സോളാർ ഗൂഢാലോചന; ഗണേഷ് കുമാറിനെതിരെ നിർണായക മൊഴിയുമായി കെ. ബാബു
സരിതയുടെ പങ്കാളിയായ ബിജു രാധാകൃഷ്ണൻ ഗണേഷ് കുമാറിനെതിരെ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്ക് പരാതി നൽകിയിരുന്നെന്നും മൊഴിയിലുണ്ട്. 2012ൽ എറണാകുളം ഗസ്റ്റ് ഹൗസിൽ വെച്ചായിരുന്നു ബിജു രാധാകൃഷ്ണൻ ഉമ്മൻചാണ്ടിയെ നേരിൽ കണ്ട് പരാതി നൽകിയത്. പിന്നാലെ ഉമ്മൻചാണ്ടി തന്നോട് ഈ വിവരം സൂചിപ്പിക്കുകയും എന്താണ് ചെയ്യേണ്ടതെന്നു ചോദിക്കുകയും ചെയ്തുവെന്നും കെ.ബാബു മൊഴിയിൽ പറയുന്നു. ബിജു രാധാകൃഷ്ണന്റെ പങ്കാളിയെ വിട്ടുനൽകാൻ ഗണേഷ് കുമാറിനോടു പറയണമെന്ന് തമാശരൂപേണ താൻ മറുപടി നൽകി. ഗണേഷിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധങ്ങളുണ്ടായത് ഈ കാലയളവിലാണ്. തുടർന്ന് 2013-ൽ ഗണേഷ് കുമാർ മന്ത്രിസ്ഥാനം രാജിവെച്ചു.
2014-ൽ ഉമ്മൻചാണ്ടിയും മന്ത്രിയായിരുന്ന ഷിബു ബേബി ജോണും കെ.സി. ജോസഫും കെ.ബാബുവും ചേർന്ന് ഗണേഷും ഭാര്യ യാമിനിയും തമ്മിലുള്ള പ്രശ്നത്തിൽ മധ്യസ്ഥത വഹിച്ചുവെന്ന് മൊഴിയിൽ പറയുന്നു. പിന്നീട് അവർ ബന്ധം വേർപ്പെടുത്തി. തുടർന്ന് മന്ത്രിസ്ഥാനത്തേക്ക് തിരികെയെത്താൻ ശ്രമിച്ച ഗണേഷ് കുമാറിന് വെല്ലുവിളിയായത് ആർ. ബാലകൃഷ്ണപിള്ളയുടെ എതിർപ്പും ബിജു രാധാകൃഷ്ണന്റെ പരാതിയുമാണ്. മന്ത്രിസഭയിലെത്താൻ സാധിക്കാത്ത വൈരാഗ്യത്തോടെയായിരുന്നു ഗണേഷിന്റെ പിന്നീടുള്ള പ്രവർത്തനങ്ങളെല്ലാം. ഇതിനിടെയാണ് സരിത ജയിലിൽനിന്ന് 21 പേജുള്ള കത്തെഴുതിയത്. കത്തിൽ അധികമായി ചേർത്ത നാല് പേജിലാണ് ഉമ്മൻചാണ്ടിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരായുള്ള ആരോപണങ്ങളുണ്ടായിരുന്നതെന്നും മൊഴിയിൽ പറയുന്നു. കേസിൽ ജയ്ഹിന്ദ് ക്യാമറാമാനായിരുന്ന കെ. ദിലീപും കഴിഞ്ഞ ദിവസം കോടതിയിൽ മൊഴിനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.