‘ഖൗമിലെ കുട്ടി’ വിവാദം കത്തുന്നു

പേരാമ്പ്ര (കോഴിക്കോട്): തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതോടൊപ്പം പേരാമ്പ്രയിൽ വിവാദങ്ങളും കത്തുകയാണ്. എൽ.ഡി.എഫിന്റെ പ്രചാരണ വാഹനത്തിൽനിന്ന് യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഫാത്തിമ തഹ്‍ലിയക്കെതിരെ നടത്തിയ വർഗീയ പരാമർശമാണ് ഇപ്പോഴത്തെ വിവാദങ്ങൾക്ക് കാരണം. മുസ്‍ലിം വീടുകളിൽ പോയി ‘നമ്മുടെ വോട്ട് നമ്മുടെ ഖൗമിലെ കുട്ടിക്ക്’ എന്ന് പറഞ്ഞാണ് മുസ്‍ലിം ലീഗ് വോട്ടുപിടിക്കുന്നതെന്ന് എൽ.ഡി.എഫ് നടത്തിയ അനൗൺസ്മെന്റിൽ പറഞ്ഞിരുന്നു. റെക്കോഡു ചെയ്ത അനൗൺസ്മെന്റാണ് നടത്തിയത്. ഈ വാഹനത്തിൽ ഇടതുമുന്നണി സ്ഥാനാർഥി ടി.പി. രാമകൃഷ്ണന് വോട്ടഭ്യർഥിക്കുന്ന ബോർഡ് സ്ഥാപിച്ചായിരുന്നു പ്രചാരണം.

ഇത് അബദ്ധമല്ലെന്നും നാട്ടിൽ വർഗീയത പരത്തി വോട്ടു നേടാൻ എൽ.ഡി.എഫ് നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചനയാണെന്നും യു.ഡി.എഫ് ആരോപിച്ചു. എന്നാൽ, മതം പറഞ്ഞും ജാതി പറഞ്ഞും വർഗീയത പറഞ്ഞും വോട്ടറെ സ്വാധീനിക്കുന്ന പ്രശ്നമില്ലെന്ന് സ്ഥാനാർഥിയും എൽ.ഡി.എഫ് കൺവീനറുമായ ടി.പി. രാമകൃഷ്ണൻ പറഞ്ഞു. തങ്ങളുടെ ആരെങ്കിലും എന്തെങ്കിലും അറിയാതെ ചെയ്തുപോയിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ടി.പി വ്യക്തമാക്കി.

എന്നാൽ, എൽ.ഡി.എഫിന്റെ പ്രചാരണ വാഹനത്തിൽ നടന്ന അനൗൺസ്മെന്റ് മുൻകൂട്ടി റെക്കോഡ് ചെയ്‌തതാണെന്നും സ്‌ഥാനാർഥി ടി.പി. രാമകൃഷ്ണന്റെ അറിവോടെയാണെന്നും ഫാത്തിമ തഹ്‍ലിയ ആരോപിച്ചു. സ്ക്രിപ്റ്റ് തയ്യാറാക്കി, പരിശോധിച്ച് റെക്കോഡ്ചെയ്‌ത ശേഷമാണ് അനൗൺസ്മെന്റ് വാഹനങ്ങളിലൂടെ പുറത്തുവരുന്നത്. ഇത് ടി.പി. രാമകൃഷ്ണൻ അറിഞ്ഞുകൊണ്ടല്ല എന്ന് പറയുന്നത് ഒളിച്ചോട്ടമാണ്. മതവിദ്വേഷം പടർത്താനുള്ള ബോധപൂർവ ശ്രമമാണ് പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു.

ഫാത്തിമ തഹ്‍ലിയ യു.ഡി.എഫ് സ്ഥാനാർഥിയായി പേരാമ്പ്രയിലെത്തിയത് മുതൽ വിവാദങ്ങൾ തുടരുകയാണ്. യു.ഡി.എഫ് സ്ഥാനാർഥി ജമാഅത്തെ ഇസ്‍ലാമിയുടെ നോമിനിയാണെന്ന് ഐ.എൻ.എൽ നേതാവ് അഹമ്മദ് ദേവർകോവിൽ ആരോപിച്ചതാണ് വിവാദങ്ങളുടെ തുടക്കം. ആരോപണം തെളിയിച്ചാൽ സ്ഥാനാർഥിത്വം പിൻവലിക്കാമെന്ന തഹ്‍ലിയയുടെ വെല്ലുവിളി ഏറ്റെടുക്കാൻ ദേവർകോവിൽ തയാറായില്ല. ടി.പി. രാമകൃഷ്ണനും ഈ ആരോപണം ഏറ്റെടുത്തില്ല. പിന്നീട് വലിയ തോതിലുള്ള സൈബർ ആക്രമണവും യു.ഡി.എഫ് സ്ഥാനാർഥി നേരിട്ടു. അവരിടുന്ന ഓരോ സമൂഹമാധ്യമ പോസ്റ്റിനു താഴെയും കേട്ടാൽ അറയ്ക്കുന്ന ഭാഷയിലുള്ള കമന്റുകളാണ് വന്നിരുന്നത്.

‘ഖൗമിലെ കുട്ടി’ വിവാദത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണം തുടങ്ങിയിട്ടുണ്ട്. മണ്ഡലത്തിൽ മുഴുവൻ പ്രചാരണത്തിനുവേണ്ടി പേരാമ്പ്ര സ്‌റ്റുഡിയോയിൽ നിന്ന് റെക്കോഡു ചെയ്തതാണ് ഈ അനൗൺസ്മെന്റിന്റെ ഉള്ളടക്കം. എന്നാൽ, വിവാദമായതോടെ എൽ.ഡി.എഫ് നേതൃത്വം ഉത്തരവാദിത്വത്തിൽനിന്ന് കൈകഴുകുകയാണെന്ന് യു.ഡി.എഫ് ആരോപിക്കുന്നു. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് ദിവസം വടകര മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെ ലക്ഷ്യംവെച്ച് കാഫിർ സ്ക്രീൻഷോട്ട് പ്രചരിച്ചത് എൽ.ഡി.എഫിന് വലിയ തിരിച്ചടിയായിരുന്നു.

Tags:    
News Summary - T.P. Ramakrishnan says he will cooperate with the investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.