കൊല്ലം: ടി.ആര്‍ ആന്‍ഡ് ടീ കമ്പനിയുടെ ഭൂമി തട്ടിപ്പുകേസില്‍ കമ്പനിക്കെതിരെ ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കാതെ ഒത്തുകളിച്ചെന്ന ആരോപണത്തിനു പിന്നാലെ അഡീഷനല്‍ എ.ജി രഞ്ജിത് തമ്പാന്‍ ഹാരിസണ്‍സിന്‍േറതടക്കം ഭൂമിതട്ടിപ്പുകേസുകളില്‍ സര്‍ക്കാറിനെതിരെ ഹാജരായിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നു. ഹാരിസണ്‍സ് മുറിച്ചു വിറ്റ ഭൂമി വാങ്ങിയ തെന്മല സ്വദേശി ആനന്ദവല്ലിയമ്മക്കുവേണ്ടിയും മറ്റുചിലര്‍ക്കുവേണ്ടിയുമാണ് രഞ്ജിത് തമ്പാന്‍ ഹൈകോടതിയില്‍ ഹാജരായിട്ടുള്ളത്.
2009 ഫെബ്രുവരി ഏഴിന് മുപ്ളിവാലി എസ്റ്റേറ്റ് കേസില്‍ ഞായറാഴ്ച ഹൈകോടതി ചേര്‍ന്ന് സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത സംഭവം നടന്നപ്പോഴും ഭൂമി കേസുകള്‍ കൈകാര്യം ചെയ്തിരുന്നത് രഞ്ജിത് തമ്പാനായിരുന്നെന്ന് ഭൂസമരക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഇടതുസര്‍ക്കാറിന്‍െറ കാലത്ത് ഹാരിസണ്‍സിനെതിരായ ഭൂമിതട്ടിപ്പ് കേസുകള്‍ അട്ടിമറിച്ച സി.പി.ഐയിലെ ലോബിയാണ് ഇപ്പോഴും കേസുകള്‍ അട്ടിമറിക്കുന്നതിന് പിന്നിലെന്നും ആരോപണമുണ്ട്. ടി.ആര്‍ ആന്‍ഡ് ടീ കമ്പനി അനധികൃതമായി ഭൂമി കൈവശം വെക്കുന്ന കേസില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്യാതിരുന്നതോടെ റവന്യൂ സ്പെഷല്‍ ഓഫിസര്‍ കമ്പനിക്കെതിരെ സ്വീകരിച്ച എല്ലാനടപടിയും ഹൈകോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു. ഇത് തോട്ടം മേഖലയിലെ കമ്പനികള്‍ അനധികൃതമായി കൈവശം വെക്കുന്ന അഞ്ചുലക്ഷത്തോളം ഏക്കര്‍ ഭൂമി തിരിച്ചുപിടിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായി.
ടി.ആര്‍ ആന്‍ഡ് ടീ കമ്പനി സ്റ്റേ ഉത്തരവ് നേടിയത് പിന്‍പറ്റി മറ്റു കമ്പനികള്‍ക്കും സ്റ്റേ ഉത്തരവ് നേടാന്‍ സാധിക്കുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ കേസില്‍ അഡീഷനല്‍ എ.ജിയുടെ വീഴ്ചമൂലം കേസുകള്‍ പാടേ അട്ടിമറിക്കപ്പെട്ടുവെന്ന ആരോപണത്തിനുപിന്നാലെയാണ് ഹാരിസണ്‍സ് ഭൂമി വില്‍പനക്കേസില്‍ സര്‍ക്കാറിനെതിരെ അദ്ദേഹം ഹാജരായ വിവരം പുറത്തുവരുന്നത്. ആനന്ദവല്ലിയമ്മയുടെ 8716/2010 നമ്പര്‍ റിട്ട് പെറ്റീഷനിലാണ് സീനിയര്‍ അഭിഭാഷകന്‍ എന്ന നിലയില്‍ അദ്ദേഹം ഹാജരായത്. WP11837/13, RP340/15, WP7290/13, 28115/2006 എന്നീ ഭൂമി കേസുകളിലും രഞ്ജിത് തമ്പാന്‍ സര്‍ക്കാറിനെതിരെ ഹാജരായിട്ടുണ്ട്.
ആനന്ദവല്ലിയമ്മയുടെ കേസില്‍ ഹാജരായകാര്യം താന്‍ ഓര്‍ക്കുന്നില്ളെന്നാണ് ഇതുസംബന്ധിച്ച പ്രതികരണം ആരാഞ്ഞപ്പോള്‍ രഞ്ജിത് തമ്പാന്‍ ‘മാധ്യമ’ത്തോട് പറഞ്ഞത്. മുപ്ളിവാലി എസ്റ്റേറ്റുമായി ബന്ധപ്പെട്ട 4224/2009ാം നമ്പര്‍ കേസിലാണ് യഥാസമയം സത്യവാങ്മൂലം ഫയല്‍ ചെയ്യാതിരുന്നതുമൂലം സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യപ്പെട്ടത്. മുപ്ളിവാലിയിലേതടക്കം കൈവശഭൂമിയില്‍ ഹാരിസണ്‍സിന് അവകാശമില്ളെന്നതിന് നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട്, ജസ്റ്റിസ് എല്‍. മനോഹരന്‍ കമീഷന്‍ റിപ്പോര്‍ട്ട് എന്നിവ ഉണ്ടായിരുന്നെങ്കിലും ഒന്നും കോടതിയില്‍ ഹാജരാക്കപ്പെട്ടില്ല. ഈ രണ്ട് റിപ്പോര്‍ട്ടുകള്‍ക്കും ശേഷം സജിത് ബാബു കമീഷന്‍ റിപ്പോര്‍ട്ടും തയാറായെങ്കിലും അവയൊന്നും മന്ത്രിസഭായോഗത്തില്‍ പോലും ഹാജരാക്കാതെ അന്നത്തെ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രന്‍ പൂഴ്ത്തിവെച്ചു എന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു.
കേസുകളില്‍ തുടര്‍ച്ചയായി വീഴ്ചവരുത്തുന്ന രഞ്ജിത് തമ്പാനെ കേസ്നടത്തിപ്പില്‍ നിന്ന് നീക്കണമെന്ന് ടി.ആര്‍ ആന്‍ഡ് ടീ തോട്ടം ഏറ്റെടുക്കല്‍ സമരസമിതി ജനറല്‍ കണ്‍വീനര്‍ പ്രഫ. റോണി കെ. ബേബിയും ജനറല്‍ സെക്രട്ടറി സോമന്‍ വടക്കേക്കരയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.