കെപിസിസി വിലക്ക് ലംഘിച്ച് ജെബി മേത്തർ; അടൂർ പ്രകാശിന് പിന്തുണയും കെ മുരളീധരന് മറുപടിയുമായി എംപി
കൊച്ചി: കോൺഗ്രസ് പാർലമെന്ററി പാർട്ടിയിലും മുന്നണിയിലും അസ്വാരസ്യങ്ങൾ പുകയുന്നതിനിടെ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പരസ്യമായി പിന്തുണച്ച് ജെബി മേത്തർ എം.പി. ആരുടെയും വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് ശരിയല്ലെന്നും എല്ലാവരും അതിനെ മാനിക്കണമെന്നും അവർ വ്യക്തമാക്കി. വിഷയത്തിൽ നേതാക്കൾ പരസ്യപ്രതികരണങ്ങൾ നടത്തരുതെന്ന കെപിസിസി വിലക്ക് പൂർണമായി ലംഘിച്ചാണ് എം.പിയുടെ ഈ പ്രതികരണം.
മുൻപ് കെ.മുരളീധരൻ നടത്തിയ അഭിപ്രായപ്രകടനങ്ങളിൽ എല്ലാവരും അദ്ദേഹത്തിന്റെ വ്യക്തിസ്വാതന്ത്ര്യത്തെ മാനിച്ചിരുന്നെന്നും, അന്നൊന്നും അദ്ദേഹത്തിന് പിന്നിൽ ആരെങ്കിലും ഉണ്ടെന്ന് ആരും ആരോപിച്ചിരുന്നില്ലെന്നും ജെബി മേത്തർ ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ അടൂർ പ്രകാശിന്റെ പിന്നിലും ആരുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിക്കെതിരെ ഒരാൾ നിരന്തരം വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിൽ, അതിനു പിന്നിൽ കർട്ടന് മറവിൽ വേറെയും ചില ആളുകളുണ്ടെന്ന തരത്തിൽ ആരോഗ്യമന്ത്രി കെ.മുരളീധരൻ കഴിഞ്ഞ ദിവസം നടത്തിയ പരാമർശത്തോടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ജെബി മേത്തർ.
സമൂഹമാധ്യമങ്ങളിൽ തനിക്കെതിരെ വ്യാപകമായി പ്രചരിക്കുന്ന സൈബറിടങ്ങളിലെ അധിക്ഷേപങ്ങളിൽ പരാതിയുമായി കൊച്ചി സൈബർ സ്റ്റേഷനിൽ മൊഴി നൽകാനെത്തിയതായിരുന്നു ജെബി മേത്തർ എം.പി. തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ സ്വന്തം പാർട്ടി പ്രവർത്തകർ തന്നെയാണോ ഉള്ളതെന്ന് പൊലീസ് നിഷ്പക്ഷമായി അന്വേഷിക്കട്ടെയെന്ന് അവർ ആവശ്യപ്പെട്ടു.
ഈ വിഷയം ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും, എന്നാൽ മുഖ്യമന്ത്രിയുമായി നേരിട്ട് ചർച്ച നടത്തിയിട്ടില്ലെന്നും വകുപ്പ് മന്ത്രിയോടാണ് ഇക്കാര്യം സംസാരിച്ചതെന്നും എം.പി വ്യക്തമാക്കി.
കോൺഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ പരസ്യപ്രസ്താവനക്ക് വിലക്കേർപ്പെടുത്തി കഴിഞ്ഞ ദിവസമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്ത് എത്തിയത്.
ഇനിയും പരസ്യപ്രതികരണം നടത്തിയാൽ കേന്ദ്ര നേതൃത്വത്തെ അറിയിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.പാര്‍ട്ടി വേദികളില്‍ അഭിപ്രായം പറയാം. പരസ്യപ്രതികരണം ഭൂഷണമല്ല, അത് തുടരാന്‍ അനുവദിക്കില്ല. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകള്‍ ആരും നടത്തരുത്. വിവാദമുണ്ടാക്കാനുള്ള അവകാശം ആര്‍ക്കുമില്ല. തുടര്‍ച്ചയായ പ്രസ്താവനകള്‍ പരിധി വിട്ടതുകൊണ്ടാണ് നിര്‍ദേശം നല്‍കേണ്ടി വന്നതെന്നും ഇത് എല്ലാവര്ക്കും ബാധകമാണെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് കൺവീനർ അടൂര്‍ പ്രകാശിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. വിവാദ പ്രസ്താവനകള്‍ ഒഴിവാക്കാന്‍ നേതാക്കള്‍ ബാധ്യസ്ഥരാണ്. നേതൃത്വം അത് ഇഷ്ടപ്പെടുന്നില്ല. അത് തടയേണ്ടത് എന്റെ ഉത്തരവാദിത്തമാണ്. ബന്ധപ്പെട്ടവരെ പ്രതികരണം നേരിട്ടറിയിക്കുമെന്നുമാണ് സണ്ണിജോസഫ് പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.