ട്രാക്ക് നവീകരണം: മൂന്ന് ട്രെയിനുകളുടെ സർവിസിലും സമയത്തിലും മാറ്റം
തിരുവനന്തപുരം: ട്രാക്ക് നവീകരണ ജോലികൾ നടക്കുന്നതിനാൽ മൂന്ന് ട്രെയിനുകളുടെ സർവിസിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. 06495 തൃശൂർ-കോഴിക്കോട് അൺ റിസർവ്ഡ് എക്സ്പ്രസ് സെപ്റ്റംബർ ഒമ്പത് മുതൽ ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. നിലവിൽ വൈകുന്നേരം 6.40 ന് ഷൊർണൂരിൽ എത്തിയിരുന്ന ഈ ട്രെയിൻ ഒമ്പത് മുതൽ 6.45 നാകും എത്തുക.
ആലപ്പുഴ വഴി ഓടിയിരുന്ന 06442 കൊല്ലം-എറണാകുളം മെമു സെപ്റ്റംബർ ഒമ്പത് മുതൽ കോട്ടയം വഴിയാകും സർവിസ് നടത്തുക. നിലവിൽ കൊല്ലത്തുനിന്ന് രാത്രി 9.15 ന് പുറപ്പെടുന്ന ട്രെയിൻ ഒമ്പത് മുതൽ രാത്രി 9.05 നാകും യാത്ര ആരംഭിക്കുക. അതേസമയം എറണാകുളം ജങ്ഷനിലെ എത്തിച്ചേരൽ സമയത്തിൽ മാറ്റമില്ല.
06661 പുനലൂർ-കൊല്ലം മെമു പുനലൂരിൽനിന്ന് പുറപ്പെടുന്ന സമയത്തിൽ സെപ്റ്റംബർ ഒമ്പത് മുതൽ മാറ്റംവരും. നിലവിലെ പുറപ്പെടൽ രാത്രി 7.50 ന് ആണെങ്കിൽ ഇനിയത് 7.25 ന് ആയി മാറും. കൊല്ലത്ത് എത്തുന്ന സമയം നിലവിലെ 9.05 എന്നത് 8.40 ആയും.
അറ്റകുറ്റപ്പണി: മൂന്ന് ട്രെയിനുകൾക്ക് നിയന്ത്രണം
തിരുവനന്തപുരം: ആലുവ, കളമശ്ശേരി റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
സെപ്റ്റംബർ 11, 25 തീയതികളിലെ ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. മംഗളൂരുവിൽനിന്ന് സെപ്റ്റംബർ എട്ട്, 19, 29 തീയതികളിൽ പുറപ്പെടുന്ന മംഗളൂരു-തിരുവനന്തപുരം പ്രതിദിന എക്സ്പ്രസ് (16348) യാത്രാമധ്യേ 45 മിനിറ്റും സെപ്റ്റംബർ 12ലെ എറണാകുളം-കണ്ണൂർ ഇൻറർസിറ്റി (16305) 30 മിനിറ്റും വൈകും.
കൊച്ചുവേളി-താമ്പരം സ്പെഷൽ 10ന്
തിരുവനന്തപുരം: തിരക്ക് കണക്കിലെടുത്ത് കൊച്ചുവേളിയിൽനിന്ന് താമ്പരത്തേക്ക് സ്പെഷൽ ട്രെയിൻ അനുവദിച്ചു. സെപ്റ്റംബർ പത്തിന് വൈകുന്നേരം അഞ്ചിന് പുറപ്പെടുന്ന കൊച്ചുവേളി-താമ്പരം സൂപ്പർഫാസ്റ്റ് (06048) അടുത്തദിവസം ഉച്ചക്ക് 12ന് താമ്പരത്തെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.