അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സമ്പൂർണ യാത്രാസൗജന്യം

തിരുവനന്തപുരം: അതിദരിദ്ര കുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും സൗജന്യ യാത്ര. ഇതുസംബന്ധിച്ച് ഗതാഗതവകുപ്പ് ഉത്തരവിറക്കി. നവംബർ ഒന്നുമുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരുക.

നിലവിൽ ഹയർ സെക്കൻഡറി വരെ മുഴുവൻ വിദ്യാർഥികൾക്കും കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രാസൗജന്യം അനുവദിക്കുന്നു. കോളജ് തലത്തിൽ മാനദണ്ഡങ്ങൾ പരിഗണിച്ച് കൺസഷൻ നിരക്കും. സ്വകാര്യ ബസുകളിലും കൺസഷൻ നിരക്കാണുള്ളത്.

പുതിയ ഉത്തരവ് പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്ത് അതിദരിദ്രമെന്ന് കണ്ടെത്തിയ 64,000 കുടുംബങ്ങളിലെ വിദ്യാർഥികളുടെ യാത്ര പൂർണമായും സൗജന്യമാകും. നാല് ക്ലേശ ഘടകങ്ങളാണ് അതിദാരിദ്ര്യ നിർണയത്തിലുള്ളത്. ഭക്ഷണം, ആരോഗ്യം, വരുമാനം, വാസസ്ഥലം എന്നിവയാണവ. ഭക്ഷണം മാത്രം ക്ലേശകരമായ 4,736 കുടുംബങ്ങളാണുള്ളത്. ആരോഗ്യം ക്ലേശകരമായ 28,663 വ്യക്തികൾ ഉൾപ്പെട്ട 13,753 കുടുംബങ്ങളുണ്ട്.

വരുമാനം മാത്രം ക്ലേശകരമായ 1,705 കുടുംബങ്ങളും ഭക്ഷണവും ആരോഗ്യവും ക്ലേശകരമായ 8,671 കുടുംബങ്ങളുമുണ്ട്. 2025 ഓടെ അതിദരിദ്രമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. 10ാം തരം കഴിഞ്ഞ കുട്ടികൾക്ക് തൊട്ടടുത്ത സ്കൂളിൽ പഠിക്കാൻ സൗകര്യം ഏർപ്പെടുത്തും.

ഉന്നത വിദ്യാഭ്യാസ സ്കോളർഷിപ്, സ്റ്റൈപന്റ്, കോളജ് കാന്‍റീനില്‍ സൗജന്യഭക്ഷണം എന്നിവ നൽകും. റേഷൻ കാർഡുകൾ തരംമാറ്റാനുള്ള അപേക്ഷകളിൽ ബാക്കിയുള്ളവ ഉടൻ പൂർത്തിയാക്കണം. അതിദാരിദ്ര്യ ലിസ്റ്റില്‍പ്പെട്ട സങ്കേതികതടസ്സമില്ലാത്ത മുഴുവൻ പേർക്കും അവകാശ രേഖകൾ നൽകി.

2025 നവംബർ ഒന്നിന് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ഓരോ വിഭാഗങ്ങളിൽ എത്ര കുടുംബങ്ങളെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ചുവെന്ന് പ്രത്യേകം പ്രഖ്യാപിക്കും.

Tags:    
News Summary - Total free travel for children from very poor families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.