എം സി മായിൻ ഹാജി, കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ
‘കാന്തപുരത്തിന് വേണ്ടി വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം ഒഴിയാനും ഞാൻ തയാർ, അദ്ദേഹത്തെ നേരിൽ കാണും’ -എം.സി മായിൻ ഹാജി
കോഴിക്കോട്: സർക്കാർ ആവശ്യപ്പെട്ടാൻ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം വരെ ഒഴിഞ്ഞുകൊടുക്കാൻ താൻ തയാറാണെന്ന് എം.സി. മായിൻ ഹാജി. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി രാജിവെച്ച് പകരം കാന്തപുരം വിഭാഗത്തിന് പ്രാതിനിധ്യം നൽകും എന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘കാന്തപുരം എ.പി വിഭാഗത്തെ സംതൃപ്തരാക്കുക എന്നത് എന്റെയും കൂടി അഭിപ്രായമാണ്. സർക്കാർ എന്നോട് ആവശ്യപ്പെട്ടാൽ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം ഞാൻ ഒഴിഞ്ഞു കൊടുക്കാൻ തയ്യാറാണ്. പാണക്കാട് തങ്ങൾ പറഞ്ഞാൽ, ഞാൻ ഒഴിഞ്ഞിട്ട് അവർക്ക് പ്രാതിനിധ്യം കൊടുക്കുകയാണെങ്കിൽ അതിനുപോലും ഞാൻ റെഡിയാണ്.
സമവായ ചർച്ചകളിൽ ഞാൻ പങ്കാളിയല്ല. നിയമിക്കാൻ തീരുമാനിച്ചവരാണ് ചർച്ച ചെയ്യേണ്ടതും തീരുമാനിക്കേണ്ടതും. ഞാൻ അതിലില്ല. ഞാൻ നിയമിക്കപ്പെട്ടവനല്ലേ. പ്രശ്ന പരിഹാരം തീർച്ചയായിട്ടും ഉണ്ടാവണം എന്ന അഭിപ്രായമാണ് എനിക്കുള്ളത്. എനിക്കതിൽ ഒരു അതൃപ്തിയും ഇല്ല. ഞാൻ പൊതുപ്രവർത്തകനല്ലേ. പൊതുപ്രവർത്തകൻ എന്ന് പറഞ്ഞാൽ പ്ലസ് ആൻഡ് മൈനസ് രണ്ടിനും റെഡിയല്ലേ.
വിവാദങ്ങൾക്ക് ഞാനല്ല മറുപടി പറയേണ്ടത്. പരിഹാര ഫോർമുല എങ്ങനെയാണെന്ന് എനിക്കറിയില്ല. ഞാൻ അതിൽ ഉൾപ്പെട്ടിട്ടില്ല. എന്ത് ഫോർമുല ആണെങ്കിലും ചെയർമാൻ എന്ന നിലക്ക് അത് അംഗീകരിക്കും.
പ്രമുഖ പണ്ഡിതനും നേതാവുമാണ് കാന്തപുരം ഉസ്താദ്. ഇസ്ലാമുമായി ബന്ധപ്പെട്ട പിന്നെ ഒരു സ്ഥാനത്തേക്ക് ഞാൻ വരുമ്പോൾ തീർച്ചയായും അദ്ദേഹത്തെ പോയി കാണുക എന്നത് എന്റെ ചുമതലയാണ്. ഞാൻ അത് നിർവഹിക്കും. ഇന്നലെയും കഴിഞ്ഞ ദിവസവും ഞാൻ പോകാതിരുന്നത് സാധിക്കാതെ വന്നതുകൊണ്ടാണ്. സാധിക്കുമെങ്കിൽ ഇന്ന് ഏതെങ്കിലും സമയത്ത് അദ്ദേഹത്തെ വിളിച്ചു ചോദിച്ചിട്ട് അദ്ദേഹത്തിന്റെ സമയം അനുസരിച്ച് പോകും.
എപ്പോഴും എല്ലാവരെയും കൂട്ടിപ്പിടിച്ചു പോകണം എന്ന അഭിപ്രായമാണ് മുസ്ലിം ലീഗിനുള്ളത്. ഞാൻ ഉണ്ടായാൽ പിന്നെ ഇകെ വിഭാഗത്തിന് അതൃപ്തി ഉണ്ടാകുമെന്ന് ഞാൻ വിചാരിക്കുന്നില്ല. ഞാൻ വഖ്ഫ് ബോർഡ് ചെയർമാൻ ആയതിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമക്ക് അതൃപ്തി ഉണ്ടാവേണ്ട കാര്യമില്ല, ഉണ്ടാവില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
മുസ്തഫൽ ഫൈസി സമസ്ത ഇകെ വിഭാഗം പ്രതിനിധി ആയിരിക്കും. അദ്ദേഹത്തെ സമസ്തയിൽ നിന്ന് പുറത്താക്കിയിട്ടില്ല. മുശാവറ അംഗത്വത്തിൽ നിന്നും ഒഴിവാക്കി എന്നേ ഉള്ളൂ. സമസ്തക്ക് അതിൽ എന്തെങ്കിലും വിഷയമുണ്ടെങ്കിൽ നേതൃത്വവുമായി പറഞ്ഞു തീർക്കും. അതിൽ എനിക്ക് റോളില്ല.
ജിഫ്രി തങ്ങൾ എനിക്ക് എല്ലാ പിന്തുണയും തന്നു. അദ്ദേഹത്തെ വിളിച്ചിരുന്നു. പ്രതികരണം വളരെ സന്തോഷകരമായിരുന്നു. എനിക്ക് വേണ്ടി പ്രാർഥിക്കുകയും ചെയ്തു. അദ്ദേഹത്തെ ഉറപ്പായിട്ടും കാണും. ഞാൻ ആദ്യം കാണുക അദ്ദേഹത്തെ ആയിരിക്കും. ഇന്ന് അദ്ദേഹത്തിന് സൗകര്യം ഉണ്ടെങ്കിൽ ഇന്ന് തന്നെ കാണും’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.