മാണി സി. കാപ്പൻ
തട്ടിപ്പ് കേസിൽ ശിക്ഷ; മാണി സി. കാപ്പനെ അയോഗ്യനാക്കി പാലാ സീറ്റ് ഒഴിവുള്ളതായി പ്രഖ്യാപിക്കണമെന്ന് സ്പീക്കർക്ക് കത്ത്
തിരുവനന്തപുരം: കണ്ണൂർ വിമാനത്താവളത്തിൽ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ട പാലാ എം.എൽ.എ മാണി സി. കാപ്പനെ അയോഗ‍്യനാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭ സ്പീക്കർക്ക് കത്തയച്ചു. പ്രവാസി വ‍്യവസായി ദിനേശ് മേനോന്‍റെ അഭിഭാഷകനാണ് കത്തയച്ചത്.
മാണി സി. കാപ്പനെ അയോഗ‍്യനാക്കണമെന്നും പാലാ സീറ്റ് ഒഴിവുള്ളതായി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നുമാണ് കത്തിലെ ആവശ‍്യം. എം.എൽ.എക്ക് മൂന്നര വർഷത്തെ തടവ് ശിക്ഷയുള്ളതായും ശിക്ഷ ഒരുമിച്ച് അനുഭവിക്കാൻ കോടതി ഉത്തരവില്ലെന്നും പരാതിക്കാരൻ കത്തിൽ പറയുന്നു.
മുംബൈ വ‍്യവസായി ദിനേശ് മേനോന്‍റെ പരാതിയിൽ മുംബൈ ബോറിവാലി മജിസ്ട്രേറ്റ് കോടതിയാണ് മാണി സി. കാപ്പനെ ശിക്ഷിച്ചത്. നാലു കേസുകളിലായി 5.3 കോടി രൂപ പലിശസഹിതം നഷ്ടപരിഹാരം നൽകണമെന്നാണ് കോടതി ഉത്തരവ്. എന്നാൽ, തന്‍റെ ഭാഗം കേൾക്കാതെയാണ് വിധി വന്നതെന്നും അപ്പീലിന് പോകുമെന്നും എം.എൽ.എ മാധ‍്യമങ്ങളോട് പ്രതികരിച്ചിരുന്നു.
വിധിക്കെതിരെ അപ്പീൽ നൽകാൻ 30 ദിവസത്തെ സാവകാശം ലഭിച്ചിട്ടുണ്ടെന്നും അന്തിമ വിധി വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടാകാമെന്നും എം.എൽ.എ ആരോപിച്ചു.
അതേസമയം, മാണി സി. കാപ്പനെതിരെ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് മുംബൈയിലെ ബോറിവലി മജിസ്‌ട്രേറ്റ് കോടതി പിൻവലിച്ചു. കേസിൽ വിധി പ്രസ്താവിക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്നായിരുന്നു കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. കാപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി അപേക്ഷ നൽകിയതിനു പിന്നാലെയാണ് വാറണ്ട് പിൻവലിക്കാൻ കോടതി ഉത്തരവിട്ടത്.
നാല് ചെക്ക് കേസുകളിലായി മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയുമാണ് കോടതി മാണി സി. കാപ്പനെതിരെ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.