യാത്രക്കാർക്കടക്കം 24 മണിക്കൂറും പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാം; ഇടക്കാല ഉത്തരവുമായി ഹൈകോടതി

കൊച്ചി: പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗത്തിൽ ഇടക്കാല ഉത്തരവുമായി ഹൈകോടതി. ദീർഘദൂര യാത്രക്കാർക്ക് അടക്കം 24 മണിക്കൂറും പെട്രോൾ പമ്പുകളിലെ ശുചിമുറി തുറന്നുകൊടുക്കണമെന്നാണ് ഹൈകോടതി ഉത്തരവിട്ടത്.

പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം സംബന്ധിച്ച വിഷയത്തിൽ പലതവണ ഹൈകോടതി ഇടപെട്ടിട്ടുണ്ട്. ആദ്യഘട്ടത്തിൽ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കരുതെന്ന് ഉത്തരവിറക്കിയ ഹൈകോടതി പിന്നീട് അതിൽ ഭേദഗതി വരുത്തുകയുണ്ടായി.

ദേശീയപാതകളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ പൊതുജനങ്ങൾക്ക് മുഴുവൻ സമയവും തുറന്നുകൊടുക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. മറ്റിടങ്ങളിലെ പെട്രോൾ പമ്പുകളിലുള്ള ശുചിമുറികൾ ഇന്ധനം അടിക്കാനെത്തുന്നവർക്കും ദീർഘദൂര യാത്രക്കാർക്കും ഉപയോഗിക്കാമെന്നും കോടതി വ്യക്തമാക്കുകയുണ്ടായി. ഇത്തരം ശുചിമുറികൾക്ക് മുന്നിൽ പൊതുശുചിമുറി എന്ന ബോർഡ് സ്ഥാപിക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു. പൊതുശൗചാലയങ്ങൾ നിർമിക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണെന്നും ഇത് സ്വകാര്യ പമ്പുടമകളിൽ അടിച്ചേൽപ്പിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു.

പെട്രോൾ പമ്പിലെ ശുചിമുറികൾ ഉപയോക്താക്കൾക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന് മുമ്പ് ഹൈകോടതി സിംഗിൾ ബെഞ്ച് ഇടക്കാല ഉത്തരവിറക്കിയിരുന്നു. അതിലാണ് ഡിവിഷൻ ബെഞ്ച് പിന്നീട് മാറ്റം വരുത്തിയത്.

പമ്പുകളിലെ ശുചിമുറികൾ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുന്നതിനെതിരെ പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റിയും മറ്റ് സ്വകാര്യ പമ്പുടമകളുമാണ് കോടതിയെ സമീപിച്ചത്. പമ്പുകളിൽ ഇന്ധനമടിക്കാൻ എത്തുന്നവർക്ക് അടിയന്തര സന്ദര്‍ഭത്തിൽ ഉപയോഗിക്കുന്നതിനാണ് ശുചിമുറിയെന്നായിരുന്നു ഹരജിക്കാരുടെ വാദം.

Tags:    
News Summary - Toilets at petrol pumps can be used 24 hours a day says high court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.