പട്ടികവിഭാഗങ്ങൾക്ക് ഭൂമി ലഭിച്ചതിന് കണക്കില്ല; പട്ടയമേളകളിലും സംവരണ ലംഘനമെന്ന് പരാതി
കൊച്ചി: പട്ടികവിഭാഗങ്ങൾക്ക് വീടിനും വികസനത്തിനും ലഭിക്കേണ്ട ഭൂമിയുടെ വിതരണത്തിൽ വലിയ ചട്ടലംഘനങ്ങൾ നടക്കുന്നതായി പരാതി. വിവിധ പട്ടയ മേളകളിൽപോലും സംവരണം മറികടന്നാണ് ഭൂമി വിതരണമെന്നാണ് വിവിധ പട്ടികജാതി സംഘടനകളുടെയും സാമൂഹിക പ്രസ്ഥാനങ്ങളുടെയും ആരോപണം.
1964ലെ ഭൂമി പതിച്ചുനൽകൽ ചട്ടം (11) പ്രകാരം 25 ശതമാനം ഭൂമി പട്ടികവിഭാഗങ്ങൾക്കും വിമുക്ത ഭടന്മാർക്കും നൽകണമെന്നാണ് നിയമമെങ്കിലും ഇതുസംബന്ധിച്ച് ലഭിക്കുന്ന സർക്കാർ രേഖകളിൽ എത്ര ശതമാനം ഭൂമി ഈ വിഭാഗങ്ങൾക്ക് നൽകിയതായി വ്യക്തമായ രേഖകളില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
സർക്കാറിന്റെ നൂറുദിന കർമപരിപാടിയിൽ റവന്യൂ വകുപ്പ് പ്രഖ്യാപിച്ചിരുന്ന 5000 പട്ടയങ്ങളുടെ സ്ഥാനത്ത് 11,000 പേർക്ക് പട്ടയം വിതരണം ചെയ്യാൻ സാധിച്ചുവെന്ന് റവന്യൂ മന്ത്രി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ എറണാകുളം ജില്ലയിൽ മാത്രം 10.6995 ഹെക്ടർ ഭൂമി 566 പേർക്ക് പതിച്ചുനൽകിയപ്പോൾ പട്ടികജാതി-വർഗ അപേക്ഷകരിൽ ആകെ ലഭിച്ചത് 49 പേർക്ക് മാത്രമാണ്.
25 ശതമാനം ഭൂമി പട്ടികജാതി-വർഗക്കാർക്കും വിമുക്ത ഭടന്മാർക്കും പതിച്ചുനൽകിയിട്ടുണ്ടോയെന്ന വിവരം ഓഫിസിൽനിന്ന് ശേഖരിക്കാൻ രേഖകളില്ലെന്നാണ് വിവരാവകാശ കമീഷൻ വഴി നൽകിയ ചോദ്യത്തിന് മറുപടിയായി നൽകിയത്.
അപേക്ഷവരുന്ന മുറക്ക് കൈവശാവകാശം, വരുമാനം, മുൻഗണന വിഭാഗങ്ങൾ മാനദണ്ഡങ്ങൾപാലിച്ച് വിതരണം ചെയ്യുന്നതായാണ് പറയുന്നത്. എന്നാൽ, വിമുക്ത ഭടന്മാർ ഉൾപ്പെടെയുള്ളവർക്ക് നൽകുന്ന സംവരണത്തിലും വ്യക്തമായ മാനദണ്ഡമില്ലെന്നാണ് മനസ്സിലാവുന്നത്. 2016 മുതൽ പത്തുവർഷം കൊച്ചി താലൂക്കിൽ മാത്രം പട്ടികവിഭാഗങ്ങൾക്ക് 0.7143 ഹെക്ടർ ഭൂമിമാത്രമാണ് പതിച്ചുനൽകിയത്.
എന്നാൽ, കൊച്ചി താലൂക്കിൽ 5308 ഹെക്ടർ സർക്കാർ പുറമ്പോക്ക് ഭൂമി നിലവിലുണ്ടെന്നും കൊച്ചി താലൂക്ക് പൊതുവിവരാവകാശ ഓഫിസ് ലാൻഡ് റിഫോംസ് ജൂനിയർ സൂപ്രണ്ട് നൽകിയ മറുപടിയിൽ പറയുന്നു. കൂടാതെ എത്ര സെന്റ് വീതമാണ് ഈ വിഭാഗങ്ങൾക്ക് നൽകിയതെന്നതിനും വ്യക്തതയില്ല.
ഭൂമിയുടെ 25 ശതമാനം പട്ടികജാതി-വർഗക്കാർക്ക് പതിച്ചു നൽകുന്നതിലേക്കായി നീക്കിവെക്കണമെന്ന വ്യവസ്ഥ ലംഘിച്ചുകൊണ്ടാണ് സർക്കാർ ഭൂമി പതിച്ചുനൽകുന്നതെന്നും ചട്ടപ്രകാരം അർഹതപ്പെട്ട ഭൂമി നിഷേധിച്ചതിൽ അന്വേഷണം നടത്തണമെന്നുമാവശ്യപ്പെട്ട് സാംബവ മഹാസഭ സ്ഥാപക ജനറൽ സെക്രട്ടറി ശിവൻ കദളി എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിച്ച പരാതി അനന്തരനടപടികൾക്കായി പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്ക് അയച്ചിരിക്കുകയാണ്. സംവരണ ചട്ടം ലംഘിച്ചു നൽകിയ പട്ടയങ്ങൾ റദ്ദു ചെയ്യണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
യു.ഡി.എഫ് സർക്കാറിന്റെ ‘ഭൂപരിഷ്ക്കരണം 2.0’ പദ്ധതി നടപ്പാക്കാൻ സർക്കാർ ഒരു പഠന സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിനായി സർക്കാർ ഇറക്കിയ ഉത്തരവ് പ്രധാനമായും തോട്ടം ഭൂമി ബഹുവിളകളാക്കി മാറ്റാനും ഭൂപരിധി പുനർനിർണയിക്കാനുമുള്ള നിയമസാധ്യത ആരായാനുമാണ് ലക്ഷ്യമിടുന്നത്.
എന്നാൽ, ഭൂരഹിതരുടെ ഭൂപ്രശ്നം പരിഹരിക്കാൻ നിയമസാധുത തേടാൻ പാനസംഘത്തിന് നിർദേശം നൽകിയിട്ടില്ല. വ്യാജരേഖകളിലൂടെ ചിലർ കൈവശം വെച്ചുവരുന്ന വിദേശതോട്ടങ്ങൾ ഏറ്റെടുത്ത് ഭൂരഹിതർക്ക് നൽകുമെന്ന് യു.ഡി.എഫ് വാഗ്ദാനം ചെയ്തിരുന്നു. മധ്യതിരുവിതാംകൂറിൽ മാത്രം അഞ്ചര ലക്ഷം ഏക്കർ ഭൂമി വിദേശതോട്ടങ്ങളായി ഉണ്ടെന്നും അത് സർക്കാരിന് ഏറ്റെടുക്കാൻ കഴിയുമെന്നും ഡോ. രാജമാണിക്യം റിപ്പോർട്ട് നൽകിയിരുന്നു.
നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന വിദേശതോട്ടങ്ങൾ ഏകദേശം 10 ലക്ഷം ഏക്കറോളം വരും. ഇവ ഏറ്റെടുത്ത് ഭൂരഹിതരുടെ പ്രശ്ങ്ങൾക്ക് പരിഹാരം കാണാനും വികസനാവശ്യങ്ങൾക്ക് ഭൂമി മാറ്റിവെക്കാനുമുള്ള സാധ്യതയാണ് യു.ഡി.എഫ് സർക്കാർ അട്ടിമറിക്കുന്നത്. അരലക്ഷത്തോളം കോളനികളിലും ചേരികളിലും ദുരിതമനുഭവിക്കുന്നവർക്കും മറ്റ് ഭൂരഹിതർക്കും ഭൂമി ലഭിക്കാനുള്ള സാധ്യത നിയമംമൂലം അട്ടിമറിക്കപ്പെടുമെന്നാണ് ദലിത് സംഘടനകൾ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞദിവസമാണ് പൊതുവിഭവങ്ങളടക്കം ബജറ്റിന് പുറത്തുള്ള സംവിധാനത്തിലേക്ക് വഴിതിരിച്ചുവിട്ടതിലൂടെ സാധാരണ പ്ലാൻ പ്രക്രിയ വഴി ഈ ദുർബല വിഭാഗങ്ങൾക്ക് ലഭിക്കേണ്ടിയിരുന്ന ആയിരക്കണക്കിന് കോടി രൂപയുടെ വികസന വിഹിതം നഷ്ടമായ സുധാപിള്ള കമ്മിറ്റിയുടെ കണക്ക് പുറത്തുവന്നത്.
ഭരണഘടനാപരമായും ജനസംഖ്യാനുപാതികമായും ലഭ്യമാക്കേണ്ട കോടിക്കണക്കിന് രൂപയുടെഎസ്.സി-എസ്.ടി വിഹിതവും അട്ടിമറിച്ചെന്നാണ് കണ്ടെത്തൽ. പൊതുബജറ്റിലൂടെയും പ്ലാൻ ഫണ്ടിലൂടെയും ഈ അടിസ്ഥാന സൗകര്യ വികസനം നേരിട്ട് നടത്തിയിരുന്നതെങ്കിൽ എസ്.സി-എസ്.ടി വിഭാഗങ്ങൾക്കുള്ള 12.64 ശതമാനം വിഹിതം പൂർണമായി ലഭ്യമാവുകയും ചെയ്യുമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു.
ഭൂരഹിതരായ ദലിതർ, ആദിവാസികൾ, തോട്ടം തൊഴിലാളികൾ, ഇതര ഭൂരഹിതർ തുടങ്ങിയവർക്ക് ഭൂമി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകൾ ചേർന്ന് രൂപംനൽകിയ ഭൂഅവകാശസമിതിയുടെ നേതൃത്വത്തിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.