷണക്കേസിലും ഇവരുടെ പങ്ക് വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രണ്ടു കേസുകളിലായി 4147 ഗ്രാം സ്വർണമാണ് അപഹരിച്ചത്. ഇതിൽ ഗോവർധനിൽ നിന്ന് 474.960 ഗ്രാം കണ്ടെടുത്തു. അന്വേഷണ സംഘത്തന്റെ റിപ്പോർട്ട് പ്രകാരം രണ്ടു ദ്വാരപാലക വിഗ്രഹങ്ങളിൽ 1564.190 ഗ്രാം സ്വർണവും കട്ടിളപ്പാളികളിലും മറ്റുമായി 4302.660 ഗ്രാം സ്വർണവും പൂശിയിട്ടുണ്ട്.
കൊച്ചി: പരിഹരിക്കാനാവാത്ത പാപമാണ് സ്വർണക്കൊള്ളക്കേസ് പ്രതികൾ ചെയ്തതെന്ന് ഹൈകോടതി. ‘പഞ്ചാഗ്നി മധ്യേ തപസ് ചെയ്താലുമീ പാപ കർമത്തിൻ പ്രതിക്രിയയാകുമോ...’ എന്ന ചലച്ചിത്രഗാനവും കോടതി ഉദ്ധരിച്ചു. ഇപ്പോൾ ജാതിമത ഭേദമന്യേ എല്ലാവരും മൂളിപ്പോകുന്നതാണ് ഈ ഗാനം. സ്വർണത്തിന്റെ വലിയൊരു ഭാഗം വീണ്ടടുക്കാനുള്ളതിനാൽ അന്വേഷണം പാതിവഴിയിലാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ബോർഡ് അംഗങ്ങളായിരുന്ന വിജയകുമാറിനെയും, കെ.പി. ശങ്കരദാസിനെയും പ്രസിഡന്‍റായിരുന്ന പത്മകുമാറിനൊപ്പം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതിനാൽ ഈ ഘട്ടത്തിൽ ജാമ്യം നൽകുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കും. മുൻ എം.എൽ.എ എന്ന നിലയിൽ പത്മകുമാറിനുള്ള വലിയ സ്വാധീനം കേസിനെ ബാധിക്കും. ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും, സ്മാർട്ട് ക്രിയേഷൻസിലെ പങ്കജ് ഭണ്ഡാരിയുമായി ഗോവർധന് ഇടപാടിൽ നേരിട്ട് പങ്കാളിത്തമുണ്ട്. ബാക്കി സ്വർണം എവിടെയെന്ന് കണ്ടെത്തേണ്ടതിനാൽ ഗോവർധൻ കസ്റ്റഡിയിൽ തുടരേണ്ടത് ആവശ്യമാണെന്ന പൊലീസ് റിപ്പോർട്ടും കോടതി ശരിവെച്ചു. വലിയ തോതിൽ സ്വർണം കവർന്നതിന് സംഭാവന നൽകിയ ചരിത്രമൊന്നും രക്ഷയാവില്ലെന്നും കോടതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.