ടി.കെ. ഗോവിന്ദൻ
സി.പി.എം ഇതിന് മുമ്പ് തെറ്റ് തിരുത്തിയ ചരിത്രമില്ല, എന്നാൽ തെറ്റ് തിരുത്താൻ ചർച്ച നടത്തിയതായി ചരിത്രമുണ്ട്: ടി.കെ ഗോവിന്ദൻ
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം വിശകലനം ചെയ്യുന്നതിനായി കോഴിക്കോട് മൂന്ന് ദിവസം ചേരുന്ന സി.പി.എം വിശാല സമിതി യോഗത്തിനെ വിമർശിച്ച് തളിപ്പറമ്പ് എം.എൽ.എ ടി.കെ. ഗോവിന്ദൻ. സി.പി.എം പാർട്ടി ഇതിന് മുമ്പ് തെറ്റ് തിരുത്തിയ ചരിത്രമില്ലെന്നും എന്നാൽ തെറ്റ് തിരുത്താൻ ചർച്ച നടത്തിയതായി ചരിതമുണ്ടെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു.
'വിശാല സമിതി യോഗത്തിൽ പല മനോഹരമായ തീരുമാങ്ങളും എടുക്കാറുണ്ട്. എന്നാൽ, ആ തീരുമാനങ്ങൾ താഴെ തട്ടിൽ റിപ്പോർട്ട് ചെയ്ത് ദിവസങ്ങളും മാസങ്ങളും പാഴാക്കുകയല്ലാതെ ആരും തെറ്റ് തിരുത്തിയ ചരിത്രമില്ല. അതുകൊണ്ട് പാർട്ടിക്കുള്ളിലെ തെറ്റ് തിരുത്തുക എന്നത് അധരവ്യായാമമാണ്. ഈ ചർച്ചയിൽ നിന്നും പാഠം പഠിക്കാൻ പാർട്ടി നേതൃത്വം തയ്യാറാകുമോ എന്നാണ് എന്റെ ചോദ്യം. നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായ പരാജയത്തിന്റെ പൂർണ കാരണം പാർട്ടി നേതൃത്വമാണ്. ഇത് ഏതെങ്കിലുമൊരു മണ്ഡലത്തിലല്ല, മറിച്ച് കേരളത്തിലുടനീളമാണ്. ഇടതുപക്ഷത്തിന്റെ പത്ത് വർഷത്തെ ഭരണം വേണ്ടെന്ന് വെച്ചിട്ട് യു.ഡി.എഫിനെ ഭരണം ഏൽപ്പിക്കാനുള്ളൊരു മാനസികാവസ്ഥയാണ് കേരത്തിലെ ജനങ്ങൾക്കുണ്ടായിട്ടുള്ളത്. അതാണ് പാർട്ടി പരിശോധിക്കേണ്ടത്' ടി.കെ ഗോവിന്ദൻ പറഞ്ഞു.
'ഏറ്റവും വിമർശനത്തിന് വിധേയരായ നേതൃത്വം ഇപ്പോഴും പാർട്ടിയിലുണ്ട്. ആ നേതൃത്വത്തെ മാറ്റി ജനങ്ങളോട് പറയണം, നിങ്ങളുടെ വിമർശനം പാർട്ടി ഉൾക്കൊണ്ടു. വിമർശനത്തിന് വിധേയരായ നേതൃത്വത്തെ പാർട്ടി മാറ്റി നിർത്തി പുതിയ നേതൃത്വത്തെ നിങ്ങളുടെ മുമ്പിലേക്ക് വെക്കുന്നു. നിങ്ങൾ പാർട്ടിയോടൊപ്പം വരണം എന്ന് പറയാനായുള്ള ആർജവം പാർട്ടിക്കുണ്ടോ?' എന്ന ചോദ്യവും ടി.കെ ഗോവിന്ദൻ ഉന്നയിച്ചു.
അതേസമയം, വിമർശിക്കുന്നവരോട് തട്ടിക്കയറുകയല്ല വേണ്ടതെന്നും തിരിച്ചടിക്ക് കാരണം ശ്രദ്ധക്കുറവും വീഴ്ചകളുമാണെങ്കിൽ അവ തിരിച്ചറിഞ്ഞ് സത്യസന്ധമായി തിരുത്തുകയാണ് വേണ്ടതെന്നും സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി. തെറ്റുപറ്റുന്നത് മനുഷ്യസഹജമാണ്. അവ തിരിച്ചറിയുകയും തിരുത്താൻ വേണ്ട ഇടപെടൽ നടത്തുകയും ചെയ്യുകയാണ് കമ്യൂണിസ്റ്റ് സമീപനമെന്നും ബേബി കൂട്ടിച്ചേർത്തു. സി.പി.എം വിശാല സംസ്ഥാന സമിതി യോഗം കോഴിക്കോട് എ.കെ.ജി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാട്ടുകാർ പാർട്ടി പരിപാടിയും പ്രമേയവും വായിച്ച് പഠിച്ചല്ല സി.പി.എമ്മിനെ മനസ്സിലാക്കുന്നത്. പാർട്ടിക്കാർ അവരോട് എങ്ങനെ പെരുമാറുന്നുവെന്നത് മനസ്സിലാക്കിയാണ്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രസ്താവനയെന്ന നിലയിലാണ് ഓരോരുത്തരുടെയും ജനങ്ങളോടുള്ള പെരുമാറ്റം വിലയിരുത്തപ്പെടുക. അതുകൊണ്ട് ഇക്കാര്യത്തിൽ സജീവ ജാഗ്രത വേണമെന്നും എം.എ. ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.