വിരലിനുപകരം നാവിൽ ശസ്ത്രക്രിയ; മെഡിക്കൽ ബോർഡ് യോഗം ഒന്നിന്

കോഴിക്കോട്: മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഇടതു കൈയിലെ ആറാം വിരലിനുപകരം നാവിൽ ശസ്ത്രക്രിയ നടത്തി‍യ കേസിൽ ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് യോഗം ജൂൺ ഒന്നിന് നടക്കും. കേസിൽ ഡോക്ടർക്കെതിരെ അന്വേഷണവുമായി മുന്നോട്ടുപോകാനും കുറ്റപത്രം സമർപ്പിക്കാനും പൊലീസിന് മെഡിക്കൽ ബോർഡിന്‍റെ അനുമതിവേണം.

ഒന്നിന് ചേരുന്ന ബോർഡ് യോഗം മുമ്പാകെ പൊലീസ് രേഖകൾ സമർപ്പിക്കും. ഇത് പരിശോധിച്ച് ഡോക്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് മെഡിക്കൽ ബോർഡ് വിലയിരുത്തും. കുട്ടിക്ക് ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ കോളജ് അസോസിയറ്റ് പ്രഫസർ ഡോ. ബിജോൺ ജോൺസണെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ഇത് ആരോഗ്യ വകുപ്പ് അംഗീകരിക്കുകയും ചെയ്തിരുന്നു.

ഇക്കഴിഞ്ഞ 16നാണ് കൈയിലെ ആറാം വിരൽ, ശസ്ത്രിക്രിയയിലൂടെ മാറ്റാനെത്തിയ ചെറുവണ്ണൂർ മധുര ബസാർ സ്വദേശിയായ നാലു വയസ്സുകാരിക്ക് നാവിൽ ശസ്ത്രക്രിയ നടത്തിയത്. ബന്ധുക്കൾ പിഴവ് ചൂണ്ടിക്കാട്ടിയപ്പോൾ കുട്ടിയെ തിയറ്ററിലേക്ക് തിരികെക്കയറ്റി കൈവിരലിന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഡോക്ടറുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചുവെന്നാണ് വകുപ്പുതല അന്വേഷണ സംഘം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് സമർപ്പിച്ച റിപ്പോർട്ടിൽ പറ‍യുന്നത്. സാധാരണ ചികിത്സാപിഴവ് കേസുകളിൽ ഡോക്ടർമാർക്ക് ശുദ്ധിപത്രം നൽകിയാണ് മെഡിക്കൽ റിപ്പോർട്ട് സമർപ്പിക്കാറുള്ളത്. എന്നാൽ, ഈ കേസിൽ കുട്ടിയുടെ രക്ഷിതാക്കളുടെ സമ്മതം വാങ്ങാതെയാണ് നാവിന് ശസ്ത്രക്രിയ നടത്തിയതെന്ന് ഡോക്ടർ എഴുതി ഒപ്പിട്ട് നൽകിയത് ഇതിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - tongue surgery instead of finger; Medical board meeting at 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.